- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
അർജന്റീനയുടെ ലോകകപ്പ് വിജയാഘോഷത്തിൽ കേറി നിരങ്ങി; മെസിയുടെ ദേഹത്ത് പിടിച്ച് വലിച്ചു; വിശ്വകിരീടം കൈയിലെടുത്ത് ചുംബിച്ചു; പ്രമുഖ ടർക്കിഷ് പാചക വിദഗ്ധൻ സാൾട്ട് ബേ വിവാദ കുരുക്കിൽ; യു.എസ് ഓപ്പൺ കപ്പ് ഫൈനലിൽ വിലക്ക്
ഇസ്താംബുൾ: ഖത്തർ ലോകകപ്പിൽ ഫ്രാൻസിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കി അർജന്റീന കിരീടം ചൂടിയതിനു പിന്നാലെ ലയണൽ മെസിയുടേയും സംഘത്തിന്റെയും വിജയാഘോഷത്തിൽ നുഴഞ്ഞു കയറി വിവാദ കുരുക്കിൽ വീണ പ്രമുഖ ടർക്കിഷ് പാചക വിദഗ്ധൻ സാൾട്ട് ബേയ്ക്ക് യു.എസ് ഓപ്പൺ കപ്പ് ഫൈനലിൽ വിലക്ക്.
1914ൽ തുടങ്ങിയ അമേരിക്കയിലെ ഏറ്റവും പഴക്കമേറിയതും പ്രസിദ്ധവുമായ സോക്കർ ടൂർണമെന്റാണ് യു.എസ് ഓപ്പൺ കപ്പ്. അമേരിക്കയിലെ ഏറ്റവും ദൈർഘ്യമേറിയ ടൂർണമെന്റുകൂടിയാണിത്. 2023 ഓപ്പൺ കപ്പ് ഫൈനലിൽനിന്ന് സാൾട്ട് ബേയെ വിലക്കിയതായി ഓപ്പൺ കപ്പിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് അറിയിച്ചത്.
Salt Bae is hereby banned from the 2023 @opencup Final
- U.S. Open Cup (@opencup) December 20, 2022
ആർജന്റീനയുടെ വിജയാഘോഷ വേദിയിൽ നുഴഞ്ഞുകയറുകയും വിശ്വകിരീടം കൈയിലെടുത്ത് ചുംബിക്കുകയും ചെയ്ത സാൾട്ട് ബേ എന്നറിയപ്പെടുന്ന നസ്ർ-എറ്റ് ഗോക്സെയുടെ നടപടി വിവാദമായിരുന്നു. വിജയികൾക്കും ചുരുങ്ങിയ ചിലർക്കും മാത്രം തൊടാൻ അനുമതിയുള്ള ലോകകപ്പ് ട്രോഫി താരം കൈയിലെടുത്തതാണ് വിവാദമായത്.
സ്വർണക്കപ്പ് തൊടുക മാത്രമല്ല, വിജയികളുടെ മെഡൽ കടിക്കുക കൂടി സാൾട്ട് ബേ ചെയ്തിരുന്നു. സാൾട്ട് ബേയുടെ സാന്നിധ്യം ലയണൽ മെസിക്ക് അസ്വസ്ഥത സൃഷ്ടിച്ചിരുന്നു. ടീമിൽ നുഴഞ്ഞുകയറിയത് പോരാഞ്ഞ് താരങ്ങളുമായി സാൾട്ട് ബേ പരിധിവിട്ട് സ്വാതന്ത്രം എടുത്തതും മെസിയെ ചൊടിപ്പിച്ചിരുന്നു.
തനിക്ക് അസ്വസ്തത ഉളവാക്കുന്ന രീതിയിൽ ഇടപെടുകയും ദേഹത്ത് കയറി പിടിക്കുകയും ചെയ്ത സാൾട്ട് ബേയുടെ പെരുമാറ്റത്തിൽ മെസി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.
ലോകകപ്പ് കിരീടം കൈയിലെടുത്ത് നിൽക്കുന്നതിന്റെ ചിത്രങ്ങളും വിഡിയോയും ഇദ്ദേഹം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. മുൻ താരങ്ങൾ ഉൾപ്പെടെ ഒട്ടേറെപേരാണ് സാൾട്ട് ബേക്കെതിരെ വിമർശനവുമായി രംഗത്തുവന്നത്.
20 മില്യൺ ഡോളർ വിലമതിക്കുന്ന 18 കാരറ്റ് സ്വർണ ട്രോഫി തെരഞ്ഞെടുക്കപ്പെട്ടവർക്ക് മാത്രമേ തൊടാൻ അവസരമുള്ളൂ. ഫിഫയുടെ നിയമാവലി പ്രകാരം, ഫിഫ ലോകകപ്പ് മുൻ ജേതാക്കൾക്കും രാഷ്ട്രതലവന്മാർക്കും തെരഞ്ഞെടുക്കപ്പെട്ട വ്യക്തികൾക്കും വിജയികൾക്കും മാത്രമേ ലോകകപ്പ് ട്രോഫി തൊടാനും പിടിക്കാനും അനുവാദമുള്ളൂ.
സാൾട്ട് ബേയെ വിലക്കിയുള്ള തീരുമാനത്തെ പലരും ട്വിറ്ററിൽ സ്വാഗതം ചെയ്തു. ഒരു തുർക്കി പൗരനെന്ന നിലയിൽ ഇത് തന്നെ വളരെയധികം സന്തോഷിപ്പിച്ചെന്നും നന്ദിയുണ്ടെന്നും ഒരാൾ ട്വിറ്ററിൽ കുറിച്ചു. ആഘോഷത്തിനിടെ ലയണൽ മെസ്സിയുടെ അടുത്തെത്തി സാൾട്ട് ബേ ചിത്രമെടുക്കാൻ ശ്രമിക്കുന്നതിന്റെ വിഡിയോയും നേരത്തെ പുറത്തുവന്നിരുന്നു.
എയ്ഞ്ചൽ ഡി മരിയ, ക്രിസ്റ്റ്യൻ റൊമേരോ ഉൾപ്പെടെ വിവിധ താരങ്ങൾക്കൊപ്പം ചിത്രം പകർത്തുകയും അവരുടെ മെഡൽ കടിച്ചുപിടിക്കുകയും ചെയ്യുന്നതിന്റെയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.
സ്പോർട്സ് ഡെസ്ക്