- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
കളിക്കുതലേന്ന് സൂപ്പർ ഹീറോകളെല്ലാം സമ്മർദ്ദം കാരണം വല്ലാതെ ബേജാറാകും; ബൽജിയം നായകൻ ഏദൻ ഹസാർഡ് വിളിച്ചാൽ പത്ത് മിനിറ്റിൽ ചില പൊടിക്കൈകൾ; ഹസാർഡ് പരമശാന്തൻ; ബെൽജിയം കളിക്കാരെ കൂളാക്കുന്ന മാജിക്കുമായി ചെറായിക്കാരൻ; ഖത്തറിൽ കപ്പടിച്ചാൽ അതിൽ വിനയ് മേനോനും ഉണ്ട് ഒരുകൈ
ദോഹ: 1994 ജൂൺ 22 എങ്ങനെ മറക്കാൻ! അമേരിക്കയിൽ അരങ്ങേറിയ 15ാമത് ലോകകപ്പ് ഫൈനൽ റൗണ്ടിലെ കൊളംബിയയുടെ രണ്ടാം മത്സരം. എതിരാളികൾ അമേരിക്ക. വാൾഡറാമ നയിച്ച കൊളംബിയ അമേരിക്കയുമായുള്ള മത്സരത്തിനു മുൻപു തന്നെ ആദ്യ പരാജയം ഏറ്റുവാങ്ങിയിരുന്നു. ക്വാർട്ടറിലേക്കു കടക്കണമെങ്കിൽ കൊളംബിയയ്ക്ക് വിജയം അനവാര്യം. ആദ്യപകുതിയുടെ 34 ാം മിനിറ്റിൽ നരകം പോലൊരു സെൽഫ് ഗോൾ ആന്ദ്ര എസ്‌കോബാറിന്റെ കാലിൽ നിന്ന്. കൊളംബിയക്കാർ മുഴുവൻ എസ്‌കോബാറിനെ ശപിച്ച നിമിഷം. എന്തൊരു മാനസിക സമ്മർദ്ദമായിരിക്കും അന്ന് എസ്‌കോബാർ നേരിട്ടിട്ടുണ്ടാകുക. തോൽവിക്ക് ശേഷം ഒരാഴ്ച തികയും മുൻപെ അദ്ദേഹത്തിന് സ്വന്തം ജീവൻ കൊണ്ടുതന്നെ ആ സെൽഫ് ഗോളിന് വില നൽകേണ്ടിവന്നു എന്നത് അതിലും വലിയ ദുരന്തം. 28 വർഷം മുമ്പ് നടന്ന സംഭവം ഇന്നും മങ്ങാതെ. അതേ ലോക കപ്പ് ഫൈനലിൽ ബ്രസീലിന് എതിരെ പെനാൽറ്റി ഷൂട്ടൗട്ട് മിസാക്കിയ ഇറ്റാലിയൻ സ്‌ട്രൈക്കർ റോബർട്ടോ ബാജിയോയെ ഇന്നും വേട്ടയാടുന്നു ആ തോൽവി. അതാണ് ഫുട്‌ബോളിന്റെ സമ്മർദ്ദം. എളുപ്പമല്ല അതിജീവിക്കാൻ. ഇന്ന് ആധുനിക ഫുട്‌ബോളിൽ കളിക്കാരുടെ മാനസിക സമ്മർദ്ദമകറ്റാൻ വെൽനസ് കോച്ചുകളുണ്ട്. അത്തരമൊരു മലയാളി കോച്ചിന്റെ കഥയാണ് ഇനി പറയുന്നത്. വിനയ് മേനോൻ.
ബെൽജിയം ദേശീയ ടീമിനൊപ്പമാണ് വിനയ് മേനോൻ. കളിക്കാരെല്ലാം ആരാധകർക്ക് സൂപ്പർ ഹീറോകളാണ്. എന്നാൽ, അവരും മനുഷ്യരാണെന്ന കാര്യം പലപ്പോഴും മറന്നുപോകും. അങ്ങനെ തകർന്നുപോകുന്ന മനസുകളുടെ മുറിവുണക്കുകയാണ് വിനയ് മേനോന്റെ പണി. അതിന് യോഗയും മനഃശാസ്ത്രവും ഒക്കെ കൂട്ടിനുണ്ട്. ഖത്തറിലെ ഫിഫ ലോക കപ്പുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി പ്രവർത്തിക്കുന്ന ഏക ഇന്ത്യൻ ഉദ്യോഗസ്ഥനും ഒരുപക്ഷേ വിനയ് ആയിരിക്കും.
