തിരുവനന്തപുരം: ഫുട്‌ബോൾ ലോകകപ്പിന് ഖത്തറിൽ അരങ്ങൊരുങ്ങിയപ്പോൾ ഇങ്ങ് കേരളത്തിലും ആവേശത്തിന്റെ കൊടുമുടിയേറിയിരുന്നു. പുല്ലാവൂർ പുഴയിൽ തലയുയർത്തി നിന്ന ലയണൽ മെസിയും നെയ്‌മെറും ക്രിസ്റ്റ്യാനൊ റൊണാൾഡോയുമെല്ലാം ഫിഫയുടെ ഔദ്യോഗിക പേജിൽ വരെ എത്തി. ഇപ്പോൾ കേരളക്കരയുടെ അതിരില്ലാത്ത ഈ സ്‌നേഹത്തിന് നന്ദി അറിയിച്ചിരിക്കുകയാണ് സൂപ്പർ താരം നെയ്മർ.

''ലോകകത്തിന്റെ വിവിധ കോണിൽ നിന്ന് സ്‌നേഹം എത്തുന്നു. വളരെയധികം നന്ദി കേരളം,'' എന്നാണ് ഇൻസ്റ്റാഗ്രാമിൽ നെയ്മർ കുറിച്ചിരിക്കുന്നത്. തന്റെ കൂറ്റൻ കട്ടൗട്ടിന് മുന്നിൽ കൊച്ചു കുട്ടിയെ തോളത്ത് വച്ച് നിൽക്കുന്ന ആരാധകന്റെ ചിത്രവും നെയ്മർ പങ്കുവച്ചിട്ടുണ്ട്. നെയ്മറിന്റെ ഔദ്യോഗിക സൈറ്റിന്റെ പേരിലാണ് ഇൻസ്റ്റഗ്രാം അക്കൗണ്ടുള്ളത്.

 
 
 
View this post on Instagram

A post shared by Neymar Jr Site (@neymarjrsiteoficial)

ഫിഫ ലോകകപ്പിൽ ഏറെ കിരീട പ്രതീക്ഷകളുമായി എത്തിയ ബ്രസീൽ ക്വാർട്ടർ ഫൈനലിൽ പുറത്തായിരുന്നു. ക്രൊയേഷ്യയോട് പെനാലിറ്റി ഷൗട്ടൗട്ടിലായിരുന്നു കാനറികളുടെ പരാജയം. തോൽവിക്ക് ശേഷം മൈതാനത്തിരുന്ന് വിതുമ്പുന്ന നെയ്മർ ലോകകപ്പിന്റെ കണ്ണീർ കാഴ്ചകളിൽ ഒന്നായി മാറി. ഇനി നെയ്മർ ഒരു ലോകകപ്പിനിറങ്ങുമോ എന്നതിൽ വ്യക്തതയില്ല.

ഇനി ബ്രസീൽ കുപ്പായത്തിൽ ഇറങ്ങുമോ എന്ന കാര്യത്തിൽ നെയ്മറും വ്യക്തത നൽകിയിട്ടില്ല. കരിയറിൽ ഇത്രയും വേദനജനകമായ തിരിച്ചടിയുണ്ടായിട്ടില്ലെന്നായിരുന്നു ക്വാർട്ടർ ഫൈനലിലെ തോൽവിക്ക് പിന്നാലെ നെയ്മർ പ്രതികരിച്ചത്. വിരമിക്കൽ കാര്യങ്ങളെക്കുറിച്ചു താരം പ്രതികരിച്ചെങ്കിലും വ്യക്തമായ മറുപടിയല്ലായിരുന്നു നൽകിയത്. ഒന്നും ഉറപ്പിച്ചു പറയാറായിട്ടില്ലെന്നായിരുന്നു നെയ്മറിന്റെ പ്രതികരണം.

എന്നാൽ ബ്രസീലിയൻ മാധ്യമങ്ങൾ താരം വിരമിക്കില്ല എന്നാണ് റിപ്പോർട്ട് ചെയ്യുന്നത്. തോൽവിക്ക് പിന്നാലെ താരത്തിന് പിന്തുണയുമായി ഫുട്‌ബോൾ ഇതിഹാസം പെലെ ഉൾപ്പെടെയുള്ളവർ എത്തിയിരുന്നു.ഖത്തർ ലോകകപ്പിന്റെ ക്വാർട്ടറിൽ തന്നെ പുറത്തായെങ്കിലും ആരാധകർക്ക് ബ്രസീലിനോടും നെയ്മറിനോടുമുള്ള സ്നേഹത്തിന് കുറവുണ്ടായിട്ടില്ല

ഖത്തറിൽ കലാശപ്പോരിന് അരങ്ങ് ഒരുങ്ങുമ്പോൾ ആരാകും ലോകകപ്പിൽ മുത്തമിടുന്നതെന്നാണ് ആരാധകർ കാത്തിരിക്കുന്നത്. ഡിസംബർ 18ന് ലുസൈൽ സ്‌റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ അർജന്റീനയും ഫ്രാൻസും ഏറ്റുമുട്ടും.