ദോഹ: അടുത്ത ലോകകപ്പിൽ ഇന്ത്യൻ ഫുട്‌ബോൾ ടീം കളിക്കാനുള്ള സാധ്യതയുണ്ടെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റീനോ. ഇന്ത്യൻ ഫുട്ബോളിനേയും ദേശീയ ടീമിനേയും മികച്ചതാക്കാൻ ഫിഫ വലിയ നിക്ഷേപം നടത്തുമെന്നും ഫിഫ പ്രസിഡന്റ് പറഞ്ഞു.

യുഎസ്-മെക്സിക്കോ-കാനഡ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിൽ 16 ടീമുകൾക്ക് കൂടി യോഗ്യത നൽകുന്നത് ചൂണ്ടിക്കാട്ടിയാണ് ഇൻഫന്റീനോയുടെ പരാമർശം. ഇൻസ്റ്റഗ്രാമിൽ ഫുട്ബോൾ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകവെയാണ് ഇൻഫന്റീനോയുടെ ഇന്ത്യയുടെ ലോകകപ്പ് പ്രവേശനത്തെ കുറിച്ച് പ്രതീക്ഷ പ്രകടിപ്പിച്ചത്.

ലോകകപ്പ് സംഘാടനത്തിൽ ഖത്തറിന് ഫിഫ പ്രസിഡന്റ് നന്ദി പറഞ്ഞു. ഇൻസ്റ്റഗ്രാം സന്ദേശത്തിലൂടെയാണ് പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ ഖത്തറിന്റെ സംഘാടന മികവിനെ പ്രശംസിച്ചത്. 'ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പാണ് ഖത്തർ സമ്മാനിച്ചത്. എല്ലാവരെയും ഹൃദ്യമായാണ് ഖത്തർ സ്വീകരിച്ചത്. എങ്ങനെയാണ് ഫുട്‌ബോൾ ലോകത്തെ ഒന്നിപ്പിക്കുന്നത് എന്ന് ഖത്തർ കാണിച്ചു തന്നു, ഇന്ത്യക്ക് അടുത്ത ലോകകപ്പ് കളിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്...'

ലോകകപ്പ് ജേതാക്കളായ അർജന്റീനയെ അഭിനന്ദിക്കാനും ഇൻഫാന്റിനോ മറന്നില്ല. അതേസമയം ഏറ്റവും സുരക്ഷിതമായ ലോകകപ്പാണ് ഖത്തറിൽ നടന്നതെന്ന് ലോകകപ്പ് സിഇഒ നാസർ അൽഖാതർ അഭിപ്രായപ്പെട്ടു. ഫാമിലി ഫ്രണ്ട്‌ലി ലോകകപ്പാണ് ഖത്തർ ഒരുക്കിയത്. ലോകകപ്പിലൂടെ അറബ് ലോകത്തെ കുറിച്ചുള്ള മുൻ വിധികൾ മാറ്റാനായെന്ന് സുപ്രീംകമ്മിറ്റി സെക്രട്ടറി ജനറൽ ഹസൻ അൽ തവാദിയും അവകാശപ്പെട്ടു

'ചരിത്രത്തിലെ ആദ്യ കോംപാക്ട് ലോകകപ്പിനാണ് ഖത്തർ ആതിഥ്യമരുളിയത്. ഒരു നഗരം കേന്ദ്രീകരിച്ചായിരുന്നു എല്ലാ മത്സരങ്ങളും. സംഘാടകർ നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയും ഇതായിരുന്നു. എന്നാൽ ഒരു സുരക്ഷാ പ്രശ്‌നം പോലും ലോകകപ്പ് കാലത്ത് റിപ്പോർട്ട് ചെയ്തില്ല, ഇക്കാര്യത്തിൽ സുരക്ഷാ വിഭാഗത്തോടുള്ള കൃതജ്ഞത രേഖപ്പെടുത്തുകയാണ്. സുരക്ഷിതവും ഫാമിലി ഫ്രണ്ട്‌ലിയുമായ ലോകകപ്പാണ് ഖത്തർ നടത്തിയത്'. ലോകത്തെ എല്ലാ സംസ്‌കാരങ്ങളെയും ഒരേ വേദിയിൽ സമന്വയിപ്പിക്കാൻ സാധിച്ചെന്നും അദ്ദേഹം പറഞ്ഞു.

വൈവിധ്യമായിരുന്നു ഖത്തർലോകകപ്പിന്റെ മുഖമുദ്രയെന്ന് സുപ്രീംകമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലോ ലെഗസി സെക്രട്ടറി ജനറൽ ഹസൻ തവാദി പറഞ്ഞു. ഒരു ലോകകപ്പ് മത്സരം കാണുകയെന്ന ഒട്ടേറെ പേരുടെ സ്വപ്ന സാക്ഷാത്കാരത്തിന് ഖത്തർ വഴിയൊരുക്കി. അറബ് ലോകത്തെ കുറിച്ചുള്ള മുൻവിധികൾ മാറ്റാനായെന്നെന്നും ഹസൻ അൽ തവാദി പറഞ്ഞു