ദോഹ: ലോകകപ്പ് ഗ്രൂപ്പ് ബിയിലെ ഇറാനും യുഎസ്എയും തമ്മിലുള്ള പോരാട്ടത്തിന്റെ ആദ്യ പകുതിയിൽ അമേരിക്ക മുന്നിലെത്തി. ക്രിസ്റ്റിയൻ പുലിസിച്ചാണ് അമേരിക്കയ്ക്കായി ഗോൾ നേടിയത്.മത്സരത്തിന്റെ തുടക്കം മുതൽ തന്നെ അമേരിക്ക ആക്രമിച്ചാണ് കളിച്ചത്. ആദ്യ 20 മിനിറ്റിനുള്ളിൽ നിരവധി മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഇറാൻ പ്രതിരോധത്തെ മറികടക്കാനായില്ല.

എന്നാൽ 38-ാം മിനിറ്റിൽ ഇറാൻ കോട്ട പൊളിച്ചു. മധ്യനിരയിൽ നിന്ന് പ്രതിരോധക്കോട്ട മറികടന്ന് നൽകിയ പന്ത് വലത് വിങ്ങിലുള്ള സെർജിയോ ഡെസ്റ്റ് മികച്ചൊരു ഹെഡ്ഡറിലൂടെ പുലിസിച്ചിന് നൽകി. അനായാസം ക്രിസ്റ്റ്യൻ പുലിസിച്ച് പന്ത് വലയിലെത്തിച്ചു. ലോകകപ്പിൽ പുലിസിച്ചിന്റെ ആദ്യ ഗോളാണിത്.

ലീഡെടുത്ത ശേഷവും അമേരിക്ക ആക്രമണങ്ങൾ തുടർന്നു.ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ അമേരിക്ക വീണ്ടും വലകുലുക്കിയെങ്കിലും ഓഫ്സൈഡായി.ഗ്രൂപ്പ് ബിയിലെ നിർണായക മത്സരത്തിന് ഇറങ്ങുമ്പോൾ, ഇറാനും യുഎസ്എയ്ക്കും ഒരുപോലെ പ്രീക്വാർട്ടർ സാധ്യതയുണ്ട്. ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനോടു വമ്പൻ തോൽവി വഴങ്ങിയെങ്കിലും, രണ്ടാം മത്സരത്തിൽ വെയ്ൽസിനെ തോൽപ്പിച്ച് മൂന്നു പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ഇറാൻ.

യുഎസ്എ ആകട്ടെ, ആദ്യ രണ്ടു മത്സരങ്ങളിൽ വെയ്ൽസിനെയും ഇംഗ്ലണ്ടിനെയും സമനിലയിൽ തളച്ചതു വഴി ലഭിച്ച രണ്ടു പോയിന്റുമായി മൂന്നാം സ്ഥാനത്തും. രണ്ടു പതിറ്റാണ്ടുകൾക്കു ശേഷമാണ് ഇറാനും യുഎസ്എയും ഫുട്‌ബോൾ മത്സരത്തിൽ മുഖാമുഖമെത്തുന്നത്. ഇതിനു മുൻപ് ഇരു ടീമുകളും ഏറ്റുമുട്ടിയത് 2000ലാണ്. അന്ന് കലിഫോർണിയയിൽ നടന്ന സൗഹൃദ മത്സരം 11ന് സമനിലയിൽ പിരിഞ്ഞു.