ദോഹ: ഫിഫ റാങ്കിങ്ങിൽ അമ്പതാം സ്ഥാനത്തുള്ള ഖത്തർ ഫുട്‌ബോൾ ടീം. 44-ാം സ്ഥാനത്തുള്ള ഇക്വഡോർ. ഖത്തർ ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ഇരുവരും ഏറ്റുമുട്ടുമ്പോൾ പ്രവചനങ്ങൾക്ക് വലിയ പ്രസക്തിയില്ല. ഏറെക്കുറെ തുല്യ ശക്തികൾ എന്ന് കരുതാവുന്ന ടീമുകളുടെ പോരാട്ടം. ആരു ജയിച്ചാലും അത് അദ്ഭുതമാവില്ല.

ആരാധകരുടെ മുഴുവൻ കാത്തിരിപ്പിന് വിരാമം കുറിച്ച് ഖത്തറിലെ അൽ ബൈത്ത് സ്റ്റേഡിയത്തിൽ ലോകകപ്പിന്റെ ആദ്യ വിസിൽ മുഴങ്ങാൻ ഇനി മണിക്കൂറുകൾ മാത്രമാണുള്ളത്. ഇന്ത്യൻ സമയം ഞായറാഴ്‌ച്ച രാത്രി 9.30നാണ് കിക്കോഫ്.

2002 ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ സെനഗൽ നിലവിലെ ചാംപ്യന്മാരായ ഫ്രാൻസിനെ അട്ടിമറിച്ചതു പോലുള്ളൊരു ആവേശത്തിന് ഇത്തവണ സ്‌കോപ്പില്ല. എന്നാൽ ചരിത്രത്തിലേക്ക് പന്തുതട്ടാനാണ് ഖത്തർ ഇറങ്ങുന്നത്. ആദ്യമായാണ് രാജ്യം ലോകകപ്പിൽ കളിക്കുന്നത്.

ലോകകപ്പിലെ ഉദ്ഘാടന മത്സരങ്ങളിൽ ആതിഥേയർ ഇതുവരെ തോറ്റിട്ടില്ല. സ്വന്തം നാട്ടുകാർക്കുമുന്നിൽ ചരിത്രം കുറിക്കാനിറങ്ങുമ്പോൾ ഖത്തറിന്റെ പ്രതീക്ഷയും വെല്ലുവിളിയും ഇതുതന്നെയാണ്. ആതിഥേയർ ഉദ്ഘാടന മത്സരം കളിക്കാൻ തുടങ്ങിയത് 2006ലെ ജർമൻ ലോകകപ്പിലാണ്. കോസ്റ്റാറിക്കയെ രണ്ടിനെതിരെ നാല് ഗോളിന് തകർത്താണ് ജർമനി മ്യൂണിക്കിൽ കരുത്തുകാട്ടിയത്.

2010ലെ ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്ക് മെക്സ്‌ക്കോയായിരുന്നു എതിരാളികൾ. ഇരുടീമും ഓരോഗോളടിച്ച് സമനിലയിൽ പിരിഞ്ഞു. 2014ൽ ബ്രസീലിന് എതിരാളികളായി കിട്ടിയത് ക്രോയേഷ്യ. ബ്രസീലിന്റെ ജയം ഒന്നിനെതിരെ മൂന്ന് ഗോളിന്. കഴിഞ്ഞ ലോകകപ്പിൽ റഷ്യ- സൗദി അറേബ്യ മത്സരത്തോടെയാണ് പോരാട്ടങ്ങൾക്ക് തുടക്കമായത്. എതിരില്ലാത്ത അഞ്ച് ഗോളിന് ജയിച്ച് റഷ്യ ആതിഥേയരുടെ അഭിമാനമുയർത്തി. ഇത്തവണ ഖത്തർ അത്തരമൊരു 'അട്ടിമറി വിജയം' കൈവരിക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

