ദോഹ: മൊറോക്കോയുടെ ആഫ്രിക്കൻ വീര്യം ഫ്രഞ്ച് കുതിപ്പിൽ അവസാനിക്കുമ്പോൾ ലോകകപ്പിന്റെ ആവേശ ഫൈനലിൽ ലയണൽ മെസിയുടെ അർജന്റീനയെ കിലിയൻ എംബാപ്പെയും സംഘവും നേരിടും. രണ്ടു പേരും ഈ ലോകകപ്പിൽ അഞ്ചു ഗോൾ വീതം നേടിയവർ. ആര് ഈ പട്ടികയിൽ കുതിക്കുമോ അവർ ജേതാക്കളാകും. ഗോളടിക്കുകയും ഗോളടിക്കുകയും ചെയ്യുന്ന മെസി. ഫ്രാൻസ് നിരയിലും ഗോളടിപ്പിക്കാൻ കഴിയുന്ന താരമുണ്ട് ഒൺടോയ്ൻ ഗ്രീസ്മാൻ. ദോഹയിലെ വലിയ മത്സരത്തിൽ എംബാപ്പയും ഗ്രീസ്മാനും എങ്ങനെ കളിക്കുമെന്നതാണ് നിർണ്ണായകം. മെസിയുടെ ഫോം ഇതിന് മുന്നിലേക്ക് പോയാൽ കളി അർജന്റീനയ്ക്കാകും. എന്നാൽ മൊറോക്കോയെ തടഞ്ഞ ഫ്രഞ്ച് പ്രതിരോധം മെസിയെ തളച്ചാൽ ഫലം മാറും.

ടൂർണമെന്റിൽ ഇത് വരെ ഗോൾ വഴങ്ങാതിരുന്ന മൊറോക്കൻ പ്രതിരോധത്തെ മത്സരത്തിന്റെ അഞ്ചാം മിനിറ്റിൽ തന്നെ ഫ്രാൻസ് മറികടക്കുകയായിരുന്നു. തുടക്കത്തിലെ ഗോൾ വഴങ്ങിയതോടെ മൊറോക്കോയും പ്രത്യാക്രമണം കടുപ്പിച്ചു. എന്നാൽ മികച്ച മുന്നേറ്റങ്ങൾ ഗോളാക്കി മാറ്റുന്നതിൽ മൊറോക്കൻ നിര പരാജയപ്പെട്ടു. ആക്രമണങ്ങൾ തുടരുന്നതിനിടെ 79-ാം മിനിറ്റിൽ കോളോ മുവാനി വീണ്ടും ഫ്രാൻസിനായി ഗോൾ നേടിയതോടെ മൊറോക്കൻ കുതിപ്പിന് അന്ത്യമായി. ഫ്രഞ്ച് പടയുടെ തുടർച്ചയായ രണ്ടാം ഫൈനലാണിത്. വരുന്ന ഞായറാഴ്ച ലുസൈൽ സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ ഫ്രാൻസ് അർജന്റീനയെ നേരിടും.

മൊറോക്കോയ്‌ക്കെതിരെ സെമിയിൽ തിയോ ഹെർണാണ്ടസിന്റെയും പകരക്കാരനായെത്തിയ കോളോ മുവാനിയുടെയും ഗോളുകളിലായിരുന്നു ഫ്രഞ്ച് വിജയം. സെമിവരെ എത്തി ചരിത്രംകുറിച്ച മൊറോക്കോ തല ഉയർത്തിയാണ് മടങ്ങുന്നത്. ഫ്രാൻസിനോട് അവർ പൊരുതി കീഴടങ്ങുകയായിരുന്നു. കളി തുടങ്ങി അഞ്ചാം മിനിറ്റിൽ ഫ്രാൻസ് മുന്നിലെത്തി. പ്രതിരോധത്തിന് ഏറെ പേരുകേട്ട മൊറോക്കോയ്ക്ക് ചാമ്പ്യന്മാർക്കെതിരെ പിഴച്ചു. മധ്യവരയ്ക്കപ്പുറത്ത് നിന്ന് റാഫേൽ വരാനെ തൊടുത്ത ലോങ് പാസ് ഒൺടോയ്ൻ ഗ്രീസ്മാൻ പിടിച്ചെടുത്തു. ഗ്രീസ്മാന് പന്ത് കിട്ടുംമുമ്പേ മൊറോക്കൻതാരം ഇടയിൽ വീണെങ്കിലും പന്ത് കുരുങ്ങിയില്ല. പ്രതിരോധത്തെ വെട്ടിയൊഴിഞ്ഞ് ഗ്രീസ്മാൻ മുന്നേറി. എംബാപ്പെയായിരുന്നു ലക്ഷ്യം. ക്രോസ് ഗോൾമുഖത്തേക്ക്.

