ദോഹ: ചുവപ്പും വെളുപ്പും കലർന്ന ബിക്കിനി ടോപ്പ്. ഇറുകി പിടിച്ച ചുവന്ന ലെഗിൻസ്. ലോക കപ്പിലെ ഏറ്റവും സെക്‌സിയായ ആരാധിക ആരെന്ന് ചോദിച്ചാൽ മിക്കവരും കണ്ണുംപൂട്ടി പറയും, അത് മിസ് ക്രൊയേഷ്യ, ഇവാനോ നോൾ ആണെന്ന്. സ്‌റ്റേഡിയത്തിലെ പടിക്കെട്ടുകളിലൂടെ ഇവാന ഒഴുകിയിറങ്ങുന്നതും, അറബ് വേഷം അണിഞ്ഞ ഖത്തറി ആരാധകർ തുരുതുരാ ഫോട്ടോകൾ എടുക്കുന്നതും, കള്ളക്കണ്ണെറിയുന്നതും, കടാക്ഷത്താൽ പിന്തുടരുന്നതും, എല്ലാം സോഷ്യൽ മീഡിയ കണ്ടുപിടിച്ച് വൈറലാക്കിയിരുന്നു. ചുരുക്കി പറഞ്ഞാൽ, വലിയ ഡെക്കറേഷൻ ഒന്നുമില്ലാതെ പറഞ്ഞാൽ വായ്‌നോട്ടം തന്നെ! പക്ഷേ ഒരു കാരണവശാലും അതുസമ്മതിച്ചുതരില്ല. കാരണം മാനം പോവില്ലേ.

മൊറോക്കോയും ക്രൊയേഷ്യയും തമ്മിൽ നടന്ന മത്സരത്തിലാണ് മുൻ മിസ് ക്രൊയേഷ്യയായിരുന്ന ഇവാനാ നോൾ മന്ദമാരുതനെ പോലെ കടന്നുവന്നത്. അതീവ ഗ്ലാമറസ് ആയി എത്തിയ ഇവാനയുടെ വസ്ത്രം കണ്ട ഖത്തറികൾക്ക് കൗതുകം അടക്കാൻ കഴിഞ്ഞില്ല. ഇവാനയെ തന്നെ ഉറ്റു നോക്കി ഇരിക്കുകയാണ് അവർ.

മാത്രമല്ല ഫോൺ എടുത്ത് ഇവാനയുടെ ചിത്രവും പകർത്തി. 30കാരിയായ മോഡലും ഡിസൈനറുമായ ഇവാന ലോകകപ്പിന്റെ സെക്‌സിയസ്റ്റ് ഫാൻ ആണ്. മെൻ വിൽ ബി മെൻ എന്ന് പതിവ് മട്ടിൽ പുരുഷന്മാരെ കളിയാക്കുന്ന ട്രോൾ വീഡിയോകളും എത്രയോ.

ഇതെല്ലാം അരങ്ങേറുന്നത് വസ്ത്രധാരണത്തിന് കർശന നിർദ്ദേശങ്ങളുള്ള ഖത്തറിലാണെന്ന് ഓർക്കണം. അതിന് മുമ്പ് ആരാണ് ഇവാന നോൾ എന്ന് നോക്കാം. ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽ, 1992 ലാണ് ജനനം. ഏഴാം വയസിൽ മാതാപിതാക്കളോടൊപ്പം ക്രൊയേഷ്യയിലേക്ക് താമസം മാറി. 2016 ൽ ലാണ് മിസ് ക്രൊയേഷ്യ വേൾഡ് മത്സരത്തിൽ പങ്കെടുത്തത്. പോൾ ഡാൻസിങ്ങിലും, ബെല്ലി ഡാൻസിങ്ങിലും മിടുക്ക് തെളിയിച്ച നർത്തകി.

ഇൻസ്റ്റഗ്രാമിൽ ഒരു ദശലക്ഷം ഫോളോവേഴ്‌സ് തികഞ്ഞതിന്റെ സന്തോഷം പങ്കുവയ്ക്കാൻ ഇവാന ഇട്ട പോസ്റ്റിൽ ഖത്തറികളുടെ ചിത്രവും ഇടംപിടിച്ചു. ചുവപ്പും വെള്ളയും നിറത്തിലുള്ള ബിക്കിനി ടോപ്പിലും ഇറുകിയ പാന്റിലും നടന്നു നീങ്ങുന്ന ഇവാനയുടെ ചിത്രം പകർത്തുന്ന ഖത്തറികൾ. ഈ ചിത്രം ഉടൻ തന്നെ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു. ആ പോസ്റ്റിന് ഇങ്ങനെയാണ് ഇവാന ക്യാപ്ഷൻ നൽകിയത്. നിങ്ങളുടെ പിന്തുണയ്ക്ക് നന്ദി. ലവ് യുആൾ.

