ദോഹ: ഏറ്റവും കൂടുതൽ ഗോളുകൾ പിറന്ന ലോകകപ്പ് എന്ന ചരിത്ര നേട്ടവുമായി ഖത്തർ. ഖത്തറിൽ ആകെ പിറന്നത് 172 ഗോളുകളാണ്. 1998, 2014 ലോകകപ്പുകളിൽ നേടിയ 171 ഗോളുകളുടെ റെക്കോർഡാണ് മറികടന്നത്. മത്സരിച്ച 32 ടീമുകളും ഇത്തവണ ഗോൾ നേടിയെന്ന പ്രത്യേകതയുമുണ്ട്.

ഫ്രാൻസാണ് കൂടുതൽ ഗോൾ നേടിയത്.16 ഗോളുകൾ. അർജന്റീന 15 ഗോളുമായി രണ്ടാം സ്ഥാനത്ത് നിൽക്കുന്നു.ഇംഗ്ലണ്ട് 13ഉം പോർച്ചുഗൽ 12ഉം നെതർലൻഡ്സ് 10ഉം ഗോൾ നേടി. സ്പെയിൻ, ബ്രസീൽ ടീമുകൾ നേടിയത് ഒൻപത് ഗോളകളാണ്.

ഫൈനലിൽ ഫ്രാൻസും അർജന്റീനയും മത്സരിച്ച് ഗോളടിച്ചപ്പോൾ 120 മിനിറ്റിനിടെ ആറ് തവണ പന്ത് വലയിലെത്തി. എന്നിട്ടും ജേതാക്കളെ നിശ്ചയിക്കാൻ ഷൂട്ടൗട്ട് വേണ്ടിവന്നു. തുടർച്ചയായ രണ്ടാം ലോകകപ്പിലാണ് ഫൈനലിൽ ആറുഗോൾ പിറക്കുന്നത്.

ക്വാർട്ടർ ഫൈനൽ വരെ രിഹ്‌ല എന്ന പന്തായിരുന്നു ലോകകപ്പിൽ ഉപയോഗിച്ചത്. സെമിയിലും ഫൈനലിലും ഫൈനലിലും അൽ ഹിൽമ് എന്ന പന്താണ് ഉപയോഗിച്ചത്, സ്വപ്നം എന്നാണ് അർത്ഥം. അഡിഡാസ് തന്നെയായിരുന്നു രണ്ട് പന്ത് രൂപകൽപന ചെയ്ത് നിർമ്മിച്ചത്. കളിക്കാരുടെ ഓരോ ടച്ചും രേഖപ്പെടുത്തുന്ന ടെക്‌നോളജി പന്തുകളിൽ ഉപയോഗിച്ചിരുന്നു.

അമേരിക്ക, മെക്‌സിക്കോ, കാനഡ എന്നി മൂന്നിടങ്ങളിലായാണ് 2026ലെ ലോകകപ്പിന് വേദിയൊരുങ്ങുന്നത്.യുണൈറ്റഡ് 2026 എന്ന പേരിൽ നടക്കുന്ന ലോകകപ്പിൽ ടീമുകളുടെ എണ്ണത്തിലും കാര്യമായ വർധന ഉണ്ടാകും.നിലവിലെ 32ൽ നിന്ന് 48 ആയി ഉയരും.