ദോഹ: സമകാലിക ഫുട്ബോൾ കണ്ട മികച്ച രണ്ട് താരങ്ങളിലൊരാൾ ലോകകിരീടം എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാതെ ഇന്ന് പടിയിറങ്ങും. ചരിത്രനേട്ടത്തിലേക്ക് ഒരു ചുവട് കൂടി അടുക്കുക ലിയോണൽ മെസിയോ അതോ ക്രൊയേഷ്യയുടെ ലൂക്കാ മോഡ്രിച്ചോ എന്ന ആകാംക്ഷയിലാണ് ഫുട്ബോൾ ലോകം. അതിനപ്പുറത്ത്, ക്രൊയേഷ്യ- അർജന്റീന സെമിഫൈനൽ രണ്ട് ഗോൾകീപ്പർമാർ തമ്മിലുള്ള പോരാട്ടം കൂടിയാണ്.

മെസിക്ക് വേണ്ടി മരിക്കാനും തയ്യാറെന്ന് പറയുന്ന എമിലിയാനോ മാർട്ടിനെസ് ഒരു വശത്ത്. പെനാൽറ്റി ഷൂട്ടൗട്ടുകളിൽ കരുത്ത് കൂടുന്ന ഡൊമനിക് ലിവാകോവിച്ച് മറുവശത്തും. മെസി എത്രത്തോളം മാർട്ടിനെസെന്ന ഗോൾ കീപ്പറോട് എത്രത്തോളം കടപ്പെട്ടിരിക്കുന്നുവെന്ന് നെതർലൻഡ്സിനെതിരെ പെനാൽറ്റി ഷൂട്ടൗട്ടിന് ശേഷമുള്ള ദൃശ്യങ്ങൾ പറയും. എമിയുടെ സേവുകളാണ് മെസിയുടെ ലോകകപ്പെന്ന സ്വപ്നം നീട്ടിയെടുത്തത്.

മെക്സിക്കോക്കെതിരായ ഈ പറക്കും സേവിനോടും ഓസ്ട്രേലിയക്കെതിരായ ഈ റിഫ്ലക്സിനോടും എന്നെന്നും കടപ്പെട്ടിരിക്കും ഏതൊരു അർജന്റീന ആരാധകനും. 2021ൽ തന്റെ 28ആം വയസിലാണ് അർജന്റീനൻ കുപ്പായമണിയാൻ എമിക്ക് അവസരം കിട്ടിയത്. എന്നാൽ ഇന്ന് സ്‌കലോണിയുടെ ടീമിൽ മെസി കഴിഞ്ഞാൽ സ്ഥാനമുറപ്പുള്ള ഒരേയൊരു താരം എമിയാണ്. അസാധ്യ മെയ്വഴക്കം, ഹൈ ബോളുകൾ തട്ടിയകറ്റാനുള്ള മികവ്. എല്ലാത്തിനുപ്പുറം പെനാൽറ്റി കിക്കുകൾക്ക് മുന്നിൽ പതറാത്ത വീര്യം. കോപ്പ അമേരിക്കയ്ക്ക് പിന്നാലെ ലോകകപ്പിലും ഗോൾഡൻ ഗ്ലൗലേക്ക് എമിയെ അടുപ്പിക്കുന്നു ഈ ഗുണങ്ങൾ.

ജപ്പാനെതിരായ ഷൂട്ടൗട്ട് സേവുകൾ വൺ ടൈം വണ്ടറല്ലെന്ന് തെളിയിക്കുന്നതായിരുന്നു ലിവാക്കോവിച്ചിന്റെ ബ്രസീലിനെതിരായ പ്രകടനം. ലോകത്തോര ബ്രസീലിയൻ ഫോർവേഡുകളുടെ 11 ഓൺ ടാർഗറ്റ് ഷോട്ടുകളാണ് ലിവാക്കോവിച്ച് തട്ടിയകറ്റിയത്. പിന്നാലെ ഷൂട്ടൗട്ടിൽ ബ്രസീലിയൻ വീര്യം ഒന്നടങ്കം ചോർത്തി റൊഡ്രീഗോയുടെ പെനാൽറ്റി കിക്കും തടുത്തിട്ടു. ഗോളടി വീരന്മാർ ഏറെയുണ്ട് ഇരുപക്ഷത്തും. പക്ഷെ എമി മാർട്ടിനസിനെയും ലിവാക്കോവിച്ചിനെയും മറികടക്കുക എളുപ്പമാവില്ല.