'ക്ഷീരമുള്ളോരകിടിൽ ചുവട്ടിലും ചോരതന്നെ കൊതുകിന്ന് കൗതുകം' എന്ന് പറഞ്ഞതുപോലെയാണ് കേരളത്തിലെ ഒരു വിഭാഗം ഇസ്ലാമിസ്റ്റുകൾ. റഫീക്ക് സലഫിയെപ്പോലുള്ള തീവ്ര മുജാഹിദ് പണ്ഡിതർ, തുട പ്രദർശിപ്പിക്കുന്ന ഫുട്ബോൾ കളി നിസ്ലാമികമാണെന്ന് പറയുകയും, ഇത്തരക്കാരുടെ ഫ്ളക്സ് വെക്കുന്നവർപോലും ശിക്ഷക്കപ്പെടും എന്നാണ് പറയുന്നത്. എന്നാൽ എന്തിലും ഇസ്ലാമിന്റെ മഹത്വം കാണിച്ച് സോഷ്യൽ മീഡിയയിൽ വെളുപ്പിക്കാൻ ഇറങ്ങുന്ന നവാസ് ജാനെയെപ്പോലുള്ള മറുവിഭാഗമുണ്ട്. അവർ ഖത്തർ ലോകകപ്പിനെ ലോകത്തിനുമുന്നിൽ ഇസ്ലാമിനെ വ്യാപിപ്പിക്കാനുള്ള അവസരം ആയിട്ടാണ് കരുതുന്നത്. ആഗോള വ്യാപകമായി ചില ഇസ്ലാമിക ഇവാഞ്ചലിസ്റ്റുകളും ഇങ്ങനെ ചെയ്യുന്നുണ്ട്. യൂറോപ്യൻ മാധ്യമങ്ങൾ ഇസ്ലാമോ ഫോബിയ പരത്തുന്നവർ ആണെന്നും, ഖത്തറിനെതിരെ ദൂഷ് പ്രചാരണം അങ്ങനെ വരുന്നതാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

റൈറ്റ് തിങ്കേഴ്സ് ഗ്രൂപ്പിന്റെ അഡ്‌മിനും സോഷ്യൽ മീഡിയയിലെ ഇസ്ലാമിക മുഖവുമായ നവാസ് ജാനയെുടെ പേരിൽ പ്രചരിക്കുന്ന ഒരു പോസ്റ്റ് ഇങ്ങനെയാണ്. ''558 ഫുട്ബോൾ ഫാൻസ്, കഴിഞ്ഞ ആഴ്ചമാത്രം, ഖത്തറിൽവെച്ച് ഇസ്ലാം സ്വീകരിച്ചു. 220 ബില്യൺ വെൽ സ്പെന്റ്''- എന്നാണ് നവാസ് ജാനെ തന്റെ പോസ്റ്റിൽ പറയുന്നത്. അതായത് ഖത്തർ ലോകകപ്പിനായി പണം ചെലവഴിക്കുന്നത് ഇസ്ലാമിക പ്രചാരത്തിന് കൂടിവേണ്ടിയാണെ് പച്ചക്ക് പറയുകയാണ് ഇദ്ദേഹം.

അതുപോലെ തന്നെ കഴിഞ്ഞ ദിവസം, മുൻലോക ചാമ്പ്യന്മാരും, ടൂർണമെന്റിലെ ഫേവറേറ്റുകളുമായ അർജന്റീനയെ സൗദി അറേബ്യ തോൽപ്പിച്ചതോടെ ഈ പ്രചാരണം വ്യാപകമായിരിക്കയാണ്. ഇസ്ലാമിസ്റ്റുകളെ പരിഹസിച്ചുകൊണ്ട് ചിലർ ഇറക്കിയ ട്രോളുകൾപോലും സത്യമാണെന്ന് കരുതി, ഫാമലി വാട്സാപ്പ് ഗ്രൂപ്പുകളിൽവരെ പ്രചരിക്കയാണ്. സൗദിയുടെ ജയത്തോടെ അള്ളാഹുവിന്റെ ശക്തി അവർക്ക് മനസ്സിലായയെന്നും, ഈ കളികണ്ട് നൂറുകണക്കിന് ആളുകൾ ഇസ്ലാം സ്വീകരിച്ചു എന്ന് പറയുന്നത് വെറും ട്രോൾ ആണെന്ന് അറിയാതെയാണ് ഇസ്ലാമിക ഗ്രൂപ്പുകളിൽ പ്രചരിക്കുന്നത്!പക്ഷേ ഇത് യഥാർഥ ഇസ്ലാമിന്റെ ശക്തി തന്നെയാണെന്ന് പറഞ്ഞ്, ചില ഇസ്ലാമിക ഗ്രൂപ്പുകളും രംഗത്തുണ്ട്.

