റാനെ തൂത്തുവാരിയെറിഞ്ഞ ഇംഗ്ലണ്ട് പക്ഷെ അമേരിക്കയ്ക്ക് മുൻപിൽ അടിപതറിയപ്പോൾ രാജ്യത്തെ ഫുട്ബോൾ പ്രേമികളിലാകെ നിറഞ്ഞ് നിന്നത് കടുത്ത രോഷവും നിരാശയും മാത്രം. അമേരിക്കക്കെതിരെയുള്ള 0-0 സമനിൽ ഇംഗ്ലീഷ് ആരാധകർക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഇറാനെ 6-2 ന് തകർത്തെറിഞ്ഞതിനു ശേഷമായിരുന്നു ശോഭ മങ്ങിയ ഈ പ്രകടനം എന്നത് ആരാധകരെ കൂടുതൽ ദുഃഖത്തിൽ ആഴ്‌ത്തുന്നതിനു കാരണമായി.

തെക്കൻ ലണ്ടനിലെ ഒരു പബ്ബിൽ തടിച്ചുകൂടിയ ആരാധകരിൽ ഒരാൾ പറഞ്ഞത്, ജനിച്ച അന്നു മുതൽ തന്നെ താൻ ഒരു ഇംഗ്ലണ്ട് ഫാൻ ആയിരുന്നെന്നും, ടീമിന്റെ ഈ പ്രകടനം സഹിക്കാവുന്നതിലും അപ്പുറമാണെന്നുമായിരുന്നു. കളിയിൽ ഉടനീളം അമേരിക്ക ആധിപത്യം പുലർത്തിയതായിരുന്നു ത്രീ ലയൺസ് ആരാധകരെ ഏറെ വിഷമിപ്പിച്ചത്. തങ്ങളുടെ ഒരു വാരാന്ത്യം നശിപ്പിച്ചു എന്നായിരുന്നു ഒട്ടുമിക്ക ആരാധകരും പറഞ്ഞത്. ഇനി, ചൊവ്വാഴ്‌ച്ച വെയിൽസുമായി നടക്കുന്ന മത്സരത്തിൽ പരാജയപ്പെട്ടാൽ പിന്നെ ഇംഗ്ലണ്ടിന് മത്സരത്തിൽ നിന്നും പുറത്ത് പോകേണ്ടി വരും.

ഇംഗ്ലണ്ടിലെ പല നഗരങ്ങളിലേയും പബ്ബുകളിലും മറ്റും സുഹൃത്തുക്കൾക്കൊപ്പം വാരാന്ത്യം ആഘോഷിക്കാൻ എത്തിയവർ ആവേശപൂർവ്വമായിരുന്നു ടെലിവിഷൻ സെറ്റുകളിലെക്ക് കണ്ണുപായിച്ച് ഇരുന്നത്. ആദ്യ പകുതിയിൽ സാമാന്യം ഭേദപ്പെട്ട രീതിയിൽ കളിച്ച ഇംഗ്ലണ്ട് പക്ഷെ രണ്ടാം പകുതിയിൽ പൂർണ്ണമായും അമേരിക്കയുടെ അധീശ്വത്വത്തിനു മുന്നിൽ കീഴടങ്ങുകയായിരുന്നു എന്ന അഭിപ്രായമായിരുന്നു ആരാധകരിൽ ഏറെ പേർക്കും. സൗത്ത്ഗെയ്റ്റിന്റെ തന്ത്രങ്ങൾ പിഴച്ചുവെന്നും വെയിൽസിനെ നേരിടാൻ കൂടുതൽ ഫലവത്തായ തന്ത്രങ്ങൾ മെനയേണ്ടതുണ്ടെന്നും അവർ പറയുന്നു.

അതേസമയം, ജീവിതകാല സമ്പാദ്യം മുഴുവൻ ചെലവഴിച്ച് ദോഹയിൽ കളി നേരിട്ട് കാണാൻ എത്തിയ ആരാധകരായിരുന്നു ഏറെ നിരാശരായത്. ഇംഗ്ലണ്ടിൽ നിന്നുംവെയിൽസിൽ നിന്നുമായി ഏകദേശം 10,000 പേരാണ് ദോഹയിൽ എത്തിയിരിക്കുന്നത്. ഗരേത്ത് സൗത്ത്ഗെയ്റ്റിന്റെ കുട്ടികൾ പക്ഷെ അവരെ അക്ഷരാർത്ഥത്തിൽ നിരാശരാക്കുകയായിരുന്നു.അതേസമയം, വെയിൽസ് ആരാധകർ അല്പം ആശ്വാസത്തിലാണ്. ഇന്നലെ ഇംഗ്ലണ്ട് അമേരിക്കയെ തോൽപിച്ചിരുന്നെങ്കിൽ, അടുത്ത റൗണ്ടിലേക്ക് അവർ ഉറപ്പായി കടക്കുമായിരുന്നു.

ഇനിയിപ്പോൾ ചൊവ്വാഴ്‌ച്ച വെയിൽസുമായി നടക്കുന്ന മത്സരം ഇംഗ്ലണ്ടിനെ സംബന്ധിച്ച് അതീവ പ്രാധാന്യമുള്ള ഒന്നായി മാറിയിരിക്കുകയാണ്. തിങ്കളാഴ്‌ച്ച നടക്കുന്ന മറ്റൊരു മത്സരം വെയിൽസിനെ സംബന്ധിച്ചും അതീവ പ്രാധാന്യമുള്ള ഒന്നാണ്. ഇംഗ്ലണ്ട് ഇന്നലെ അമേരിക്കയെ പരാജയപ്പെടുത്തിയിരുന്നെങ്കിൽ ഒരുപക്ഷെ വെയിൽസുമായുള്ള മത്സരം അത്ര കടുപ്പത്തിൽ ആകുമായിരുന്നില്ല. ഇതും വെയിൽസിന് വിജയ സധ്യത ഒരുക്കുമായിരുന്നു.