- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
ഫ്രാൻസിൽ ജനിച്ച് ബോട്ടം ലീഗിൽ പോലും ക്ലിക്കാവാതെ പുറത്തായപ്പോൾ ചൈനയിലും വിയറ്റ്നാമിലും കോച്ചായി; കേംബ്രിഡ്ജിനെ പരിശീലിപ്പിച്ച് തോൽപ്പിച്ചതിനു പുറത്തായി; സാംബിയയേയും ഐവറി കോസ്റ്റിനേയും വളർത്തി പേരെടുത്തു; അർജന്റീനയെ തകർത്ത് ലോക കപ്പിലെ ആദ്യ വമ്പൻ അട്ടിമറി; സൗദി കോച്ച് ഹെർവെ റെണാർഡിന്റെ കഥ
ലോകമാകമാനമുള്ള ഫുട്ബോൾ പ്രേമികൾ ഞെട്ടലോടെയാണ് അർജന്റീനയുടെ പരാജയം സ്വീകരിച്ചത്. ലോകകപ്പ് നേടുമെന്ന് പ്രവചിക്കപ്പെട്ടിരിക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് അർജന്റീന. മെസ്സി എന്ന സൂപ്പർ താരത്തിന്റെ തിളക്കവും ലാറ്റിൻ അമേരിക്കൻ ഫുട്ബോളിന്റെ കരുത്താവാഹിച്ച പ്രഗല്ഭരായ മറ്റു കളിക്കാരും അണിനിരന്ന അർജന്റീന ആദ്യ ലീഗ് മത്സരത്തിൽ പരാജയമടഞ്ഞത് ഇനിയും അർജന്റീന ഫാൻസുകാർക്ക് ദഹിച്ചിട്ടില്ല. ലോക ഫുട്ബോളിൽ കാര്യമായ ശക്തിയൊന്നുമല്ലാത്ത സൗദി അറേബ്യയോടായിരുന്നു പരാജയം എന്നത്, അതിന്റെ ആക്കം വർദ്ധിപ്പിക്കുകയും ചെയ്തു.
സൗദിയുടെ തിളക്കമാർന്ന വിജയത്തിനു പിന്നിലെ ശില്പി മാനേജർ ഹെർവെ റെണാർഡ് തന്നെ എന്നതിൽ ആർക്കും സംശയമില്ല. 2013-ൽ ആദ്യ റൗണ്ട് മത്സരത്തിൽ ഫ്രൻസിനെതിരെ സെനെഗലിനെ ഉജ്ജ്വല വിജയത്തിലേക്ക് നയിച്ച സെനഗൽ കോച്ച് ബ്രൂണോ മെറ്റ്സുവിനേയായിരുന്നു ഫുട്ബോൾ പ്രേമികൾ ഈ ചരിത്ര മുഹൂർത്തത്തിൽ ഓർത്തത്. 2013- ൽ കാൻസർ ബാധിതനായതിനെ തുടർന്ന് മരണമടഞ്ഞ ബ്രൂണോയുടെ വിധവയാണ് ഇപ്പോൾ ഹെർവെ റെണാർഡിന്റെ കാമുകി എന്നത് ഒരുപക്ഷെ തികച്ചും യാദേശ്ചികം മാത്രമായിരിക്കാം.
മെറ്റ്സുവിന്റെ മരണശേഷം, ഹെർവെ മോറോക്കോയുടെ മാനേജർ ആയിരിക്കുന്ന സമയത്താണ് അദ്ദേഹം വിവിയാനെ ഡിയേയുമായി കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും. ഇരുവരും ഉടൻ തന്നെ വിവാഹിതരാകും എന്നാണ് കേൾക്കുന്നത്. ഫ്രാൻസിൽ ജനിച്ച റെണാർഡ് ഏറ്റവും ശ്രദ്ധേയനാകുന്നത് എപ്പോഴും വെളുത്ത ഷർട്ട് ധരിക്കുന്നത് വഴിയാണ്. തന്റെ ഭാഗ്യമാണ് വെളുത്ത ഷർട്ട് എന്നാണ് അദ്ദേഹത്തിന്റെ പക്ഷം.
അദ്ദേഹത്തിന്റെ തന്നെ അഭിപ്രായത്തിൽ ഒരു ശരാശരി കളിക്കാരൻ മാത്രമായിരുന്നു അദ്ദേഹം. ഫ്രഞ്ച് ലീഗിന്റെ താഴെക്കിടയിലുള്ള മത്സരങ്ങളിൽ പങ്കെടുത്തു വന്നിരുന്ന അദ്ദേഹത്തിന് മുട്ടിനു സംഭവിച്ച ഒരു പരിക്കോടെ 1998-ൽ കളിക്കളം വിടേണ്ടി വന്നു. പിന്നീട് എസ് സി ഗിഗാനിൽ പരിശീലകനായി അദ്ദേഹം തന്റെ പുതിയ കരിയർ ആരംഭിക്കുകയായിരുന്നു. വൈകുന്നേരങ്ങളിൽ പരിശീലകന്റെ വേഷമണിയുന്നതിനായി അതി രാവിലെ 2.30 ന് എഴുന്നേറ്റ് ഓഫീസ് ക്ലീനറുടെ ജോലി ചെയ്യുമായിരുന്നു അദ്ദേഹം.
