മൂന്നര ദശബ്ദക്കാലത്തെ കാത്തിരിപ്പിനൊടുവിൽ ലോകകപ്പുമായി നാട്ടിലെത്തിയ മെസ്സിക്കും കൂട്ടർക്കും ലഭിച്ചത് സ്വപ്നങ്ങളിൽ മാത്രം കാണാൻ കഴിയുന്ന തരത്തിലുള്ള സ്വീകരണമായിരുന്നു. ഇന്നലെ അതിരാവിലെ കപ്പുമായി എത്തുന്ന തങ്ങളുടെ പ്രിയ താരങ്ങളെ സ്വീകരിക്കാൻ ആയിരങ്ങളായിരുന്നു ആവേശപൂർവ്വം ബ്യുണസ് അയേഴ്സിന്റെ തെരുവുകളിൽ കാത്തു നിന്നിരുന്നത്.

പെനാൽറ്റിയിൽ ഫ്രാൻസിന്റെ വല കുലുക്കി, അർജന്റീന വിജയം ഉറപ്പിച്ചപ്പോൾ തന്നെ ഈ ലാറ്റിൻ അമേരിക്കൻ രാജ്യം ഉത്സവതിമിർപ്പിലേക്ക് കടന്നിരുന്നു. അവസാനിക്കാത്ത ആഘോഷങ്ങൾക്ക് കൂടുതൽ ആവേശം പകർന്നുകൊണ്ടാണ് മെസ്സിയും കൂട്ടരും കപ്പുമായി അർജന്റീനയുടെ തലസ്ഥാനത്ത് വിമാനമിറങ്ങിയത്. വിജയികൾക്കുള്ള സ്വർണ്ണമെഡൽ അണിഞ്ഞു, കപ്പ് കൈയിൽ ഉയർത്തിപ്പിടിച്ചും തുറന്ന ബസ്സിൽ ബ്യുണസ് അയേഴ്സിലെ തെരുവുകളിലൂടെ സഞ്ചരിച്ച് അവർ ആരാധകരുടെ ആവേശം വർദ്ധിപ്പിച്ചു.

ആവേശം മൂത്ത ആരാധകർ കളിക്കാർ സഞ്ചരിച്ചിരുന്ന ബസ്സിലേക്ക് ചാടിക്കയറാൻ തുടങ്ങിയതോടെ മുൻപോട്ടുള്ള യാത്ര ദുഷ്‌കരമായി. മാത്രമല്ല, ബ്യുണസ് അയേഴ്സിന്റെ തെരുവീഥികളെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് എത്തിയ 4 മില്യണിലധികം ആരാധകരെ മാറ്റി മുൻപോട്ട് പോകാൻ ബസ്സിന് ആകാതെ വന്നതോടുകൂടി കളിക്കാരെ ഹെലികോപ്റ്ററിലേക്ക് മാറ്റി. അർജന്റീനയുടെ തെളിഞ്ഞ ആകാശത്ത് അധികം ഉയരത്തിലല്ലാതെ ചുറ്റിപ്പറന്ന ഹെലികോപറ്ററുകളിൽ ഇരുന്ന് കളിക്കാർ ആരാധകരെ കൈകൾ വീശി അഭിവാദ്യം ചെയ്തു.

തെരുവിൽ നിറഞ്ഞ പുരുഷാരം ആകാശത്തേക്ക് നോക്കി കൈകൾവീശുന്ന ദൃശ്യങ്ങൾ ടെലിവിഷൻ ചാനലുകളിൽ പ്രത്യക്ഷപ്പെട്ടതോടെ അർജ്ന്റീന പ്രസിഡണ്ടിന്റെ വക്താവ് ഗബ്രിയേല സെറുറ്റി ട്വീറ്ററിലെത്തി. ''ആഹ്ലാദത്തിന്റെ വിസ്ഫോടനത്തിൽ നിരത്തുകൾ കവിഞ്ഞൊഴുകിയപ്പോൾ ചമ്പ്യന്മാർക്ക് ആകാശ്മാർഗ്ഗം യത്ര ചെയ്യേന്റി വന്നു'' എന്നായിരുന്നു ഗബ്രിയേല ട്വീറ്ററിൽ കുറിച്ചത്. നമുക്ക് സമാധാനത്തോടെ വിജയം ആഘോഷിക്കാം, കളിക്കാരോടുള്ള സ്നേഹവും ആദരവും പ്രകടിപ്പിക്കാം എന്നും ഗബ്രിയേല ട്വീറ്ററിൽ കുറിച്ചു.

യഥാർത്ഥത്തിൽ അർജന്റീന ഫുട്ബോൾ അസ്സോസിയേഷൻ ട്രെയിനിങ് സ്ഥലത്തു നിന്നും ഒബെലിസ്‌കിലേക്ക് ബസ്സിൽ യാത്ര ചെയ്യുവാനായിരുന്നു തീരുമാനിച്ചിരുന്നത്. ഏകദേശം 30 ലക്ഷം ആരാധകരായിരുന്നു അവിടെ വിജയികളെ സ്വീകരിക്കൻ കത്തു നിന്നിരുന്നത്. എന്നാൽ, സർക്കാർ സുരക്ഷാ ഉപദേഷ്ടാക്കളുടെ നിർദ്ദേശം മാനിച്ച് അവസാന നിമിഷം പരിപാടിയിൽ മറ്റം വരുത്തുകയായിരുന്നു.

അങ്ങനെയാണ് യാത്ര ഹെലികോപറ്ററിൽ ആക്കിയത്. അതിനിടയിൽ പൊലീസിനു നേരെ ചെറിയ കയ്യാങ്കളികൾ ഉണ്ടായതായും റിപ്പോർട്ടുണ്ട്. പൊലീസിന്റെ വാഹനം തട്ടിയെടുക്കാനുള്ള ശ്രമവും നടന്നു.