- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
വളരെയധികം നന്ദി, കേരളം, ഇന്ത്യ: നന്ദി അറിയിച്ച് നെയ്മർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രം മലപ്പുറത്തുകാരന്റേത്; ചിത്രം വൈറലായതോടെ അദീബും നാട്ടിൽ താരമായി; ബ്രസീൽ താരം ഷെയർ ചെയ്തത് അദീബ് നാട്ടിൽ നിന്ന് പകർത്തിയ ചിത്രം
മലപ്പുറം: സാക്ഷാൽ നെയ്മർ ഇന്ത്യയോടും കേരളത്തോടും നന്ദി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രം മലപ്പുറത്തുകാരന്റേത്. മലപ്പുറം ചങ്ങരംകുളം ഒതളൂർ സ്വദേശിയായ അദീബ് നാട്ടിൽ നിന്ന് പകർത്തിയ ചിത്രമാണിത്. അദീബ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രം ബ്രസീൽ ഫാൻസ് വഴി നെയ്മറിൽ എത്തുകയായിരുന്നു. ചിത്രം വൈറലായതോടെ അദീബും നാട്ടിൽ താരമായിരിക്കുകയാണ്.
നെയ്മറുടെ കൂറ്റൻ കട്ടൗട്ട് നോക്കിനിൽക്കുന്ന അദീബിന്റേയും കുട്ടിയുടേയും ചിത്രം സഹിതമാണ് നെയ്മറിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്. നെയ്മർ ജൂനിയറിന്റെ ഒഫീഷ്യൽ വെബ്‌സൈറ്റിന്റെ പേരിലുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് ചിത്രം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
കേരളത്തിന്റെയും പ്രത്യേകിച്ചു മലബാറുകാരുടേയും മലപ്പുറത്തുകാരുടേയുും ഫുട്‌ബോൾ ആരാധനയും ആവേശവും മുമ്പും ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. കോഴിക്കോട് പുള്ളാവൂരിലെ ചെറുപുഴയിൽ ആരാധകർ സ്ഥാപിച്ച കൂറ്റൻ കട്ടൗട്ടുകളുടെ വാർത്ത ഫിഫയുടെ ഔദ്യോഗിക പേജുകളിൽ വരെ സ്ഥാനം പിടിച്ചിരുന്നു. ഇതിന് പിന്നാലെയാണിപ്പോൾ കേരളത്തിലെ ആരാധകരുടെ സ്‌നേഹത്തിന് നന്ദി പറഞ്ഞ് സാക്ഷാൽ നെയ്മർ എത്തിയിരിക്കുന്നത്.
ലോകത്തിന്റെ എല്ലാ കോണുകളിൽ നിന്നും സ്‌നേഹം വരുന്നു. വളരെയധികം നന്ദി കേരളം' ഇന്ത്യ.. ചിത്രം പങ്കുവെച്ചുകൊണ്ട് നെയ്മർ കുറിച്ചു. നെയ്മർ ജൂനിയറിന്റെ ഔദ്യോഗിക വെബ്‌സൈറ്റിന്റെ പേരിലുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് മലയാളികൾക്കെല്ലാം അഭിമാനിക്കാവുന്ന ചിത്രം പ്രത്യക്ഷപ്പെട്ടത്.ഖത്തർ ലോകകപ്പിന്റെ ക്വാർട്ടറിൽ തന്നെ പുറത്തായെങ്കിലും ആരാധകർക്ക് ബ്രസീലിനോടും നെയ്മറിനോടുമുള്ള സ്‌നേഹത്തിന് കുറവുണ്ടായിട്ടില്ല.
ക്രൊയേഷ്യയുമായുള്ള മത്സരത്തിൽ ഷൂട്ടൗട്ടിൽ പരാജയപ്പെട്ട് ഗ്രൗണ്ടിലിരുന്ന് വിതുമ്പുന്ന നെയ്മറുടെ മുഖം ഹൃദയം നുറുങ്ങുന്ന കാഴ്ചയായി. ഖത്തറിലെ പരാജയത്തിനു പിന്നാലെ നെയ്മർ ദേശീയ ടീമിൽ നിന്ന് വിരമിക്കുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ബ്രസീൽ ടീമിൽ താരം തുടരുമെന്നുള്ള റിപ്പോർട്ടുകളും വരുന്നുണ്ട്. തോൽവിക്ക് പിന്നാലെ താരത്തിന് പിന്തുണയുമായി ഫുട്‌ബോൾ ഇതിഹാസം പെലെയടക്കമുള്ളവർ രംഗത്തെത്തിയിരുന്നു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്