പാരിസ്: അർജന്റീനയുടെ ലോകകപ്പ് വിജയാഘോഷത്തിനിടെ ഫ്രഞ്ച് താരം കിലിയൻ എംബാപ്പെയെ എമിലിയാനോ മാർട്ടിനസ് പരിഹസിച്ചെന്ന ആരോപണം കടുപ്പിച്ച് താരത്തിനെതിരെ രൂക്ഷ വിമർശനവുമായി മുൻ ഫ്രഞ്ച് ഡിഫൻഡർ ആദിൽ റാമി.

ലോകത്തെ ഏറ്റവും വെറുക്കപ്പെട്ട മനുഷ്യനാണ് അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസെന്നാണ് 2018ലെ റഷ്യൻ ലോകകപ്പിൽ ഫ്രാൻസ് ടീമിൽ അംഗമായിരുന്ന ആദിൽ റാമി കുറ്റപ്പെടുത്തിയത്. ഇൻസ്റ്റഗ്രാമിലെ കുറിപ്പിലാണ് കടുത്ത വിമർശനം.

ഏറ്റവും മികച്ച ഗോൾകീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗ മൊറോക്കോക്കാരനായ യാസീൻ ബോനുവിന് നൽകേണ്ടതായിരുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എംബാപ്പെ അവരെ വളരെയധികം പ്രതിരോധത്തിലാക്കിയെന്നും നീണ്ട കാത്തിരിപ്പിനൊടുവിൽ ലോകകപ്പ് നേടിയതിലുള്ള ആഘോഷത്തേക്കാൾ ഞങ്ങളുടെ ടീമിനെതിരായ വിജയമാണ് അവർ ആഘോഷിക്കുന്നതെന്നും താരം കുറിച്ചു. 2018ലെ റഷ്യൻ ലോകകപ്പിൽ ഫ്രാൻസ് ചാമ്പ്യന്മാരാകുമ്പോൾ ടീം അംഗമായിരുന്നു ആദിൽ റാമി.

'' ലോകത്ത് ഏറ്റവും വെറുക്കപ്പെട്ട മനുഷ്യൻ ' എന്നാണ് ഇപ്പോൾ എമിയെ കുറിച്ച് റാമി അഭിപ്രായപ്പെട്ടിരിക്കുന്നത്. തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിലൂടെയാണ് 2018-ലെ വേൾഡ് ചാമ്പ്യൻ കൂടിയായ റാമി ഇക്കാര്യം കുറിച്ചിരിക്കുന്നത്. മാത്രമല്ല കിലിയൻ എംബപ്പേക്ക് ഇദ്ദേഹം തന്റെ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

''ഫൈനലിൽ അർജന്റീന പുറത്തെടുത്ത കളിയേയും റാമി വിമർശിച്ചു. മെസി സംബന്ധിച്ചുള്ള എല്ലാ കാര്യങ്ങളും എനിക്ക് ഇഷ്ടമാണ്. എന്നാൽ അർജന്റീന എന്ന ടീമിനോട് എനിക്ക് താത്പര്യമില്ല. ലോകകപ്പിൽ അവർ വളരെ മോശമായ രീതിയാണ് പുറത്തെടുത്തത്,'' റാമി കൂട്ടിച്ചേർത്തു.

യൂറോപ്യൻ ടീമുകളാണ് ലോകകപ്പിനായി നന്നായി ഒരുങ്ങിയിട്ടുള്ളതെന്നും അവരാണ് എല്ലായ്‌പ്പോഴും നിലവാരത്തിലുള്ള മത്സരങ്ങൾ കളിക്കാറുള്ളതെന്നും എംബാപ്പെ നടത്തിയ പരാമർശമാണ് എമിലിയാനോ മാർട്ടിനെസിനെ ചൊടിപ്പിച്ചത്.

