- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
പരിക്ക് വീണ്ടും വില്ലനായി; മൂന്നു താരങ്ങൾക്ക് പിന്നാലെ സൂപ്പർ താരവും പുറത്ത്; നിലവിലെ ചാമ്പ്യന്മാർക്ക് വമ്പൻ തിരിച്ചടി; ആശങ്കയിൽ ഫ്രഞ്ച് ആരാധകർ; കിക്കോഫിന് ഇനി 4 നാൾ
ദോഹ: ലോകകപ്പ് നിലനിർത്താമെന്നുള്ള സ്വപ്നങ്ങൾക്കിടെ ഫ്രാൻസിന് വീണ്ടും തിരിച്ചടി. മുന്നേറ്റ നിരയിലെ സൂപ്പർ താരം ക്രിസ്റ്റഫർ എൻകുങ്കുവിന് പരിശീലനത്തിനിടെ പരിക്കേറ്റു. താരത്തിന് ലോകകപ്പ് നഷ്ടമാകുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. ആർ ബി ലെയ്പസിഗിന് വീണ്ടും മികച്ച ഫോമിൽ കളിച്ചിരുന്ന എൻകുങ്കുവിൽ ഫ്രാൻസിന് ഒരുപാട് പ്രതീക്ഷകളാണ് ഉണ്ടായിരുന്നത്.
ഇന്നലത്തെ പരിശീലന സെഷനിടെ മധ്യനിര താരം എഡ്വാർഡോ കാമവിംഗയുമായി പന്തിനായുള്ള ഒരു ചാലഞ്ച് നടത്തുന്നതിനിടെയാണ് എൻകുങ്കുവിന്റെ കാലിന് പരിക്കേറ്റത്. വേദനയാൽ പുളഞ്ഞ എൻകുങ്കു ചികിത്സ തേടുന്നതിനായി ഉടൻ തന്നെ ട്രെയിനിങ് ഫീൽഡിൽ നിന്ന് പുറത്തേക്ക് പോയി. താരത്തിന് ലോകകപ്പ് നഷ്ടമാകുമെന്നാണ് ഫ്രാൻസ് ഫുട്ബോൾ ടീം വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
പോൾ പോഗ്ബ, എൻഗോളോ കാന്റെ, കിംപെമ്പെ എന്നിവരെ ലോകകപ്പിന് മുമ്പ് തന്നെ ഫ്രാൻസിന് പരിക്ക് മൂലം നഷ്ടമായിരുന്നു. ഇപ്പോൾ എൻകുങ്കുവിന് കൂടെ പരിക്ക് വില്ലനാകുമ്പോൾ ഫ്രഞ്ച് ആരാധകർ കടുത്ത നിരാശയിലാണ്. ഈ സീസണിൽ മിന്നുന്ന ഗോളടി മികവിലായിരുന്നു എൻകുങ്കു. ജർമൻ ബുന്ദസ്ലീഗിൽ 15 മത്സരങ്ങളിൽ നിന്ന് 12 ഗോളുകളാണ് താരം അടിച്ചു കൂട്ടിയിരുന്നത്.
ഈ സീസണിൽ പരിക്ക് നിരന്തരം വേട്ടയാടുന്ന കരീം ബെൻസേമയുടെ അവസ്ഥ കൂടി പരിഗണിക്കുമ്പോൾ എൻകുങ്കുവിന്റെ സാന്നിധ്യം വലിയ ആശ്വാസമായിരുന്നു ഫ്രഞ്ച് ടീമിന് നൽകിയിരുന്നത്. ഗ്രൂപ്പ് ഡിയിൽ ഓസ്ട്രേലിയ, ഡെന്മാർക്ക്, ടൂണീഷ്യ എന്നീ ടീമുകൾക്കൊപ്പമാണ് ഫ്രാൻസ് ഉൾപ്പെട്ടിരിക്കുന്നത്. 23ന് ഓസ്ട്രേലിയക്കെതിരെയാണ് ഫ്രഞ്ച് പടയുടെ ആദ്യ മത്സരം. നേഷൻസ് ലീഗിൽ ഫ്രാൻസിനെ പരാജയപ്പെടുത്തിയ ഡെന്മാർക്ക് തന്നെയാണ് ഗ്രൂപ്പിലെയും പ്രധാന വെല്ലുവിളി.
ഫ്രഞ്ച് ടീം:
ഗോൾകീപ്പർമാർ: ഹ്യൂഗോ ലോറിസ് (ടോട്ടൻഹാം), സ്റ്റീവ് മന്ദാൻഡ (റെന്നസ്), അൽഫോൻസ് അരിയോള (വെസ്റ്റ് ഹാം യുണൈറ്റഡ്)
ഡിഫൻഡർമാർ: ലൂക്കാസ് ഹെർണാണ്ടസ് (ബയേൺ മ്യൂണിക്ക്), തിയോ ഹെർണാണ്ടസ് (എസി മിലാൻ), അക്സൽ ഡിസാസി (മൊണോക്കോ), ഇബ്രാഹിമ കൊണാറ്റെ (ലിവർപൂൾ), യൂൾസ് കൂന്റെ (ബാഴ്സലോണ), ബെഞ്ചമിൻ പവാർഡ് (ബയേൺ മ്യൂണിക്ക്), വില്യം സാലിബ (ആഴ്സണൽ), റാഫേൽ വരാനെ (മാഞ്ചസ്റ്റർ യുണൈറ്റഡ്), ഡായോ ഒപമെക്കാനോ (ബയേൺ മ്യൂണിക്ക്).
മിഡ്ഫീൽഡർമാർ: എഡ്വേർഡോ കാമവിംഗ (റയൽ മാഡ്രിഡ്), യൂസഫ് ഫൊഫാന (മൊണാക്കോ), മാറ്റിയോ ഗെൻഡുസി (മാഴ്സെ), അഡ്രിയൻ റാബിയോട്ട് (യുവന്റസ്), ഒറെലിയൻ ചുവമെനി (റയൽ മാഡ്രിഡ്), ജോർദാൻ വേറെറ്റോ (മാഴ്സെ)
ഫോർവേഡുകൾ: കരീം ബെൻസേമ (റയൽ മാഡ്രിഡ്), കിങ്സ്ലി കോമാൻ (ബയേൺ മ്യൂണിക്ക്), ഒസ്മാൻ ഡെംബെലെ (ബാഴ്സലോണ), ഒളിവിയർ ജിറൂദ് (എസി മിലാൻ), അന്റോയിൻ ഗ്രീസ്മാൻ (അത്ലറ്റിക്കോ മാഡ്രിഡ്), കിലിയൻ എംബാപ്പെ (പിഎസ്ജി), മാർക്കസ് തുറാം (ബൊറൂസിയ മോൻചെൻഗ്ലാഡ്ബാച്ച്)
മറുനാടന് മലയാളി ബ്യൂറോ