ഫുട്‌ബോൾ ഒരു ടീം കളിയാണെങ്കിലും, ഓരോ കളിക്കാരനും ഓരോ താരമാണ്, ആരാധകർക്ക്, രാജ്യത്തിന് ഒക്കെ. വലിയ ഭാരമാണ് അവർ തങ്ങളുടെ തോളിൽ താങ്ങുന്നത്. പിന്നീട്, കുടുംബം, സോഷ്യൽ മീഡിയ ഇങ്ങനെയുള്ള സമ്മർദ്ദങ്ങൾ വേറെ. ഓരോ കളിക്കാരനെയും വ്യക്തിപരമായി സമീപിച്ച് സഹായിക്കുകയും, അവരുടെ പരമാവധി പ്രകടനം ടീമിനായി സമ്മാനിക്കാൻ പ്രചോദനം നൽകുകയുമാണ് വിനയ് ചെയ്യാറുള്ളത്. ഓരോ ടീമംഗത്തിന്റെയും മനസ്സിൽ നിന്ന് തോൽവിയുടെ പേടി അകറ്റുന്നതിലാണ് വിനയ് ശ്രദ്ധയൂന്നുന്നത്. കളിക്കാരുടെ മാനസിക സമ്മർദ്ദം കുറക്കാനും കൂടുതൽ പോസിറ്റീവ് ആക്കാനും വിനയ് ആവിഷ്‌ക്കരിച്ച പദ്ധതിയാണ് 'Advanced mind reprogramming strategy'.
റഷ്യയിൽ നടന്ന കഴിഞ്ഞ ലോകകപ്പിൽ ടീമിനൊപ്പം ചേരാനായില്ല വിനയ്ക്ക്. ക്വാർട്ടർ ഫൈനലിൽ ബ്രസീൽ ബൽജിയത്തെ നേരിടുമ്പോൾ ലണ്ടനിലെ വീട്ടിലായിരുന്നു. മത്സരത്തലേന്ന് ബൽജിയം നായകൻ ഏദൻ ഹസാർഡ് ഫോണിൽ വിളിച്ചു. 10 മിനിറ്റിൽ ചില പൊടിക്കൈകൾ പറഞ്ഞപ്പോൾ ഹസാർഡ് ശാന്തൻ. പിറ്റേന്ന് ജയിച്ചത് ആരെന്ന് പറയേണ്ടതില്ലല്ലോ. ഇത്തവണ എന്തായാലും ടീമിനൊപ്പമുണ്ട്.
ബൽജിയം ടീമിന്റെ വെൽനസ് റിക്കവറി തലവനാണ് എറണാകുളം ചെറായി സ്വദേശിയായ വിനയ്. കളിക്കാരുമായി നിരന്തരം സമ്പർക്കം പുലർത്തുന്ന നാൽപ്പത്തിഎട്ടുകാരൻ. ഒരുപതിറ്റാണ്ടായി ഇംഗ്ലീഷ് ക്ലബ് ചെൽസിയുടെ വെൽനസ് ഇൻസ്ട്രക്ടറാണ്. ബൽജിയം കോച്ച് റോബർട്ട് മാർടിനസിന്റെ താൽപ്പര്യപ്രകാരമാണ് സപ്പോർട്ടിങ് സ്റ്റാഫിലെത്തിയത്. ചെൽസി എഫ്‌സിയുടെ വെൽനസ് കോച്ചെന്ന നിലയിലുള്ള 13 വർഷ കാലയളവിൽ, ടീം ചാമ്പ്യൻസ് ലീഗ് പട്ടം രണ്ടുവട്ടം നേടി. 2011-12 ലും, 2020-21 ലും.
ചെറായിയിൽ നിന്ന് ചെൽസി വരെയുള്ള വിനയുടെ യാത്ര അദ്ഭുതകരമാണ്. ചെറായി എടവനവീട്ടിൽ ഇ എസ് ഉണ്ണിക്കൃഷ്ണന്റെയും പീടികപ്പറമ്പിൽ അഹല്യയുടെയും മകനായ വിനയ്യുടെ സ്‌കൂൾപഠനം ചെറായി രാമവർമ സ്‌കൂളിലായിരുന്നു. കോളേജ് വിദ്യാഭ്യാസം ഇരിങ്ങാലക്കുട ക്രൈസ്റ്റിൽ. ഫുട്‌ബോൾ കളിക്കമ്പക്കാരനായിരുന്നില്ല വിനയ്. സംസ്ഥാനതലത്തിൽ ജൂഡോ ചാമ്പ്യനായിരുന്നു. പത്ത് വയസ്സുള്ളപ്പോൾ അയൽക്കാരനാണ് സ്‌പോർട്‌സിലേക്ക് ഹരിശ്രീ കുറിപ്പിച്ചത്. ഫിസിക്കൽ എഡ്യുക്കേഷനിൽ ആ പയ്യൻസ് എംഫിൽ എടുത്തു. ഏതുവിഷയത്തിലാണ് ഗവേഷണം ചെയ്യുക എന്ന് മെന്റർ ചോദിച്ചപ്പോൾ, 'ഒരു നേതാവിനെ എങ്ങനെ കുടുതൽ മികച്ച നേതാവാക്കാം' എന്നായിരുന്നു മറുപടി.
