- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
ആദ്യ ഇലവനിൽ മൈതാനത്തിനിറങ്ങി; ദേശീയ ഗാനവും ആലപിച്ചു; പിന്നാലെ മൈതാനത്തിനിറങ്ങിയ ഗോൾകീപ്പറെ കാണാനില്ല; ബെൽജിയത്തിന് എതിരെ കളി തുടങ്ങിയപ്പോൾ വലകാത്തത് റിസർവ് കീപ്പർ; വിശദീകരണം നൽകാതെ മൊറോക്കോ
ദോഹ: ദോഹ: ബെൽജിയത്തിനെതിരായ മത്സരത്തിൽ മൈതാനത്തിനിറങ്ങിയ ഗോൾകീപ്പറെ അവസാനനിമിഷം പിൻവലിച്ച് മൊറോക്കോ. മൊറോക്കോയ്ക്കായി ഗോൾകീപ്പർ യാസ്സിൻ ബൗനൗ ആണ് ആദ്യ ഇലവനിലുണ്ടായിരുന്നത്. താരം കളിക്കാൻ മൈതാനത്തിനിറങ്ങുകയും ദേശീയഗാനം ആലപിക്കുകയും ചെയ്തു. എന്നാൽ അതിനുശേഷം ഗോൾകീപ്പറെ മാറ്റുകയായിരുന്നു.
സ്റ്റാർട്ടിങ് ലൈനപ്പിൽ ഇടം നേടിയ ബൗനൗ ടീമിനൊപ്പം മൈതാനത്ത് ഇറങ്ങുകയും പതിവുപോലെ കിക്കോഫിന് മുമ്പുള്ള ദേശീയ ഗാനം ആലപിക്കുകയും ചെയ്തു. എന്നാൽ, കളി തുടങ്ങുമ്പോൾ റിസർവ് കീപ്പർ മോണിർ എൽ കജോയി ആണ് മൊറോക്കോയുടെ ഗോൾ വലയ്ക്ക് മുമ്പിൽ ഉണ്ടായിരുന്നത്.
അൽ തുമാമ സ്റ്റേഡിയത്തിലെ മൊറോക്കോ ടീമിൽ നിന്നോ മാച്ച് ഒഫീഷ്യൽസിൽ നിന്നോ ഉടനടി വിശദീകരണമൊന്നും ഇക്കാര്യത്തിൽ ലഭിച്ചില്ല. എന്നാൽ, കിക്കോഫിന് തൊട്ടുമുമ്പ് ബൗനൗവിന് തലകറക്കം അനുഭവപ്പെട്ടുവെന്നും ഇതാണ് മാറ്റാൻ കാരണമെന്നുമാണ് മൊറോക്കൻ ടിവി ചാനൽ 2എം അതിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുള്ളത്.
കാനഡയിൽ ജനിച്ച 31 കാരനായ ബൗണു മൊറോക്കോയുടെ ഒന്നാം നമ്പർ ഗോൾകീപ്പറും സ്പാനിഷ് ക്ലബ് സെവിയ്യയുടെ താരവുമാണ്. ക്രൊയേഷ്യക്കെതിരെ ആദ്യ മത്സരത്തിൽ ബൗനൗവാണ് മൊറോക്കോയുടെ ഗോൾ വല കാത്തത്. എന്നാൽ, ഗോൾ കീപ്പർ മാറിയതൊന്നും മൊറോക്കോയുടെ പോരാട്ടവീര്യത്തെ ബാധിച്ചില്ല. ടീമിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ് അവർ കുറിച്ചത്.
വമ്പൻതാര നിരയുമായെത്തിയ ബെൽജിയത്തെ മൊറോക്കോ എതിരില്ലാത്ത രണ്ട് ഗോളിന് ഞെട്ടിക്കുകയായായിരുന്നു. ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം അബ്ദേൽഹമിദ് സബിറിയാണ് ആദ്യ ഗോൾ നേടിയത്. രണ്ടാം ഗോൾ സക്കറിയ അബൗഖലിന്റെ വകയായിരുന്നു. മത്സരത്തിലുടനീളം ബെൽജിയത്തിനൊപ്പം നിൽക്കാൻ മൊറോക്കോയ്ക്ക് സാധിച്ചിരുന്നു.
ഇതോടെ പോയിന്റ് പട്ടികയിൽ ഒന്നാമതെത്താൻ മൊറോക്കയ്ക്കായി. രണ്ട് മത്സരങ്ങളിൽ നാല് പോയിന്റാണ് മൊറോക്കോയ്ക്ക്. ആദ്യ മത്സരത്തിൽ അവർ ക്രൊയേഷ്യയെ സമനിലയിൽ തളച്ചിരുന്നു. ആദ്യ മത്സരത്തിൽ കാനഡയെ മറികടന്ന ബെൽജിയം രണ്ട് പോയിന്റോടെ രണ്ടാം സ്ഥാനത്താണ്. ഇതോടെ ഗ്രൂപ്പിൽ അവസാനം നടക്കുന്ന ബെൽജിയം- ക്രൊയേഷ്യ പോരാട്ടം നിർണായകമാവും.
സ്പോർട്സ് ഡെസ്ക്