2018 ലെ ഫിഫ ലോക കപ്പിലും ആകർഷണ കേന്ദ്രമായികുന്നു ഇവാന. ക്രൊയേഷ്യൻ നിറങ്ങൾ വാരി ചൂടിയായിരുന്നു അന്നത്തെ നടപ്പ്. ഈ വട്ടം ഖത്തറിൽ, കർശനമായ വസ്ത്രധാരണ നിയമങ്ങളാണ് താനും. വേൾഡ് കപ്പ് പ്രമാണച്ച് ഖത്തർ വസ്ത്രധാരണത്തിന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. സന്ദർശകർ തങ്ങളുടെ തോൾ മറയ്ക്കണമെന്നും ഷോർട്ട് സ്‌കേർട്ട് ധരിക്കരുതെന്നും അറിയിച്ചിരുന്നു. നിർദ്ദേശം ലംഘിക്കുന്നവർക്ക് ഉയർന്ന പിഴയും ജയിലും ശിക്ഷ ലഭിച്ചേക്കും.

സംഗതി ഇതൊക്കെയാണെങ്കിലും, ഇവാനയുടെ ഖത്തറി ആരാധകർ ചിരിച്ചുകൊണ്ട് ഈ 30 കാരിയുടെ ഫോട്ടോകൾ ചൂടുപോകാതെ പകർത്തുന്ന തിരക്കിലാണ്. ഇൻസ്റ്റഗ്രാമിൽ ഒരു ദശലക്ഷം ഫോളോവേഴ്‌സ് തികഞ്ഞതിന്റെ സന്തോഷം എല്ലാവരുമായും ഇവാന പങ്കുവച്ചത് ശ്രദ്ധയിൽ പെട്ട പ്രമുഖ ഖത്തറി സംരംഭകനായ മൊഹമ്മദ്് ഹസൻ അൽ ജെഫെയ്‌രിയുടെ പ്രതികരണം ഇങ്ങനെ: ' ഇവാനയോടുള്ള ഭ്രമം കൊണ്ടല്ല, ഞങ്ങളുടെ സംസ്‌കാരത്തിന് വിരുദ്ധമായ ആ വേഷത്തോടുള്ള എതിർപ്പ് കാണിക്കാനാണ് പുരുഷന്മാർ ഫോട്ടോ പകർത്തുന്നത്'. നാട്ടുകാരനായ ഏതു ഖത്തറിയോടും നിങ്ങൾക്കിത് ചോദിക്കാം, അദ്ദേഹം ട്വീറ്റ് ചെയ്തു.

 

വിമർശനങ്ങൾ ഇവാനയും അറിയാതിരിക്കുന്നില്ല. 'ലോക കപ്പ് ഖത്തറിലാണ് നടക്കുന്നതെന്ന് അറിഞ്ഞപ്പോൾ, ആരാധാകർക്ക് നിയന്ത്രണങ്ങൾ ഒന്നും അവർ ഏർപ്പെടുത്തില്ലെന്നാണ് ഞാൻ കരുതിയത്. പിന്നീട് നിയമങ്ങളെ കുറിച്ച് കേട്ടപ്പോൾ ഞെട്ടി പോയി. തോളുകൾ, മുട്ടുകൾ, വയർ അങ്ങനെ ഒന്നും പുറത്തുകാണാൻ പാടില്ല. എന്റെ ദൈവമേ, അതിന് തക്കതായ വേഷമൊന്നും എന്റെ കൈയിൽ ഇല്ലാ, താനും', ഇവാന പറഞ്ഞു.

'ഇവിടെ എത്തിയപ്പോൾ, വസ്ത്രധാരണത്തിന്റെ പേരിൽ വിചാരിച്ച പോലെ കുഴപ്പങ്ങൾ ഒന്നും ഉണ്ടാക്കുന്നില്ല. സർക്കാർ മന്ദിരങ്ങളിൽ ഒഴികെ എന്തുവേണമെങ്കിലും ധരിക്കുന്നതിൽ പ്രശ്‌നമില്ല. അറസ്റ്റ് ചെയ്യപ്പെടുമെന്ന പേടി തനിക്കില്ലെന്നും' ഇവാന പറഞ്ഞു.

സ്ത്രീകൾ ഷോട്‌സും, ഷോട് സ്ലീവ്ഡ് ഷർട്ടുകളും ധരിക്കരുതെന്ന് ഫാൻ ഗ്രൂപ്പുകൾ പുതുതായി വരുന്നവർക്ക് നിർദ്ദേശം നൽകുന്നുണ്ട്. പുരുഷന്മാരായാലും, സ്ത്രീകളായാലും, തോളും മുട്ടുമൊക്കെ മറച്ചുനടക്കണം.