- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
സെനഗലിനെതിരായ മത്സരത്തിന് തൊട്ടുമുമ്പ് പിൻവാങ്ങി; സൂപ്പർ താരം റഹീം സ്റ്റെർലിങ്ങ് നാട്ടിലേക്ക് മടങ്ങിയേക്കും; കുടുംബവുമായി ബന്ധപ്പെട്ട ചില കാരണങ്ങളെന്ന് ഇംഗ്ലണ്ട് ടീം അധികൃതർ; ക്വാർട്ടർ പോരാട്ടത്തിന് മുമ്പ് മടങ്ങിയെത്തുമെന്ന പ്രതീക്ഷയിൽ ആരാധകർ
ദോഹ: സെനഗലിനെതിരായ പ്രീ ക്വാർട്ടർ മത്സരത്തിനുള്ള ഇംഗ്ലണ്ട് ടീമിൽ സൂപ്പർതാരം റഹീം സ്റ്റെർലിങ്ങിനെ ഉൾപ്പെടുത്തിയിരുന്നില്ല. സമൂഹമാധ്യമങ്ങളിലൂടെയാണ് ഇംഗ്ലണ്ട് ഫുട്ബോൾ ടീം ഇക്കാര്യം അറിയിച്ചത്. കുടുംബവുമായി ബന്ധപ്പെട്ട ചില കാരണങ്ങളാലാണ് സ്റ്റെർലിങ് കളിക്കാത്തതെന്നാണ് ടീം അധികൃതർ നൽകുന്ന വിശദീകരണം. കിക്ക് ഓഫിന് 90 മിനിറ്റ് മുമ്പ് പുറത്തിറക്കിയ പ്രസ്താവനയിലാണ് 27 കാരൻ ഞായറാഴ്ചത്തെ മത്സരത്തിൽ പങ്കെടുക്കില്ലെന്ന് ഇംഗ്ലണ്ട് സ്ഥിരീകരിച്ചത്.
ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലും ഇംഗ്ലണ്ടിന്റെ ആദ്യ ഇലവനിൽ സ്റ്റെർലിങ് ഇടംപിടിച്ചിരുന്നു. എന്നാൽ അവസാന ഗ്രൂപ്പ് മത്സരത്തിൽ താരം പകരക്കാരുടെ ബെഞ്ചിലായിരുന്നു. മാർകസ് റാഷ്ഫോർഡാണ് സ്റ്റെർലിങ്ങിന് പകരം കളിക്കാനിറങ്ങിയത്. മത്സരത്തിൽ റാഷ്ഫോർഡ് ഇരട്ടഗോളുകൾ നേടുകയും ചെയ്തു.
സെനഗലിനെതിരേ റാഷ്ഫോർഡും ബെഞ്ചിലാണുള്ളത്. പകരം ബുകായോ സാകയാണ് ആദ്യ ഇലവനിൽ ഇടംപിടിച്ചത്. ഇംഗ്ലണ്ടിന്റെ മൂന്നാം ഗോൾ നേടിയതും സാകയായിരുന്നു. ഇറാനെതിരായ ആദ്യ മത്സരത്തിൽ സാക ഇരട്ടഗോളുകൾ നേടിയിരുന്നു. സ്റ്റെർലിങ്ങിന്റെ അഭാവത്തിലും ക്വാർട്ടറിലേക്ക് മുന്നേറാനാകുമെന്ന പ്രതീക്ഷ നിറവേറ്റുന്ന പ്രകടനമാണ് ഇംഗ്ലണ്ട് താരങ്ങൾ പുറത്തെടുത്തത്. ഞായറാഴ്ച രാത്രി സ്റ്റെർലിങ് ദോഹയിൽ തന്നെയുണ്ടായിരുന്നുവെങ്കിലും ഇംഗ്ലണ്ടിലേക്ക് മടങ്ങാൻ സാധ്യതയുണ്ടെന്ന് വൃത്തങ്ങൾ സൂചിപ്പിച്ചു. .
ഞായറാഴ്ചത്തെ മത്സരം സ്റ്റെർലിങ്ങ് കാണാതെ പോയതിനെ കുറിച്ച് ചോദിച്ചപ്പോൾ പരിശീലകൻ ഗാരെത് സൗത്ത്‌ഗേറ്റ് പ്രതികരിച്ചത് ഇങ്ങനെ 'ഇന്ന് രാവിലെ അദ്ദേഹം ടീമിനൊപ്പം കുറച്ചു സമയം ഉണ്ടായിരുന്നു, എന്നാൽ അദ്ദേഹത്തെ സഹായിക്കാൻ എനിക്ക് മറ്റ് താരങ്ങളെ ഏർപ്പെടുത്തേണ്ടി വന്നു'
സ്പോർട്സ് ഡെസ്ക്