പൂണെ കൈവല്യധാമ യോഗ ഇൻസ്റ്റിറ്റ്യൂട്ടിൽ യോഗ പഠനം. അവിടെ യോഗ ട്രെയിനറായി ജോലി ആരംഭിച്ചു. പിന്നീട് പോണ്ടിച്ചേരി സർവകലാശാലയിൽ രണ്ടരവർഷത്തോളം ഫാക്കൽറ്റിയായി. ഉത്തരാഖണ്ഡിലെ ആനന്ദയിൽ യോഗ ആൻഡ് വെൽനെസ് ചീഫ് ഇൻസ്ട്രക്ടറായിരുന്നു. തന്റെ മുത്തച്ഛൻ ശ്രീധര മേനോൻ യോഗാചാര്യൻ ആയിരുന്നുവെന്ന് വിനയ് പറയുന്നു അതുകൊണ്ട്തന്നെ കുട്ടിക്കാലത്ത് യോഗ പഠിച്ചിട്ടില്ലെങ്കിലും, അത് തന്റെ ഡിഎൻഎയിലുണ്ടായിരുന്നു. ദുബായിൽ, ഒരു റിസോർട്ടിൽ വെൽനസ് വിദഗ്ധനായി ജോലി ചെയ്യവേയാണ് ഫുടബോൾ ദൗത്യത്തിലേക്ക് കടക്കുന്നത്. അപ്പോഴാണ് ചെൽസിയിൽ നിന്നും ഓഫർ വരുന്നത്. 2008 മുതൽ ചെൽസി ക്ലബ്ബിന്റെ അവിഭാജ്യഘടകമാണ് വിനയ്.
എആർഎഫ്എ സ്ട്രാറ്റജി എന്നാണ് തന്റെ പരിശീലന പരിപാടിയെ വിനയ് വിശേഷിപ്പിക്കുന്നത്. ബോധവത്കരണം, വീണ്ടെടുക്കൽ, ഏകാഗ്രത, നേട്ടമുണ്ടാക്കൽ എന്നിങ്ങനെ നാല് ഘട്ടങ്ങൾ. കളിക്കാരെ മത്സരത്തിനായി മാനസികമായി തയ്യാറെടുപ്പിക്കും. അവരോട് സംസാരിച്ച് ആത്മവിശ്വാസം ഉയർത്താനുള്ള ചെറിയ ടിപ്‌സ് നൽകും. മനസ്സ് ഏകാഗ്രമാക്കാൻ ചെറിയ വ്യായാമമുണ്ട്. നല്ല കേൾവിക്കാരനായി കളിക്കാരോട് പോസിറ്റീവായി സംസാരിക്കലാണ് അടിസ്ഥാനപാഠം. കളിക്കാരുടെ സ്വന്തം കഴിവും സാധ്യതയും ബോധ്യപ്പെടുത്തലാണ് പ്രധാനം. തന്റെ പരിശീലന പദ്ധതി ഇന്ത്യൻ യോഗയിൽ അധിഷ്ഠിതമാണെന്ന് വിനയ് പറയുന്നു. ലോകാ സമസ്താ സുഖിനോ ഭവന്തു എന്നതാണ് മുന്നോട്ട് വയ്ക്കുന്നത്. ബെൽജിയത്തിന്റെ സുവർണ തലമുറ എന്നാണ് ഇപ്പോഴത്തെ ടീം അറിയപ്പെടുന്നത്. ബെൽജിയം-ബ്രസീൽ ഫൈനൽ പ്രവചിച്ചവരുണ്ട്. കളിയിൽ എന്തും സംഭവിക്കാം. ഭാഗ്യത്തിന്റെ ഒരു കളി കൂടി ഉണ്ടാകും.
ലണ്ടനിലിരുന്ന് വിനയ്ക്കും ടീമിനും ജയ് വിളിക്കാൻ, ഭാര്യ ഡോ. ഫ്‌ളോംമി മേനോനും മകൻ അഭയും ഉണ്ട്.
മറുനാടന് മലയാളി ബ്യൂറോ