- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടുന്നത് ഏഴു മാസം ബാക്കിയുള്ളപ്പോൾ ലക്ഷങ്ങൾ നഷ്ടം വരുത്തി; ക്ലബിനെ തള്ളിപ്പറഞ്ഞ് നഷ്ടപരിഹാരം ഇല്ലാതെ പടിയിറങ്ങി; ലോകത്തെ ഏറ്റവും സമ്പന്നമായ ഫുട്ബോൾ ക്ലബ്ബ് വിൽപ്പനയ്ക്കും
ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടതായി സ്ഥിരീകരണം ലഭിച്ചു. ഉഭയകക്ഷി സമ്മത പ്രകാരമായിരുന്നു വിടവാങ്ങലെങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡ് റൊണാൾഡോവിന് നഷ്ടപരിഹാരം ഒന്നും നൽകിയില്ല എന്നാണ് സ്പോർട്സ് മെയിൽ റിപ്പോർട്ട് ചെയ്യുന്നത്. പ്രതിവാരം 5 ലക്ഷം പൗണ്ട് നൽകുന്ന കരാറിൽ ഇനിയും ഏഴു മാസം കൂടി ബാക്കി നിൽക്കവെയാണ് ഈ ഫുട്ബോൾ ഇതിഹാസം ക്ലബ്ബിനോട് വിടപറയുന്നത്. ഇന്നലെയായിരുന്നു റൊണാൾഡോയുടെ വിടവാങ്ങൽ ക്ലബ്ബ് സ്ഥിരീകരിച്ചത്.
പിയേഴ്സ് മോർഗനുമായി നടത്തിയ അഭിമുഖ സംഭാഷണം കഴിഞ്ഞയാഴ്‌ച്ച പ്രക്ഷേപണം ചെയ്തതോടെ റൊണാൾഡോവിന് പുറത്തേക്കുള്ള വഴി ഒരുങ്ങുകയായിരുന്നു. മാഞ്ചസ്റ്ററിനെയു മാഞ്ചസ്റ്റർ ആരാധാകരേയും ഏറെ ഇഷ്ടപ്പെടുന്ന താൻ ഇനിയും അത് തുടരുമെന്നും എന്നാൽ, പുതിയ വെല്ലുവിളികൾ ഏറ്റെടുക്കേണ്ടതുണ്ട് എന്നുമായിരുന്നു താരം തന്റെ പ്രസ്താവനയിൽ കുറിച്ചത്. ടീമിന് ഭാവിയിലേക്ക് എല്ലാ ഭാവുകങ്ങൾ നേരുകയും ചെയ്തിട്ടുണ്ട്. വിവാദ അഭിമുഖത്തിൽ ക്ലബ്ബിനെതിരെയും മാനേജർ എറിക് ടെൻ ഹാഗിനെതിരെയും കടുത്ത വിമർശനങ്ങൾ ഉന്നയിച്ചതോടെ ഈ വിടവാങ്ങൽ ഏതാണ്ട് ഉറപ്പായിരുന്നു.
വിമർശനങ്ങളെ ഗൗരവമായി കണ്ട ക്ലബ് റൊണാൾഡോയെ എത്രയും പെട്ടെന്ന് ഒഴിവാക്കാനായിരുന്നു ആഗ്രഹിച്ചത്. അതുപോലെ വെറും നാലു ദിവസം കൊണ്ടു തന്നെ അവർ താരത്തിന് ക്ലബ്ബിനു പുറത്തേക്കുള്ള വഴി കാണിച്ചു കൊടുത്തു. ബേറെൻ മ്യുണിക്കിന്റെ പ്രതിനിധികൾ റൊണാൾഡോവിനെ കഴിഞ്ഞയാഴ്‌ച്ച സന്ദർശിച്ചതായി ചില റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. അതുപോലെ റൊണാൾഡോ തന്റെ ക്ലബ്ബ് ഫുട്ബോൾ ആരംഭിച്ച സ്പോർട്ടിങ് ലിസ്‌ബണും അദ്ദേഹത്തെ കൂടെ കൂട്ടുന്നതിൽ താത്പര്യമുണ്ട്.
റൊണാൾഡോ പുറത്തുപോയ വാർത്ത സ്ഥിരീകരിക്കപ്പെട്ടതിനു പിന്നാലെ, മാഞ്ചസ്റ്റർ യുണൈറ്റഡ് വിൽപനക്ക് ഒരുങ്ങുന്നു എന്ന വാർത്തയും പുറത്തു വരുന്നു. 5 ബില്യൺ പൗണ്ടിലധികം വരുന്ന വാഗ്ദാനങ്ങൾ പരിഗണിക്കും എന്നാണ് ക്ലബ്ബ് ഉടമകളായ ഗ്ലേസർ കുടുംബം പറയുന്നത്. ഇന്നലെ രാത്രി 9.30 ന് പുറത്തുവിട്ട പ്രസ്ഥാവനയിലാണ് ലോകത്തെ ഏറ്റവും വലിയ ക്ലബ്ബ് വിൽപനക്ക് എന്ന കാര്യം പുറത്തുവിട്ടത്.
വിൽപന പ്രക്രിയയ്ക്ക് മേൽനോട്ടം വഹിക്കാൻ റൈയ്നീ ഗ്രൂപ്പിനേയും റോത്ത്ഷിൽഡ് ആൻഡ് കമ്പനിയേയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ഭാവിയിലെ വികസനത്തിനായുള്ള പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത് എന്ന് വ്യക്തമാക്കിയ ക്ലബ്ബ് അതിനായി, പുതിയ നിക്ഷേപങ്ങൾ സ്വീകരിക്കുക, വിൽപന, മറ്റ് ഇടപാടുകൾ എന്നിവ പരിഗണിക്കുമെന്നും ക്ലബ്ബ് വ്യക്തമാക്കി. ആഗോളാടിസ്ഥാനത്തിൽ ഉള്ള 1.1 ബില്യൺ ആരാധകരുടെയും ഫോളോവേഴ്സിന്റെയും സ്നേഹവും ആത്മാർത്ഥതയുമാണ് ക്ലബ്ബിന്റെ എക്കാലത്തെയും ശക്തി എന്ന് ചെയർമാന്മരായ ആവ്രം ഗ്ലേസറും, ജോയൽ ഗ്ലേസറും പറയുന്നു.
2005 മുതൽ ക്ലബ്ബ് ഗ്ലേസർ കുടുംബത്തിന്റെ ഉടമസ്ഥതയിലാണ്. ക്ലബ്ബിനെ നഷ്ടത്തിലാക്കിയ ചില പർച്ചേസുകളുടെ പേരിൽ ഇവർ ഏറെ വിമർശനങ്ങൾക്ക് വിധേയരായിരുന്നു. 5 ബില്യൺ പൗണ്ടിന് മുകളിൽ, ഒരുപക്ഷെ 9 ബില്യൺ പൗണ്ട് വരെയുള്ള തുക ലഭിച്ചാൽ ഇവർ ക്ലബ്ബ് വിറ്റഴിക്കും എന്നുതന്നെയാണ് റിപ്പോർട്ടുകൾ പറയുന്നത്.
മറുനാടന് മലയാളി ബ്യൂറോ