സ്വന്തം മണ്ണിൽ കളിക്കുന്നതിന്റെ ആവേശത്തിലാണ് ഖത്തർ. ആദ്യ കളിയിൽ ജയമോ സമനിലയോ നേടാൻ കഴിഞ്ഞാൽ ടീമിന് വലിയനേട്ടമാകും. ഫെലിക്സ് സാഞ്ചസ് പരിശീലിപ്പിക്കുന്ന ടീമിന്റെ പ്രധാന പ്രതീക്ഷ സൂപ്പർ സ്‌ട്രൈക്കർ അൽമോയ്‌സ് അലിയിലാണ്. രാജ്യത്തിനായി 42 ഗോളുകളാണ് അലി നേടിയിട്ടുള്ളത്. 5-3-2 ശൈലിയിലാകും ടീം കളിക്കാൻ സാധ്യത.

തെക്കേ അമേരിക്കൻ യോഗ്യതാറൗണ്ടിൽ നാലാം സ്ഥാനക്കാരായാണ് എക്വഡോറിന്റെ വരവ്. അവസാനം കളിച്ച ഏഴ് മത്സരങ്ങളിൽ അവർ തോൽവിയറിഞ്ഞിട്ടില്ല. 4-4-2 ശൈലിയിലാണ് പരിശീലകൻ ഗുസ്താവോ അൽഫറോ ടീമിനെ ഇറക്കാൻ സാധ്യത. സൂപ്പർ താരം എനർ വലൻസിയയും മൈക്കൽ എസ്ട്രാഡയുമാകും മുന്നേറ്റത്തിൽ. മോയ്‌സെ കായ്‌സെഡോയും കാർലോസ് ഗ്രുസോയും മധ്യനിരയ്ക്ക് നേതൃത്വം നൽകും. എക്വഡോർ ടീമിന്റെ ശരാശരി പ്രായം 25 വയസ് മാത്രമാണ്.

എന്നാൽ ലോകകപ്പിലേക്കുള്ള അവരുടെ യാത്ര അത്ര സുഖകരമായിരുന്നില്ല. കോടതി കയറി ഇറങ്ങിയാണ് അവർ ഖത്തറിലെത്തിയത്. എക്വഡോറിനെതിരേ ചിലിയും പെറുവുമാണ് പരാതി നൽകിയത്. യോഗ്യതയില്ലാത്ത ബൈറൻ ഡേവിഡ് കസ്റ്റിലോ എന്ന താരത്തെ കളത്തിലിറക്കി എന്നായിരുന്നു ആരോപണം. കായിക കോടതി എക്വഡോറിന് ലോകകപ്പ് കളിക്കാൻ അനുമതി നൽകിയെങ്കിലും ഫിഫ പിഴ വിധിച്ചു. 2026 ലോകകപ്പ് യോഗ്യതാ റൗണ്ടിൽ എക്വഡോറിന് മൂന്ന് പോയിന്റ് പെനാൽറ്റിയായി നൽകേണ്ടിവരും.

2019 ഏഷ്യാ കപ്പ് ചാമ്പ്യന്മാരായ ഖത്തർ അന്ന് ഫൈനലിൽ ജപ്പാനെയാണ് തോൽപ്പിച്ചത്. സമീപകാലത്ത് മികച്ച ഫോമിലാണ് ടീം പന്തു തട്ടുന്നത്. ലോകകപ്പിന് മുന്നോടിയായി കളിച്ച അവസാന നാല് സന്നാഹ മത്സരങ്ങളിൽ തകർപ്പൻ വിജയങ്ങളാണ് ടീം നേടിയത്.

എന്നാൽ, കോപ്പ അമേരിക്കയിലും കോൺകകാഫ് ഗോൾഡ് കപ്പിലും അതിഥികളായി പങ്കെടുത്ത ഖത്തർ ഏഷ്യൻ കപ്പ് ജേതാക്കളാവുകയും ചെയ്തു. അതിനാൽ, ഒപ്പത്തിനൊപ്പം നിൽക്കുന്ന പോരാട്ടം തന്നെ ഇന്നു പ്രതീക്ഷിക്കാം. ഇരുരാജ്യങ്ങളുടെയും ഫുട്‌ബോൾ കുതിപ്പിന് ഇന്ധനം പകരുന്നത് രണ്ട് അക്കാദമികളാണ്. ഖത്തറിന് ആസ്‌പെയറും ഇക്വഡോറിന് ഇൻഡിപെൻഡിയെന്റെയും. ഈ അക്കാദമികൾ തമ്മിലുള്ള മത്സരം കൂടിയാണ് ഇന്ന് അൽ ബൈത്ത് സ്റ്റേഡിയത്തിൽ നടക്കുക.

