ദോഹ: അങ്ങ് ബ്യൂണസ് ഐറിസ് മുതൽ കേരളം വരെയുള്ള ഓരോ അർജന്റീന ആരാധകരും നീല ജഴ്‌സിയണിഞ്ഞ് കാത്തിരുന്നത് ലോകകപ്പിൽ മെസിയും സംഘവും വിജയത്തോടെ തുടക്കമിടുന്നതിന് കാണാനാണ്. എന്നാൽ കഴിഞ്ഞ 36 മത്സരങ്ങളിൽ തോൽവിയറിയാതെ മുന്നേറിയ അർജന്റീനയുടെ സൗദിക്കെതിരായ മത്സരത്തിൽ പരാജയപ്പെട്ടത് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്.

ആദ്യ മത്സരത്തിനിറങ്ങും മുമ്പ് ആരാധകരുടെ പ്രധാന സംശയം ഇന്ന് എത്ര ഗോളിന് ജയിക്കുമെന്നത് മാത്രമായിരുന്നു. പലരും 3-0, 4-0 എന്നെല്ലാം പ്രവചിച്ചപ്പോൾ കടുത്ത സൗദി ആരാധകരുടെ സ്വപ്നത്തിൽ പോലും ഇത്തരമൊരു വിജയം ഉണ്ടായിരുന്നില്ല.

ലുസെയ്ൽ സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് അർജന്റീന സൗദി അറേബ്യയോടു തോറ്റത്. ഫിഫ റാങ്കിങ്ങിൽ 51ാം സ്ഥാനക്കാരായ സൗദിയോട്, മൂന്നാം സ്ഥാനക്കാരായ മെസ്സിയും സംഘവും തോറ്റത് ആരാധകർക്ക് ഇതുവരെ വിശ്വസിക്കാനായിട്ടില്ല.

ആദ്യ പകുതിയിൽ മൂന്ന് ഗോളടിച്ചിട്ടും മൂന്നും ഓഫ് സൈഡ് കെണിയിൽ കുരുങ്ങി നഷ്ടമായ അർജന്റീന നായകൻ ലയണൽ മെസിയുടെ പെനൽറ്റി ഗോളിൽ മുന്നിലെത്തുന്നു. ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിലെത്തിയ അർജന്റീന രണ്ടാം പകുതിയിൽ എത്ര ഗോളടിക്കുമെന്നതായിരുന്നു പിന്നീട് ഇടവേളയിലെ ചർച്ച.

48ാം മിനിറ്റിൽ അർജന്റീനയുടെ പ്രതിരോധപ്പിഴവിൽ നിന്ന് സാലെഹ് അൽഷെഹ്രി സൗദിക്ക് സമനില സമ്മാനിക്കുന്നു. ഗോളടിച്ച ആവേശത്തിൽ അലമാലപോലെ സൗദി ആക്രമിച്ചു കയറിയതോടെ പരിഭ്രാന്തരായ അർജന്റീന പ്രതിരോധത്തെ കാഴ്ചക്കാരാക്കി സാലേം അൽദ്വസാരി അർജന്റീനയുടെ ഹൃദയം തുളച്ച് രണ്ടാം ഗോളും നേടുന്നു. സൗദി ലീഡെടുത്തപ്പോഴു അർജന്റീന ആരാധകരോ കടുത്ത സൗദി ആരാധകരോ അട്ടിമറി ജയത്തെക്കുറിച്ച് ചിന്തിച്ചിരുന്നില്ല.

കാരണം 53-ാം മിനിറ്റിലായിരുന്നു സൗദിയുടെ രണ്ടാം ഗോൾ പിറന്നത്. പിന്നീട് പകുതി സമയം കളി ബാക്കിയുണ്ടായിരുന്നു. എന്നാൽ രണ്ടാം ഗോൾ നേടിയതോടെ പ്രതിരോധത്തിലേക്ക് വലിഞ്ഞ് കുറിയ പാസുകളുമായി മുന്നേറാൻ ശ്രമിച്ച അർജന്റീന താരങ്ങളെ ശാരീരികമായും തന്ത്രപരമായും നേരിട്ട് സൗദി ഒടുവിൽ ചരിത്രജയവുമായി ഗ്രൗണ്ട് വിട്ടു.

ഇതിനിടെ, ലോകകപ്പ് വേദിയിൽനിന്നുള്ള ഒരു അർജന്റീന ആരാധകന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. മത്സരത്തിൽ അർജന്റീന തോൽവി ഉറപ്പിച്ചതോടെ, സൗദി ആരാധകനുമായി ജഴ്‌സി വച്ചുമാറുന്ന വിഡിയോയാണ് വൈറലായത്. അർജന്റീന ജഴ്‌സിയൂരി സൗദി ആരാധകന് നൽകുന്ന ഇയാൾ, സൗദി ജഴ്‌സി വാങ്ങി ധരിക്കുന്നതാണ് വിഡിയോയിൽ. തുടർന്ന് സ്റ്റേഡിയത്തിലെ സൗദി ആരാധകരുടെ വിജയാഘോഷത്തിൽ പങ്കെടുക്കുന്നതും വിഡിയോയിൽ കാണാം.