എന്നാൽ ഇത്് ഇസ്ലാമിന്റെ വിജയം അല്ല, സൗദി അനുദിനം ആധുനികവത്ക്കരണത്തിലേക്ക് പോകുന്നതുകൊണ്ടാണെന്നും നവമാധ്യമങ്ങളിൽ സ്വതന്ത്രചിന്തകർ ചൂണ്ടിക്കാട്ടുന്നു. പ്രഭാഷകനും സ്വതന്ത്രചിന്തകനുമായ ആരിഫ് ഹുസൈൻ ഇങ്ങനെ പറയുന്നു. '' യഥാർഥ ഇസ്ലാം അനുസരിച്ചയാണെങ്കിൽ ഔറത്ത് മറയ്ക്കാത്ത, ഫുട്ബോൾ കളിപോലും അനുവദനീയമല്ല. സൗദിയുടെ ജയം ഇസ്ലാമിന്റെ ജയമല്ല. നിരന്തരമായ ആധുനികവത്ക്കരണത്തിന്റെ ജയമാണ്. കഴിഞ്ഞ എത്രയോ വർഷമായി ആ രാജ്യം നിരന്തരമായ പരിഷ്‌ക്കരണങ്ങളിലൂടെ കടന്നുപോവുകയാണ്. മികച്ച കോച്ചുകളെയും മികച്ച ഗ്രൗണ്ടുകളുമൊക്കെ സൃഷ്ടിച്ചതിന്റെ ഫലമാണ്. അല്ലാതെ ഇസ്ലാം പിന്തുടർന്നതുകൊണ്ടല്ല''- ആരിഫ് ചൂണ്ടിക്കാട്ടുന്നു.

ഖുർആനാണ് മറുപടിയെന്ന് ചന്ദ്രികയും

അതുപോലെ തന്നെ ലോകകപ്പ് ഉദ്ഘാടനവേദിയിൽ ആദ്യമായി ഖുർആൻ കടന്നുവന്നതൊക്കെപ്പറഞ്ഞ്, മതത്തെ നന്നായി വെളുപ്പിച്ച് എടുക്കയാണ്, മലയാളത്തിലെ സ്പോർടസ് ജേർണലിസ്റ്റുകൾ അടക്കം ചിലർ ചെയ്യുന്നത്. മുസ്ലിം ലീഗിന്റെ മുഖപത്രമായ ചന്ദ്രികയിൽ ന്യൂസ് എഡിറ്റർ കമാൽ വരദൂർ, ലോകപ്പ് ഉദ്ഘാടന ചടങ്ങ് റിപ്പോർട്ട് ചെയ്ത് എഴുതിയത് ഖുർആനാണ് മറുപടിയെന്ന് ലോകത്തിന് മനസ്സിലായി എന്നാണ്. ലോകകപ്പ് ഉദ്ഘാടന വേദിയിൽ നടൻ മോർഗൻ ഫ്രീമാനും, ഗാനിം അൽ മുഫ്താഹ് എന്ന ഖത്തറിയും തമ്മിലുള്ള സംഭാഷണം ഇത് തെളിയിക്കുന്നുവെന്ന് പറഞ്ഞാണ് അദ്ദേഹം വിശദമായി എഴുതുന്നത്. എന്നാൽ ഈ കുറിപ്പ് കോപ്പിയടിയുടെ പേരിൽ വിവാദമായി. റഷീദ് പള്ളിപ്രം എന്ന സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റ് എഴുതുന്നത് താൻ എഴുതിയ കുറിപ്പ് കമാൽ പദാനുപദമായി മോഷ്ടിച്ചുവെന്നയാണ്. ജഷീദിന്റെ കുറിപ്പും, കമാലിന്റെ ലേഖനവും വായിക്കുന്നവർക്ക് മോഷണം വ്യക്തമാവുകയും ചെയ്യും. ഇതോടെ എന്തിനാണ് ഇത്തരം തറ നമ്പറുകൾ എടുക്കുന്നത് എന്ന് ചോദിച്ച് സോഷ്യൽ മീഡിയ കമാലിന് എതിരെ തിരിഞ്ഞിരിക്കയാണ്.