നേട്ടങ്ങളുടെ കാര്യത്തിൽ ആസ്‌പെയർ ഒരു ഹൈജംപറാണ്. 2004ൽ രൂപംകൊണ്ട അക്കാദമി അതിവേഗമാണ് ഉയരങ്ങൾ താണ്ടിയത്. 2020 ടോക്കിയോ ഒളിംപിക്‌സിൽ ഇറ്റലിയുടെ ജിയാന്മാർക്കോ ടാംബേരിയുമായി പുരുഷ ഹൈജംപ് സ്വർണം പങ്കുവച്ച മുതാസ് ഈസ ബർഷിം ആസ്പയറിന്റെ താരമാണ്. വിദേശ പരിശീലകരെയും ടീമുകളെയും അക്കാദമിയിലെത്തിച്ച് ഖത്തർ കളിക്കാർക്ക് അവരുമായി ഇടപഴകാനും മത്സരിക്കാനും അവസരമൊരുക്കുക എന്നതാണ് ആസ്പയർ ചെയ്യുന്ന പ്രധാന കാര്യങ്ങളിലൊന്ന്.

2014ൽ ആസ്പയറിന്റെ അധ്വാനത്തിനു ഫലം കിട്ടി. ഖത്തർ ടീം ഏഷ്യൻ അണ്ടർ 19 ചാംപ്യൻഷിപ്പിൽ ജേതാക്കളായി. അഞ്ചു വർഷത്തിനു ശേഷം ആ ടീമിലുണ്ടായിരുന്ന പലരും സീനിയർ ഏഷ്യൻ കപ്പിലും മുത്തമിട്ടു. ഇത്തവണ ലോകകപ്പിൽ ഖത്തറിന്റെ കുന്തമുനകളായ അക്രം അഫിഫും അൽമോയസ് അലിയുമെല്ലാം ആസ്പയറിൽ കളിച്ചു വളർന്നവരാണ്.

ആസ്പയർ അടിപൊളി സംവിധാനമാണെങ്കിൽ ഇക്വഡോറിന്റെ ഇൻഡിപെൻഡിയെന്റ ഡെൽ വാലെ നാടൻ കളരിയാണ്. ആസ്പയറിന്റെ അത്ര പകിട്ടില്ലെങ്കിലും പാരമ്പര്യമേറെ. 1964ൽ രൂപം കൊണ്ട ഇൻഡിപെൻഡിയെന്റെ ക്ലബ് കഴിഞ്ഞ കുറച്ചു വർഷങ്ങളായി തെക്കേ അമേരിക്കൻ ക്ലബ് ഫുട്‌ബോളിലെ വമ്പന്മാരിലൊരാളാണ്. 2016ൽ കോപ്പ ലിബർട്ടഡോറസ് റണ്ണർഅപ്പായി. രണ്ടു തവണ കോപ്പ സുഡാമേരിക്കാന ചാംപ്യന്മാരായി.

താഴ്‌വരയുടെ ഹൃദയം എന്നറിയപ്പെടുന്ന സാംഗോൽക്വി നഗരത്തിലാണ് അക്കാദമിയുടെ ആസ്ഥാനം. മലഞ്ചെരിവിൽ വലുതും ചെറുതുമായ ഒട്ടേറെ മൈതാനങ്ങൾ. ഇക്വഡോർ ഇത്തവണ ഏറെ പ്രതീക്ഷയർപ്പിക്കുന്ന ബ്രൈട്ടൻ താരം മോയ്‌സസ് കെയ്‌സെഡോ ഉൾപ്പെടെയുള്ളവർ ഇൻഡിപെൻഡിയെന്റെയിൽ കളിച്ചു തെളിഞ്ഞവരാണ്.