അതിനിടയിൽ അദ്ദേഹം സ്വന്തമായി ഒരു ഇൻഡസ്ട്രിയൽ ക്ലീനിങ് കമ്പനി ആരംഭിച്ചെങ്കിലും ഫുട്ബോളിനോടുള്ള കമ്പം കുറഞ്ഞില്ല. ചൈനയിലും വിയറ്റ്നാമിലും പരിശീലകനായ ചെറിയ ഇടവേളക്ക് ശേഷം യു കെയിൽ കേംബ്രിഡ്ജ് യുണൈറ്റ്ഡിന്റെ മാനേജറായി 2004-ൽ നിയമിതനായി. പക്ഷെ ഏതാനും മാസങ്ങൾ മാത്രമായിരുന്നു അത് നീണ്ടു നിന്നത്. കേംബ്രിഡ്ജ് ഫുട്ബോൾ ലീഗിൽ നിന്നും പുറത്തായതോടെ ആ ജോലിയും അവസാനിച്ചു.
എന്നാൽ, 2010 ഓടെ അദ്ദേഹത്തിന്റെ കാലം തെളിയുകയായിരുന്നു. ഏഷ്യയിലെയും ആഫ്രിക്കയിലെയും വിവിധ രാജ്യങ്ങളുടെ ടീമുകളുടെ പരിശീലകനായി പ്രവർത്തിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. 2012-ൽ സാംബിയയേയും 2015-ൽ ഐവറി കോസ്റ്റിനേയും ആഫ്രിക്കൻ കപ്പിൽ വിജയപീഠത്തിലെത്താൻ സഹായിച്ചതോടെ അദ്ദേഹത്തിന് ആവശ്യക്കാർ ഏറുകയായിരുന്നു. പിന്നീട് മൊറോക്കൻ ടീമിന്റെ പരിശീലകനായി ചേർന്നെങ്കിലും അധികകാലം അവിടെ തുടരാനായില്ല. മൂന്ന് വർഷം മുൻപാണ് അദ്ദേഹം സൗദി അറേബ്യയുടെ പരിശീലകനായി ചേരുന്നത്.
ഈ ലോകകപ്പിൽ പങ്കെടുക്കുന്ന ടീമുകളിൽ ഏറ്റവും താഴ്ന്ന റാങ്കിലുള്ള രണ്ടാമത്തെ ടീമായിരുന്നു സൗദി. 2019ലാാണ് റെണാർഡ് സൗദി അറേബ്യ ഫുട്‌ബോൾ ടീമിന്റെ മാനേജർ സ്ഥാനം ഏറ്റെടുക്കുന്നത്. മൂന്ന് വർഷത്തിന് ശേഷം റാങ്കിങ്ങിൽ വലിയ മുന്നേറ്റമാണ് സൗദി നടത്തിയത്. ഫിഫ ലോക റാങ്കിംഗിൽ 70-ൽ നിന്ന് 51-ാം സ്ഥാനത്തേക്ക് ടീം ഉയർന്നു. അർജന്റീനയ്ക്കെതിരായ തകർപ്പൻ വിജയത്തിന് മുമ്പ് ലോകകപ്പ് ചരിത്രത്തിൽ മൂന്നേ മൂന്ന് വിജയങ്ങൾ മാത്രമായിരുന്നു സൗദിയുടെ അക്കൗണ്ടിൽ.
ഫ്രാൻസായിരുന്നു റെണാർഡിന്റെ തട്ടകം. എസ്ജി ഡ്രാഗ്വിഗ്‌നനിലാണ് പരിശീലനകാലം ആരംഭിക്കുന്നത്. പിന്നീട് അദ്ദേഹം ഇംഗ്ലണ്ടിലേക്ക് മാറി. കേംബ്രിഡ്ജ് യുണൈറ്റഡിന്റെ മാനേജരായിരുന്ന ക്ലോഡ് ലെ റോയിയുടെ സഹായിയായാണ് ഇംഗ്ലണ്ടിൽ കരിയർ ആരംഭിക്കുന്നത്. 2004ൽ, ലെ റോയ് ആഫ്രിക്കയിലേക്ക് പോയതിനുശേഷം, റെനാർഡ് മാനേജരായി ചുമതലയേറ്റു. പിന്നീട് വിയറ്റ്‌നാമിലെത്തി നാം ഡിന്നിന്റെ പരിശീലകനായി. എന്നാൽ തൊട്ടുപിന്നാലെ എഎസ് ചെർബർഗിനെ പരിശീലിപ്പിക്കാൻ ഫ്രാൻസിലേക്ക് മടങ്ങി.
പരിശീലകനെന്ന നിലയിൽ ആഫ്രിക്കയിലായിരുന്നു വിജയകാലം. 2012ൽ സാംബിയയെയും 2016ൽ ഐവറി കോസ്റ്റിനെയും ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് ചാമ്പ്യന്മാരാക്കി. 2016-ൽ മൊറോക്കോ ടീമിന്റെ പരിശീലകനായതോടെ ആഫ്രിക്കയിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന മാനേജരായി. 2018 ൽ അദ്ദേഹം മൊറോക്കോയെ റഷ്യൻ ലോകകപ്പിന് യോഗ്യരാക്കി.
1998 ന് ശേഷം ആദ്യമായാണ് മൊറോക്കോ 2018ൽ യോഗ്യത നേടുന്നത്. മൊറോക്കോയുമായുള്ള മൂന്ന് വർഷത്തെ സേവനത്തിന് ശേഷം റെനാർഡ് സൗദി അറേബ്യൻ ടീമിനൊപ്പം ചേർന്നത്.
മറുനാടന് മലയാളി ബ്യൂറോ