ഫുട്ബോൾ ഭ്രാന്ത് അതിരുവിടുമ്പോൾ രാജ്യങ്ങളിൽ കലാപങ്ങൾ വരെ നടക്കുമെന്ന അവസ്ഥയായിട്ടുണ്ട്. ലോകകപ്പിലെ തോൽവിൽ അരിശം മൂത്ത ഫ്രഞ്ച് ആരാധകർ നാട്ടിൽ കലാപത്തിനിറങ്ങിയപ്പോൾ അവരെ അടിച്ചൊതുക്കാൻ സായുധ പൊലീസിനെ ഇറക്കേണ്ടിവന്നു. പാരീസ്, ലിയോൺ, നൈസ് തുടങ്ങിയ വൻ നഗരങ്ങളിലെല്ലാം തന്നെ ആരാധകർ കൂട്ടത്തോടെ തെരുവിലിറങ്ങുകയായിരുന്നു. ചാമ്പ്സ്-എലിസീസിൽ തീകത്തിക്കുകയും പടക്കങ്ങൾ കത്തിച്ച് വലിച്ചെറിയുകയും ചെയ്ത കൂട്ടത്തെ നേരിടാൻ സായുധ പൊലീസിറങ്ങി.

അർജന്റീനിയയുടെ ലാറ്റിൻ അമേരിക്കൻ മാസ്മരികതക്ക് മുൻപിൽ ലെസ് ബ്ലൂസ് തകർന്നതോടെ ഫ്രാൻസിലെ വിവിധ നഗരങ്ങളിലായി 14,000 പൊലീസ് ഉദ്യോഗസ്ഥരെയാണ് ക്രമസമാധാന പാലനത്തിനായി ഇറക്കിയിരിക്കുന്നത്. വിജയമായാലും പരാജയമായാലും ജനം തെരുവിലിറങ്ങും എന്ന് ഉറപ്പുള്ളതിനാൽ ഫ്രഞ്ച് പൊലീസ്‌നേരത്തേ തയ്യാറെടുപ്പുകൾ നടത്തിയിരുന്നതായി ഔദ്യോഗിക വൃത്തങ്ങൾ പറയുന്നു.

ഇതിനു മുൻപ് രണ്ടു തവണ ഫ്രാൻസ് ലോകകപ്പ് നേടിയപ്പോഴും ആഘോഷത്തിമിർപ്പിന് വേദിയായത് ചാമ്പ്സ് എലിസീസ് ആയിരുന്നു. നാലു വർഷം മുൻപ് ഫ്രാൻസ് കപ്പ് നേടിയപ്പോൾ 6 ലക്ഷത്തോളം പേരാണ് ഇവിടെ ആഘോഷങ്ങൾക്കായി ഒത്തു കൂടിയത്. ഞായറാഴ്‌ച്ച ഇവിടേക്കുള്ള ഗതാഗതം പൂർണ്ണമായും അടച്ചിരുന്നു. 2,750 പൊലീസ് ഉദ്യോഗസ്ഥരായിരുന്നു ഇവിടെ കാവൽ നിന്നിരുന്നത്.

പരാജയത്തിൽ കലിപൂണ്ടെത്തുന്ന ആരാധകരെ നേരിടാൻ പൊലീസ് സർവ്വ സന്നാഹങ്ങളും ഒരുക്കിയിരുന്നു. നേരത്തേ സെമിഫൈനലിൽ മൊറോക്കോയ്ക്കെതിരെ നേടിയ വിജയം ആഘോഷിക്കാൻ എത്തിയ നാല്പതോളം തീവ്ര വലതുപക്ഷ ആരാധകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മനഃപൂർവ്വം സംഘർഷം സൃഷ്ടിക്കാൻ എത്തിയവരായിരുന്നു അവരെന്നാണ് പൊലീസ് പറയുന്നത്.

മൊറോക്കോക്കെതിരെയുള്ള വിജയത്തെ തുടർന്ന് നിരവധി സ്ഥലങ്ങളിൽ സംഘർഷം അരങ്ങേറിയിരുന്നു. അതുപോലെ ക്വാർട്ടർ ഫൈനൽ വിജയത്തെ തുടർന്നും നിരവധി സംഘർഷങ്ങൾ അരങ്ങേറിയിരുന്നു. ഇത്തവണ, ആദ്യമെ നിരാശരായ ഫ്രഞ്ച് ആരാധകർ, പിന്നീട് തങ്ങളുടെ ടീം രണ്ട് ഗോൾ നേടി സമനില പിടിച്ചതോടെ ഉന്മേഷത്തിലായി.

എന്നാൽ, പെനാൽറ്റി ഷൂട്ടൗട്ടിൽ അവസാനമായി ഫ്രാൻസിന്റെ വല കുലുങ്ങിയതോടെ തിങ്ങിനിറഞ്ഞ ബാറുകളീലും പബ്ബു കളിലും മറ്റുംകനത്ത നിരാശയും നിശബ്ദതയും നിറഞ്ഞു. ഇത് ദൈവങ്ങൾ തമ്മിലുള്ള കളിയായിരുന്നു എന്നാണ് ഒരു ഫ്രഞ്ച് ആരാധകൻ ലോകകപ്പ് ഫൈനലിനെ വിശേഷിപ്പിച്ചത്.

ആഹ്ലാദതിമിർപ്പിൽ അർജന്റീന

ഫ്രാൻസിൽ ദുഃഖവും കോപവും അന്തരീക്ഷത്തിൽ നിറഞ്ഞപ്പോൾ അർജന്റീനക്ക് ഇത് ആഹ്ലാദത്തിന്റെ നിമിഷങ്ങളായിരുന്നു. ബ്യുണസ് അയേഴ്സിലെ തെരുവുകളിൽ നൃത്തച്ചുവടുകളുമായി എത്തിയ ആരാധകർ ആർപ്പ് വിളികളോടെ 1986 ന് ശേഷം ആരംഭിച്ച തങ്ങളുടെ നീണ്ട കാത്തിരിപ്പ് അവസാനിക്കുന്നതായി പ്രഖ്യാപിച്ചു. തന്റെ കരിയറിലെ ഏറ്റവും വലിയ സ്വപ്ന സാക്ഷാത്ക്കരത്തിന് രാജ്യത്തെ ജനങ്ങൾ ഒന്നടങ്കം ലിയൊണൽമെസ്സിക്ക് അഭിവാദ്യങ്ങൾ അറിയിച്ചു.

കേവലം അർജന്റീനയിൽ മാത്രമായിരുന്നില്ല ആഘോഷങ്ങൾ. ലോകമെമ്പാടുമുള്ള അർജന്റീനിയൻ ആരാധകർ ആഘോഷം ഏറ്റെടുത്തു. ഖത്തറിൽ ഫ്രഞ്ച് ആരാധകരേക്കാൾ എണ്ണത്തിൽ കൂടുതലുണ്ടായിരുന്ന അർജന്റീനിയൻ ആരാധകർ മൈതാനത്തിൽ നിന്നും തന്നെ ആഘോഷങ്ങൾ ആരംഭിച്ചിരുന്നു.