കമാൽ വരദൂരിന്റെ ഖുർആനാണ് മറുപടി എന്ന ചന്ദ്രിക ലേഖനത്തിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്. ''ഖത്തർ ലോകത്തിന് നൽകുന്നത് നല്ല മറുപടികളാണ്. ഞായറാഴ്ചയിലെ ലോകകപ്പ് ഉദ്ഘാടന വേദി തന്നെ മികച്ച ഉദാഹരണം. ഉദ്ഘാടന വേദിയിൽ മോർഗൻ ഫ്രീമാൻ എന്ന കലാകാരനായ യൂറോപ്യനും ഗാനിം അൽ മുഫ്താഹ് എന്ന ഖത്തറിയും തമ്മിലുള്ള സംഭാഷണം ശ്രവിച്ചവർക്ക് ഒരു രാജ്യത്തിന്റെ ദൃഢനിശ്ചയം കൃതൃമായി മനസിലാക്കാം. ഇതായിരുന്നു ആ രംഗം: അൽ ബൈത്ത് സ്റ്റേഡിയത്തിലെ നിറഞ്ഞ ഗ്യാലറിക്ക് മുന്നിൽ മോർഗൻ ഫ്രീമൻ സ്റ്റേജിലേക്ക് കടന്നു വരുന്നു. സ്റ്റേജിലുണ്ടായ ഗാനിം അൽ മുഫ്താഹ് ഹൃദ്യമായി മോർഗനെ വേദിയിലേക്ക് സ്വാഗതം ചെയ്യുന്നു. കൈയടികളുമായി ഖത്തർ അമീർ ഷെയിക് തമീം ബിൻ ഖലീഫാ അൽത്താനിയും ഫിഫ തലവൻ ജിയോവനി ഇൻഫാൻഡിനോയുമെല്ലാം.

ഫ്രീമാനും ഗാനിയും അവർ പരസ്പരം നടന്നടുക്കുന്നു. ഗാനിമിന്റെ അടുത്തെത്തിയ മോർഗൻ ഫ്രീമാൻ പതിയെ നിലത്തിരുന്നു. ആറടി രണ്ടിഞ്ച് ഉയരമുള്ള മോർഗൻ ഫ്രീമാനും എഴുന്നേറ്റ് നിൽക്കുന്ന ഗാനിം അൽ മുഫ്താഹിനും ഒരേ ഉയരമായിരുന്നു. മോർഗൻ ഫ്രീമാൻ ചോദിച്ചു: ' ഒരു വഴി മാത്രം അംഗീകരിച്ചാൽ എങ്ങനെയാണ് ഈ ലോകത്തിലെ എല്ലാ രാജ്യങ്ങളും ഭാഷകളും സംസ്‌കാരങ്ങളും ഒന്നിക്കുന്നത് ' ഗാനിം അൽ മുഫ്താഹ് മറുപടിയായി വിശുദ്ധ ഖുർആൻ പാരായണം ചെയ്യുന്നു. ' ഹേ; മനുഷ്യരേ, തീർച്ചയായും നിങ്ങളെ നാം ഒരു ആണിൽ നിന്നും ഒരു പെണ്ണിൽ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങൾ അന്യോന്യം അറിയേണ്ടതിന് നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീർച്ചയായും അല്ലാഹുവിന്റെ അടുത്ത് നിങ്ങളിൽ ഏറ്റവും ആദരണീയൻ നിങ്ങളിൽ ഏറ്റവും ധർമനിഷ്ഠ പാലിക്കുന്നവനാകുന്നു. തീർച്ചയായും അല്ലാഹു സർവജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു.'

ഗാനിം അൽ മുഫ്താഹ് തുടർന്നു: ' നമ്മൾ ഈ ഭൂമിയിൽ രാഷ്ട്രങ്ങളായും ഗോത്രങ്ങളായും ചിതറിക്കിടക്കുകയണെന്ന് നമുക്കറിയാം. അതുകൊണ്ട് നമുക്ക് പരസ്പരം പഠിക്കാനും വൈവിധ്യങ്ങളുടെ സൗന്ദര്യം കണ്ടെത്താനും കഴിയും. ' മോർഗൻ ഫ്രീമാൻ ചോദിച്ചു:' അതേ.. എനിക്കത് ഇവിടെ കാണാൻ കഴിയുന്നുണ്ട്. ഈ നിമിഷത്തിൽ നമ്മെ ഇവിടെ ഒന്നിപ്പിക്കുന്നത് നമ്മെ ഭിന്നിപ്പിക്കുന്നതിനേക്കാൾ വളരെ വലുതാണ്. ഇന്നത്തേതിലും കൂടുതൽ കാലം നമുക്കത് എങ്ങനെയാണ് നിലനിറുത്താൻ കഴിയുക ? '

