ദോഹ: വീട് ആക്രമിക്കപ്പെട്ടതിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങിയ ഇംഗ്ലണ്ട് സ്‌ട്രൈക്കർ റഹീം സ്റ്റെർലിങ് ഖത്തറിലേക്ക് ഉടൻ മടങ്ങിയെത്തും. ശനിയാഴ്ച ഫ്രാൻസിന് എതിരായ ക്വാർട്ടർ മത്സരത്തിന് മുമ്പ് താരം ഇംഗ്ലീഷ് സ്‌ക്വാഡിനൊപ്പം ചേരും എന്ന് ഗോൾ ഡോട് കോം റിപ്പോർട്ട് ചെയ്തു.

ചെൽസി താരം താൽക്കാലികമായി വീട്ടിലേക്ക് മടങ്ങിയതാണ്, വെള്ളിയാഴ്ച സ്റ്റെർലിങ് ദോഹയിലെത്തും എന്ന് പ്രതീക്ഷിക്കുന്നതായും ഫുട്‌ബോൾ അസോസിയേഷന്റെ വാർത്താക്കുറിപ്പിൽ പറയുന്നു.ഇംഗ്ലണ്ട് ടീം പ്രീ ക്വാർട്ടറിൽ സെനഗലിനെതിരെ കളിച്ചപ്പോൾ റഹീം സ്റ്റെർലിങ് ടീമിലില്ലായിരുന്നു. ഇംഗ്ലണ്ടിന്റെ ആദ്യ രണ്ട് ഗ്രൂപ്പ് മത്സരങ്ങളിലും സ്റ്റാർട്ടിങ് ഇലവനിൽ കളിച്ച താരത്തെ വെയ്ൽസിനെതിരായ മത്സരത്തിൽ ബഞ്ചിലേക്ക് മാറ്റിയിരുന്നു.

ഇതിന് പിന്നാലെയായിരുന്നു താരം നാട്ടിലേക്ക് മടങ്ങിയതായി ഇംഗ്ലണ്ട് ടീം അറിയിച്ചത്. കുടുംബ കാരണങ്ങളാൽ സ്റ്റെർലിങ് നാട്ടിലേക്ക് മടങ്ങുന്നു എന്ന് മാത്രമാണ് ആദ്യം പുറത്തുവന്ന വിവരം. എന്നാൽ കുടുംബ വീട് ആക്രമിക്കപ്പെട്ടതിനെ തുടർന്നാണ് താരം നാട്ടിലേക്ക് വേഗം മടങ്ങിയത് എന്ന റിപ്പോർട്ടുകൾ പിന്നാലെ പുറത്തുവന്നിരുന്നു.

റഹീം സ്റ്റെർലിങ് ടീമിലേക്ക് മടങ്ങിയെത്തുന്നത് ഇംഗ്ലണ്ട് ടീമിനെ സംബന്ധിച്ച് വലിയ ആശ്വാസ വാർത്തയാണ്. നിലവിലെ ചാമ്പ്യന്മാരും കരുത്തരുമായ ഫ്രാൻസിനെതിരായ കടുപ്പമേറിയ ക്വാർട്ടർ പോരാട്ടത്തിൽ പരിശീലകൻ ഗാരെത് സൗത്ത്ഗേറ്റിന് ഒരു ഓപ്ഷൻ കൂടി അറ്റാക്കിംഗിൽ ഇതോടെ ലഭിക്കും. എങ്കിലും സെനഗലിനെതിരായ മത്സരത്തിൽ ബുക്കായോ സാക്കയും ഫിൽ ഫോഡനും മികച്ച പ്രകടനം പുറത്തെടുത്തതിനാൽ സ്റ്റെർലിങ് സ്റ്റാർട്ടിങ് ഇലവനിലുണ്ടാവാനിടയില്ല.

ശനിയാഴ്ച രാത്രി ഇന്ത്യൻസമയം 12.30നാണ് ഇംഗ്ലണ്ട്-ഫ്രാൻസ് സൂപ്പർ പോരാട്ടം. ഫൈനലിന് മുമ്പുള്ള ഫൈനൽ എന്നാണ് ഈ മത്സരത്തിനുള്ള വിശേഷണം. നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിന് ഇംഗ്ലണ്ട് മടക്ക ടിക്കറ്റ് കൊടുക്കുമോ എന്നതാണ് മത്സരത്തിലെ ആകാംക്ഷ.