ദോഹ: ഖത്തർ ഫിഫ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ ഇന്ന് അവസാനിക്കും. പ്രീ ക്വാർട്ടർ നേരത്തെയുറപ്പിച്ച ബ്രസീലും പോർച്ചുഗലും ഗ്രൂപ്പ് ചാമ്പ്യന്മാരാകാൻ ലക്ഷ്യമിട്ട് ഇന്നിറങ്ങും. രാത്രി എട്ടരയ്ക്ക് തുടങ്ങുന്ന മത്സരത്തിൽ പോർച്ചുഗലിന് തെക്കൻ കൊറിയയാണ് എതിരാളികൾ. പ്രീ ക്വാർട്ടർ പ്രതീക്ഷയുമായി ഇറങ്ങുന്ന ഘാനയ്ക്ക് ഉറുഗ്വൊയാണ് ഇന്ന് എതിരാളി. രാത്രി പന്ത്രണ്ടരയ്ക്ക് തുടങ്ങുന്ന മത്സരങ്ങളിൽ ബ്രസീൽ കാമറൂണിനെയും സ്വിറ്റ്‌സർലൻഡ് സെർബിയയെയും നേരിടും. നോക്കൗട്ട് സാധ്യത എല്ലാ ടീമുകൾക്കും നിലനിൽക്കുന്നതിനാൽ മത്സരങ്ങൾ നിർണായകമാണ്.

ഗ്രൂപ്പ് ജിയിൽ കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച ടീമാണ് ബ്രസീൽ. സെർബിയയെ എതിരില്ലാത്ത രണ്ട് ഗോളിനും സ്വിറ്റ്സർലൻഡിനെ 1-0നും ബ്രസീൽ പരാജയപ്പെടുത്തിയിരുന്നു. ആറ് പോയിന്റുമായി ബ്രസീൽ തന്നെയാണ് ജി ഗ്രൂപ്പിൽ തലപ്പത്ത്. കാമറൂണിനെതിരെ ഇന്ന് ജയിച്ചാൽ സമ്പൂർണ ജയവുമായി ഗ്രൂപ്പ് ചാമ്പ്യന്മാരാകാം കാനറിപ്പടയ്ക്ക്. ഒരു ജയവുമായി സ്വിസ് രണ്ടും ഒരു സമനില വീതമായി കാമറൂണും സെർബിയയും യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിലും നിൽക്കുന്നു.

അതേസമയം ഗ്രൂപ്പ് എച്ചിൽ രണ്ട് ജയവുമായി പോർച്ചുഗൽ തലപ്പത്താണ്. ഒരു ജയമുള്ള ഘാന രണ്ടാമത് നിൽക്കുന്നു. ദക്ഷിണ കൊറിയക്കും ഉറുഗ്വെയ്ക്കും ഓരോ സമനില വീതം മാത്രമേയുള്ളൂ.ഫിഫ ലോകകപ്പിൽ പ്രീ ക്വാർട്ടർ പ്രതീക്ഷയുമായി ഇറങ്ങുന്ന ഘാനയ്ക്ക് ഉറുഗ്വെയാണ് ഇന്ന് എതിരാളികൾ. 2010ലെ ദക്ഷിണാഫ്രിക്കൻ ലോകകപ്പ് ക്വാർട്ടറിൽ ലൂയിസ് സുവാരസ് തങ്ങളിൽ നിന്ന് തട്ടിയെടുത്ത ജയത്തിന് പകരം വീട്ടാനാകും ഘാന ഇന്നിറങ്ങുന്നത്. എന്നാൽ അന്നത്തെ നടപടിയിൽ ഖേദം തോന്നുന്നില്ലെന്നാണ് ഉറുഗ്വേ താരത്തിന്റെ നിലപാട്.

2010 ദക്ഷിണാഫ്രിക്കൻ ലോകകപ്പിലേക്ക് എത്തുമ്പോൾ ഘാന ഫേവറിറ്റുകൾ ആയിരുന്നില്ല. പക്ഷേ ഗ്രൂപ്പ് ഘട്ടം പിന്നിടുമ്പോഴേക്കും കറുത്ത കുതിരകളായി മാറി ഘാന. പ്രീ ക്വാർട്ടറിൽ അമേരിക്കയെ വീഴ്‌ത്തി ഉറുഗ്വെയെ നേരിടാനെത്തിയ ഘാന ഒരൊറ്റ ജയത്തിനപ്പുറം സെമിയിലെത്തുന്ന ആദ്യ ആഫ്രിക്കൻ ടീമാകുമായിരുന്നു. അതും ആഫ്രിക്കൻ മണ്ണിൽ. എന്നാൽ നടന്നത് മറ്റൊന്ന്. അക്ഷരാർത്ഥത്തിൽ ലൂയി സുവാരസ് ഘാനയിൽ നിന്ന് ആ ജയം മോഷ്ടിച്ചു.

ആദ്യപകുതിയുടെ അധിക സമയത്ത് സുള്ളി മുന്താരി ആഫ്രിക്കൻ കരുത്തരെ മുന്നിലെത്തിച്ചു. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽത്തന്നെ ഡിഗോ ഫോർലാൻ ഉറുഗ്വെയെ സമനിലയിലെത്തിച്ചു. മത്സരം അവസാനിക്കുമ്പോൾ സ്‌കോർ 1-1. എക്‌സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിൽ പിന്നെ നടന്നതൊക്കെ നാടകീയത.

എക്സ്ട്രാ ടൈമിന്റെ അവസാന നിമിഷത്തിൽ ഘാനയുടെ സ്റ്റീവൻ ആപ്പിയ തൊടുത്തുവിട്ട ഫ്രീകിക്ക് ഉറുഗ്വെ ഗോളിയെ കടന്ന് വലയിലേക്ക് നീങ്ങി. ഗോൾ ലൈനിൽ നിന്ന സുവാരസ് ഗോൾ കാൽമുട്ടുകൊണ്ട് തടുത്തിട്ടു. പുറത്തേക്ക് തെറിച്ച പന്തിൽ ഡൊമിനിക് അഡിയാന്റെ ഹെഡർ വന്നു. വലയിലേക്ക് പാഞ്ഞെത്തിയ പന്ത് സുവാരസ് ഇരു കൈയും കൊണ്ട് തട്ടിപ്പുറത്തേക്കിട്ടു.

ഫുട്‌ബോൾ ലോകം ഒരു നിമിഷം പകച്ചു നിന്നു. സുവാരസിന് ചുവപ്പ് കാർഡ് നൽകാൻ റഫറിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ഘാനയ്ക്ക് അനുകൂലമായ പെനാൽറ്റി കിക്ക് എടുത്തത് അന്നത്തെ സൂപ്പർ താരം അസമോവ ഗ്യാനായിരുന്നു. അത് പക്ഷേ ക്രോസ് ബാറിൽ തട്ടി പുറത്തേക്ക് പോയി. ആ പിഴവും ലൂയി സുവാരസ് ആഘോഷമാക്കി. ഒടുവിൽ ഷൂട്ടൗട്ടിൽ 4-2ന്റെ ജയവുമായി ഉറുഗ്വെ സെമിയിലേക്ക് കടന്നു. ഘാന പുറത്തായി. അന്നത്തെ ലൂയി സുവാരസിനോട് പകരം ചോദിക്കാൻ കൂടിയാണ് ഇന്ന് ഘാന ഇറങ്ങുന്നത്.