ലോകകപ്പിന് മാസങ്ങൾക്ക് മുമ്പ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു എംബാപ്പെയുടെ പ്രതികരണം. ഈ പ്രസ്താവന മാധ്യമപ്രവർത്തകർ മാർട്ടിനെസിന്റെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ എംബാപ്പെയ്ക്ക് ഫുട്ബോളിനെ കുറിച്ച് വേണ്ടത്ര അറിവില്ലെന്നാണ് മാർട്ടിനെസ് തിരിച്ചടിച്ചത്. മത്സരത്തിന് മുമ്പ് നടന്ന വാർത്താസമ്മേളനത്തിലായിരുന്നു എംബാപ്പെയെ മാർട്ടിനെസ് വിമർശിച്ചത്.

ലാറ്റിനമേരിക്കയിൽ എംബാപ്പെ കളിച്ചിട്ടില്ലെന്നും മാർട്ടിനെസ് പ്രതികരിച്ചു. നിങ്ങൾക്ക് അനുഭവമില്ലാത്തതിനെ കുറിച്ച് സംസാരിക്കാതിരിക്കുന്നതാണ് നല്ലത്. അതൊന്നും തങ്ങൾ കാര്യമാക്കുന്നില്ല. അർജന്റീന മികച്ച ടീമാണെന്നും മെസ്സിക്ക് ഒരു ലോകകപ്പ് കൂടി കളിക്കാനുള്ള ബാല്യമുണ്ടെന്നും മാർട്ടിനെസ് പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ലോകകപ്പ് കിരീടം സ്വന്തമാക്കിയ ശേഷം ആഘോഷങ്ങൾക്കിടെ എമി എംബാപ്പെയെ പരിഹസിക്കുന്ന രീതിയിൽ പ്രതികരിച്ചത്.

ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കി കിരീട നേട്ടത്തിൽ ടീമിന്റെ ആഘോഷങ്ങൾക്കിടെ ഉണ്ടായ സംഭവങ്ങളാണ് കടുത്ത വാക്‌പോരിന് വഴിമാറിയത്. ഫൈനൽ കഴിഞ്ഞയുടൻ അർജന്റീന ഡ്രസിങ് റൂമിലെ ആഘോഷത്തിനിടെ എംബാപ്പെക്കായി ഒരു നിമിഷം മൗനം ആചരിക്കാൻ മാർട്ടിനസ് ആവശ്യപ്പെട്ടത് വിവാദമായിരുന്നു.

ബ്യൂണസ് ഐറിസിലെ വിക്ടറി പരേഡിലും എമി എംബാപ്പെയെ പരിഹാസിച്ചിരുന്നു. എംബാപ്പെയുടെ മുഖമുള്ള പാവയെ കൈയിൽ പിടിച്ച് നിൽക്കുന്ന മിർട്ടിനസിന്റെ ദൃശ്യം പുറത്തുവന്നു. പിന്നാലെ താരത്തിന്റെ ആഘോഷം അതിരുകടന്നെന്ന വിമർശനം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി.

വിജയാഹ്ലാദ പ്രകടനത്തിനിടെ ആരാധകർ എംബാപ്പെയുടെ കോലം കത്തിച്ച് അതിന് ചുറ്റും നൃത്തംവെക്കുന്ന വിഡിയോയും പുറത്തുവന്നു. താരത്തിന്റെ 24ാം ജന്മദിനത്തിലായിരുന്നു അർജന്റീന ആരാധകരുടെ രോഷപ്രകടനം. മികച്ച ഗോൾകീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗ പുരസ്‌കാരം ഏറ്റുവാങ്ങുമ്പോൾ എമിലിയാനോ മാർട്ടിനസ് നടത്തിയ അശ്ലീല ആംഗ്യം ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു.

ഫ്രഞ്ച് സൂപ്പർതാരമായ കമവിങ്കയെ അഗ്വേറോ അധിക്ഷേപിച്ചതും ഇപ്പോൾ വലിയ രൂപത്തിൽ ചർച്ചാവിഷയമായിട്ടുണ്ട്.അതേസമയം ഫ്രാൻസിലും ലയണൽ മെസ്സിക്കെതിരെ വലിയ അധിക്ഷേപങ്ങൾ നടന്നിരുന്നു.