എംബാപ്പെയുടെ ശ്രമം തട്ടിത്തെറിച്ചു. ഇടതുഭാഗത്ത് കുതിച്ചെത്തിയ തിയോ ഹെർണാണ്ടസിന് പന്ത്. ബോണോ തടയാൻ മുന്നിലേക്ക് കയറി. വായുവിലുയർന്ന് ഇടംകാൽ കൊണ്ട് ബോണോയെ നിഷ്പ്രഭനാക്കി തിയോ പന്തടിച്ച് വലയിൽ കയറ്റി. ആദ്യ ഗോൾ. ഇടവേളയ്ക്കുശേഷവും പന്തിൽ കൂടുതൽ നിയന്ത്രണം മൊറോക്കോയ്ക്കായിരുന്നു. പക്ഷേ, ബോക്സിലെത്തുന്നതോടെ അവർക്ക് പിഴച്ചു. ഇബ്രാഹിം കൊനാറ്റയും റാഫേൽ വരാനെയും ഉൾപ്പെട്ട ഫ്രഞ്ച് പ്രതിരോധവും തടഞ്ഞു. കളംനിറഞ്ഞുകളിച്ച ഗ്രീസ്മാനെയും മൊറോക്കോയ്ക്ക് പിടിച്ചുനിർത്താനായില്ല. എംബാപ്പെയെ ഒരുപരിധിവരെ തടയാനായെങ്കിലും രണ്ടാംഗോളിലേക്കുള്ള വഴിയിൽ മൊറോക്കോ പതറി. ഒളിവർ ജിറൂവിന് പകരമെത്തിയ മാർകസ് തുറാം ഫ്രഞ്ച് മുന്നേറ്റത്തിന് കൂടുതൽ കരുത്ത് ൽകി.

79-ാം മിനിറ്റിൽ തുറാമും എംബാപ്പെയും ചേർന്നുനടത്തിയ നീക്കം മൊറോക്കോയെ തകർത്തു. തുറാമിൽനിന്ന് പന്ത് സ്വീകരിച്ച എംബാപ്പെ ബോക്സിൽ കയറി. പ്രതിരോധ താരങ്ങളെ വെട്ടിച്ച് മുന്നോട്ട്. ഇതിനിടെ പന്ത് ഒഴിഞ്ഞുനിൽക്കുകയായിരുന്ന മുവാനിയിലേക്ക്. കളത്തിലെത്തി 44-ാം സെക്കൻഡിൽ മുവാനി ലക്ഷ്യം കണ്ടു. ഫ്രാൻസ് ഫൈനലിലേക്ക്. ഇതോടെ മൊറോക്കോയുടെ സ്വപ്‌നങ്ങൾ തകർന്നു. 1962ൽ ബ്രസീലിനുശേഷം കിരീടം നിലനിർത്തുകയാണ് ഫ്രാൻസിന്റെ ലക്ഷ്യം. നാലാം തവണയാണ് ഫ്രാൻസ് ഫൈനലിലെത്തുന്നത്. 1998ലും 2018ലും ജേതാക്കളായി. 2006ൽ റണ്ണറപ്പായിരുന്നു.

സെമിയിൽ ക്രൊയേഷ്യയെ മൂന്ന് ഗോളിന് തോൽപ്പിച്ചാണ് അർജന്റീന ഫൈനലിലെത്തിയത്. ഫൈനലിനുശേഷം വിരമിക്കുമെന്ന് മെസിയുടെ വെളിപ്പെടുത്തി. മുപ്പത്തഞ്ചുകാരന്റെ അഞ്ചാംലോകകപ്പാണ്. സെമിയിൽ ക്രൊയേഷ്യക്കെതിരെ നേടിയതടക്കം ലോകകപ്പിൽ ആകെ 11 ഗോളായി മെസിക്ക്. ഇക്കുറി അഞ്ച്. ലോകകപ്പിൽ കൂടുതൽ ഗോൾനേടിയ അർജന്റീനക്കാരനായി. ഗബ്രിയേൽ ബാറ്റിസ്റ്റിയൂട്ടയെയാണ് മറികടന്നത്. കൂടുതൽ ലോകകപ്പ് മത്സരങ്ങൾ കളിച്ച റെക്കോഡിന് (25) ഒപ്പമെത്താനും സാധിച്ചു. ലോകകപ്പിൽ ഇന്നും നാളെയും കളിയില്ല.

17ന് മൂന്നാംസ്ഥാനക്കാരെ നിർണയിക്കുന്ന ലൂസേഴ്സ് ഫൈനലും 18ന് ഫൈനലും. ലോകകപ്പ് ചരിത്രത്തിൽ 12 തവണ യൂറോപ്യൻ ടീമാണ് ജേതാക്കളായത്. ഒമ്പതുതവണ ലാറ്റിനമേരിക്കൻ ടീമിന് കപ്പ് കിട്ടി.