ദോഹ: മത്സരത്തിന്റെ പ്രധാന്യത്തിനൊപ്പം തന്നെ മറ്റൊരു കാരണത്താലും ശ്രദ്ധിക്കപ്പെട്ട മത്സരമായി ഇന്നലെ നടന്ന ജർമ്മനി കോസ്റ്റാറിക്ക മത്സരം.ഇത്രയും നിർണ്ണായകമായ ഒരു മത്സരം നിയന്ത്രിക്കാനെത്തിയത് മൂന്ന് വനിതാ റഫ്‌റിമാരായിരുന്നുവെന്നതാണ് തീപാറിയ പോരാട്ടത്തെ ശ്രദ്ധേയമാക്കിയ മറ്റൊരുഘടകം.ഫുട്‌ബോൾ ലോകകപ്പിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു പുരുഷ മത്സരം വനിതാ റഫറിമാർ നിയന്ത്രിച്ചത്.അതും ഒന്നല്ല മൂന്നു റഫറിമാർ.ഇങ്ങനെ ലോകഫുട്‌ബോൾ ചരിത്രത്തിലേക്ക് തന്നെ ചേക്കേറുകയാണ് ഖത്തർ ലോകകപ്പ്

സ്റ്റെഫാനി ഫ്രാപ്പാർട്ടായിരുന്നു കളി നിയന്ത്രിച്ചത്. ബ്രസീലുകാരി ന്യൂസ ബാക്കും മെക്‌സിക്കോ സ്വദേശി കരേൻ ഡയസും സൈഡ് ലൈനിൽ അസിസ്റ്റന്റ് റഫറിമാരായി. ജർമനിയുടെയും കോസ്റ്റാറിക്കയുടെയും അതിവേഗങ്ങളെ അതേ വേഗതയിൽ തന്നെ ഇവരുടെ കണ്ണുകൾ പിന്തുടർന്നു.12 ഫൗളുകളാണ് മത്സരത്തിൽ മൊത്തം ഉണ്ടായത്.ഒരിക്കൽ മാത്രം കോസ്റ്റാറിക്ക താരത്തിനെതിരെ സ്റ്റെഫാനിയുടെ കൈകളിൽ മഞ്ഞക്കാർഡുയർന്നു.

സ്റ്റെഫാനിയുടെ തീരുമാനങ്ങളിൽ താരങ്ങളും വലുതായി പരാതിപ്പെട്ടില്ല.തർക്കങ്ങളും ഉണ്ടായില്ല.കോസ്റ്റാറിക്കയുടെയും ജർമനിയുടെയും തീപാറും പോരാട്ടം കണ്ട ആറ് ഗോൾ പിറന്ന മത്സരം ഇനി ഈ വനിതാ റഫറിമാരുടെ കൂടി പേരിലാകും ഓർമിക്കപ്പെടുക.പുരുഷ ലോകകപ്പിലെ ഒരു നൂറ്റാണ്ടോളം നീളുന്ന ചരിത്രമാണ് ഇന്നലെ വനിതാ റഫറിമാർ തിരുത്തിയത്.

 

38കാരിയായ സ്റ്റെഫാനി ഫ്രാപ്പാർട്ട് ഫ്രഞ്ച് സ്വദേശിയാണ്.സഹായികളായ ന്യൂസ ബാക്ക് ബ്രസീലിയൻ സ്വദേശിയും കാരെൻ ഡയസ് മെക്‌സിക്കൻ സ്വദേശിയുമാണ്. റുവാണ്ട സ്വദേശി സലിമ മുകൻസംഗ, ജപ്പാൻകാരി യമഷിത യോഷിമി എന്നീ അസിസ്റ്റന്റ് റഫറിമാരും ഇവരോടൊപ്പം ഉണ്ടായിരുന്നു.

കഴിഞ്ഞയാഴ്ച പോളണ്ട്-മെക്‌സിക്കോ മത്സരത്തിൽ ഫോർത്ത് ഒഫിഷ്യൽ ആയതോടെ പുരുഷ ലോകകപ്പിലെ പ്രഥമ വനിതാ ഒഫീഷ്യൽ എന്ന നേട്ടം സ്റ്റെഫാനി ഫ്രപ്പാർട്ടിനു സ്വന്തമായിരുന്നു. മാർച്ചിൽ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിലെയും ചാംപ്യൻസ് ലീഗിലെയും യൂറോപ്പ ലീഗിലും 2019ൽ ചെൽസിയും ലിവർപൂളും തമ്മിൽ നടന്ന യുവേഫ സൂപ്പർ കപ്പ് ഫൈനലിലെയും പ്രഥമ വനിതാ റഫറി എന്ന ബഹുമതിയും മുപ്പത്തിയെട്ടുകാരിയായ ഫ്രപ്പാർട്ടിന്റെ പേരിലാണ്.

 

ഫിഫ പുറത്തുവിട്ട 36 റഫറിമാരുടെ പട്ടികയിൽ മൂന്ന് വനിതകൾ ഉൾപ്പെട്ടിരുന്നു. സ്റ്റെഫാനി ഫ്രപ്പാർട്ടിനെ കൂടാതെ ജപ്പാനിൽ നിന്നുള്ള യോഷിമി യമഷിത, റുവാണ്ടയിൽ നിന്നുള്ള സലിമ മുകൻസംഗ എന്നിവരാണ് ഫിഫ ലിസ്റ്റിൽ ഉൾപ്പെട്ടവർ. 69 പേരുടെ അസിസ്റ്റന്റ് റഫറി പട്ടികയിലും മൂന്ന് വനിതകളുണ്ട്. ബ്രസീലിൽ നിന്നുള്ള നുസ ബക്ക്, മെക്സിക്കോയിൽ നിന്നുള്ള കാരെൻ ഡയസ്, യു.എസിൽ നിന്നുള്ള കാതറിൻ നെസ്ബിറ്റ് എന്നിവരാണ് ഈ ലിസ്റ്റിലുള്ളത്. ലോകകപ്പ് ഫുട്‌ബോൾ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും വനിതകളെ റഫറി ടീമിന്റെ ഭാഗമാക്കിയത്.

അൽബൈത്ത് സ്റ്റേഡിയത്തിലെ പെൺ വിസിൽ ഒരു താക്കീത് കൂടിയാകുന്നുണ്ട്. ടെലിവിഷനിലും സോഷ്യൽ മീഡിയയിലും മാത്രം ഫുട്‌ബോൾ ആസ്വദിക്കുന്ന അനേകം സ്ത്രീകളുണ്ട്.അവരുടെ വീട്ടുമുറ്റത്തുള്ള കളിക്കളങ്ങൾ പോലും അന്യമായവർ. നമ്മുടെ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റുകളിൽ എത്ര സ്ത്രീകൾ കാഴ്ചക്കാരായുണ്ട് എന്ന് മാത്രം നോക്കിയാൽ മതി.ഇവിടെയാണ്. സ്വാതന്ത്ര്യത്തിലേക്ക് ഖത്തറിൽ നിന്ന് ആ പെൺ വിസിൽ കാഹളം മുഴക്കിയത്.