ഗാനിം അൽ മുഫ്താഹ് പറഞ്ഞു: ' സഹിഷ്ണുതയോടും ബഹുമാനത്തോടും കൂടി നമുക്ക് കഴിയാം. നമ്മൾ ഒരു വലിയ വീടിനുള്ളിലാണുള്ളത്. ആ വീടെന്നാൽ അതെവിടെ നിർമ്മിക്കുന്നോ അതാണ് ഞങ്ങളുടെ വീട്. അവിടെ നമുക്കൊന്നിച്ചു ജീവിക്കാം. നിങ്ങളെ ഇവിടെ വിളിക്കുമ്പോൾ ഞങ്ങൾ നിങ്ങളെ ക്ഷണിക്കുന്നത് ഞങ്ങളുടെ വീട്ടിലേക്കാണ്. ' മോർഗൻ ഫ്രീമാൻ : ' അതായത് നമ്മൾ ഒരു വലിയഗോത്രമായാണ് ഇവിടെ ഒത്തുകൂടിയിരിക്കുന്നത്. നമ്മൾ എല്ലാവരും താമസിക്കുന്ന കൂടാരമാണ് ഈ ഭൂമി 'ഗാനിം അൽ മുഫ്താഹ് :' അതെ, നമുക്കൊരുമിച്ച് നിന്നുകൊണ്ട് ഈ ലോകം മുഴുവൻ ഒന്നായി ചേരാൻ ആഹ്വാനം ചെയ്യാം.' മോർഗൻ ഫ്രീമാൻ എഴുന്നേറ്റ് നിന്ന് കൈകൾ നീട്ടി...ഗാനിം അൽ മുഫ്താഹും മോർഗന് നേരെ കൈകൾ നീട്ടി. ഒരു നിമിഷം കണ്ണുകളടക്കുക. ആ രംഗം മനസ്സിലിട്ടാവർത്തിച്ച് കാണുക. അവരുടെ സംഭാഷണം പിന്നെയും കേൾക്കുക.

എന്തൊരു സൗന്ദര്യമാണ് ആ രംഗം. എത്ര മനോഹരമായാണ് അവർ രാഷ്ട്രീയം സംസാരിച്ചത്. ഖത്തർ സ്വന്തം ശത്രുകൾക്ക് മനോഹരമായാണ് മറുപടി നൽകിയത്. എന്തിന് വെറുതെ വർഗവും വർണവും പറയുന്നു. ഖുർആൻ സുക്തങ്ങളിലൂടെ ഖത്തർ മാനവിക ഐക്യം ഉദ്‌ഘോഷിച്ചപ്പോൾ ഗ്യാലറിയിൽ പലരും വിതുമ്പുകയായിരുന്നു. ഈ ലോകത്തിന്റെ സൗന്ദര്യം വൈവിധ്യങ്ങളാണെന്നും ആ വൈവിധ്യങ്ങളെ പരസ്പരം ബഹുമാനിക്കലാണ് മാനവികതയെന്നും പറഞ്ഞുവെക്കുന്ന ഒരു വേദി ഫുട്‌ബോൾ ലോകകപ്പ് ചരിത്രത്തിൽ ആദ്യമായിരിക്കും. തീർച്ചയായും എന്റെ അനുഭവത്തിൽ ആദ്യമാണ്. മീഡിയ ഗ്യാലറിയിൽ ഞങ്ങൾക്ക് ഇരിപ്പിടം മാത്രമായിരുന്നു. യൂറോപ്യൻ മാധ്യമ പ്രവർത്തകർക്ക് സംഘാടകർ ഇരിപ്പിടത്തിനൊപ്പം ഡെസ്‌കും നൽകി. ആ ഡെസ്‌കിൽ കൈകൾ വെച്ച് എന്താണ് ഖുർആനിലുടെ ഖത്തർ പറയുന്നത് എന്ന് മനസിലാവാതെ ഇംഗ്ലണ്ടുകാരനും ജർമൻകാരനും സ്പാനിഷുകാരനും പരസ്പരം മുഖാമുഖം നോക്കിയപ്പോൾ ഖുർആൻ അറിയുന്നവർ എഴുന്നേറ്റ് നിന്ന് കൈ അടിക്കുകയായിരുന്നു...''- ഇങ്ങനെയാണ് കമാൽ തന്റെ ലേഖനം അവസാനിപ്പിക്കുന്നത്.

എന്നാൽ ഇതെല്ലാം പൂർണ്ണമായും പൊലിപ്പിച്ച് എടുത്തതാണെന്ന് ലോകകപ്പ് ഉദ്ഘാടനം നേരിട്ട് കണ്ടവർക്ക് ബോധ്യമാവും. ആ ചടങ്ങിൽ എവിടെയും മോർഗൻ ഖുർആൻ ആണ് ലോകത്തിന് മറുപടി എന്ന് പറയുന്നില്ല. ഓരോ രാജ്യത്തും ലോകകപ്പ് നടക്കുമ്പോൾ അവിടുത്തെ സംസ്‌ക്കാരങ്ങളെക്കുറിച്ച് പരമാർശിക്കുക ഉദ്ഘാടന ചടങ്ങിലെ രീതിയാണ്. അത് പൊലിപ്പിച്ചാണ് ഖുർആൻ ആണ് മറുപടി എന്ന രീതിയിൽ എത്തിച്ചിരിക്കുന്നത്.