ദോഹ: ഒറ്റ ഗോളുകൊണ്ട് ആഫ്രിക്കൻ ഫുട്ബാളിലെ ഇതിഹാസമായ താരമാണ് സെനഗാളിന്റെ പാപ ബൗബ ദിയോപ്. 2002 ലോകകപ്പിൽ ചാമ്പ്യന്മാരായെത്തിയ ഫ്രാൻസിനെതിരെ പാപ നേടിയ ഗോൾ കാൽപന്ത് പ്രേമികളുടെ മനസ്സിനുള്ളിൽ ഇന്നും നിറയുന്നുണ്ട്.പാപയുടെ ചരമ ദിനമായ നവംബർ 29ന് ഇക്വഡോറിനെതിരെ നിർണായക മത്സരത്തിനിറങ്ങുമ്പോൾ സെനഗാളിന് പാപയെ ഓർമിക്കാതിരിക്കാനാകില്ലായിരുന്നു.

സെനഗാൾ നായകൻ കാലിദോ കൗലിബലി പാപയുടെ ജേഴ്‌സി നമ്പറായ 19 എന്നെഴുതിയ ആംബാൻഡ് അണിഞ്ഞാണ് കളിക്കാനിറങ്ങിയത്. ഗാലറിയിൽ സെനഗാൾ ആരാധകരും പാപയുടെ ഓർമകൾ പങ്കുവെച്ചു. നിർണായക മത്സരത്തിൽ ആദ്യ പകുതി പിന്നിടുമ്പോൾ ഒരു ഗോളിന് സെനഗാൾ മുന്നിട്ടു നിൽക്കുകയാണ്. വീണുകിട്ടിയ പെനൽറ്റി ഇസ്മയില സർ പോസ്റ്റിലേക്ക് നിറയൊഴിക്കുകയായിരുന്നു.

2020 നവംബർ 29ന് 41ാം വയസ്സിൽ ജീവിതത്തിന് സഡൻഡെത്ത് വിളിച്ചാണ് ആരാധകരുടെ പാപ മറഞ്ഞത്. പരിക്കും ഫിറ്റ്‌നസ് പ്രശ്‌നങ്ങളുമായി വലഞ്ഞ കരിയറിന് 2013ൽ ലോങ് വിസിൽ മുഴക്കിയ താരം പിന്നീട് അസുഖങ്ങളുടെ പിടിയിലായി. ഞരമ്പും പേശികളും ചുരുങ്ങിപ്പോവുന്ന 'ചാർകോട് മാരി ടൂത്ത് ഡിസീസ്' ബാധിതനായ പാപ വർഷങ്ങളായി തുടരുന്ന ചികിത്സക്കിടെ പാരിസിലാണ് കഴിഞ്ഞ ദിവസം അന്ത്യശ്വാസം വലിച്ചത്.

പാപ ബൗബ ദിയോപ് എന്ന പേരുകേൾക്കുമ്പോൾ ലോകമെങ്ങുമുള്ള ഫുട്ബാൾ ആരാധകരുടെ ഓർമയിലേക്ക് ഗോളടിച്ചുകയറുക 2002 ജപ്പാൻ-കൊറിയ ഫിഫ ലോകകപ്പിന്റെ ഉദ്ഘാടനമത്സരമാണ്. നിലവിലെ ലോകചാമ്പ്യന്മാർ എന്ന പകിട്ടുമായി വന്ന റോജർ ലിമേറയുടെ തിയറി ഒന്റിയും പാട്രിക് വിയേരയും അണിനിരന്ന ഫ്രാൻസിനെ നാണംകെടുത്തി മടങ്ങിയ സെനഗൽ. ആഫ്രിക്കയിൽ നിന്നുള്ള കൊച്ചുരാജ്യത്തിന്റെ ആദ്യ ലോകകപ്പ് മത്സരമായിരുന്നു അത്.

അലിയു സിസെയും എൽ ഹാദി ദിയൂഫും അണിനിരന്ന ടീമിന്റെ മധ്യനിരയിലെ കരുത്തായിരുന്നു പാപ. 29ാം മിനിറ്റിൽ ഡേവിഡ് ട്രെസഗെയുടെ ലോങ് റേഞ്ചർ സെനഗാൾ പോസ്റ്റിൽ തട്ടി റീബൗണ്ട് ചെയ്തതിനു പിന്നാലെ പിറന്ന മുന്നേറ്റം. മധ്യവരയും കടന്നുവന്ന പന്ത് ഇടതുവിങ്ങിലൂടെ കോരിയെടുത്ത് കുതിച്ച എൽഹാദി ദിയൂഫ് ഗോൾലൈനിൽ ബോക്‌സിനുള്ളിലേക്കു നീട്ടിനൽകിയ ക്രോസ് എത്തുമ്പോൾ എവിടെനിന്നോ പൊട്ടിവീണപോലെയാണ് പാപ ബോക്‌സിനുള്ളിലെത്തിയത്.

വിയേരയും ഇമ്മാനുവൽ പെറ്റിറ്റും ഉൾപ്പെടുന്ന ഫ്രഞ്ച് പ്രതിരോധത്തിന് അപകടം മണക്കുംമുമ്പേ പാപയുടെ മിന്നലാക്രമണം. അടിതെറ്റിവീണ ഗോളി ഫാബിയൻ ബാർതേസിനെ കടന്ന് പാപ സ്ലൈഡ് ചെയ്ത് പന്ത് വലയിലേക്ക് തട്ടിയിട്ടു. ഈ ഒരൊറ്റ ഗോളിൽ സെനഗാളും പാപയും ചരിത്രംകുറിച്ചു. ആഫ്രിക്കയിലെ ചെറുരാജ്യം ഫുട്ബാൾ ഭൂപടത്തിൽ അടയാളപ്പെടുത്തപ്പെട്ടു. ഒരു ഗോളിന് തോറ്റ ഫ്രാൻസ്, ഡെന്മാർമാർക്കിനോടും തോറ്റ് ഒരു ജയംപോലുമില്ലാതെ ഗ്രൂപ് റൗണ്ടിൽതന്നെ മടങ്ങി.

ടൂർണമെന്റിലെ കറുത്തകുതിരകളായി മാറിയ സെനഗൽ ക്വാർട്ടർ ഫൈനലിലെത്തി ചരിത്രം കുറിച്ചു. തുർക്കിക്കു മുന്നിൽ ഒരു ഗോളിന് തോറ്റാണ് അവർ മടങ്ങിയത്. പാപയും ദിയൂഫും അലി സിസോയും തുടങ്ങിയിട്ട വിപ്ലവം സെനഗലിനെ ഫുട്ബാളിന്റെ വിത്തുപാടമാക്കിമാറ്റി. അവരുടെ ചരിത്രനേട്ടം നാട്ടിലെ പുതുതലമുറക്ക് ആവേശമായി. അങ്ങനെ പടിഞ്ഞാറൻ ആഫ്രിക്കയിലെ ചെറുരാജ്യം യൂറോപ്പിന്റെ ഫുട്ബാൾ നഴ്‌സറിയായി. ഒരുപിടി താരങ്ങൾ വളർന്നുപന്തലിച്ചു. സാദിയോ മാനെ, ഇദ്രിസ ഗ്വിയെ, ചീകോ കുയാതെ, കാലിദു കൗലിബലി എന്നിങ്ങനെ നീണ്ടുകിടക്കുന്ന ഇന്നത്തെ താരങ്ങളിൽ എത്തിനിൽക്കുന്നു ആ പട്ടിക.