- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
ഇരട്ട ഗോളുമായി എന്നെർ വലൻസിയ; ഇഞ്ചുറി ടൈമിൽ ഗോൾ മടക്കാനുള്ള അവസരം കളഞ്ഞുകുളിച്ച് ഖത്തർ; ആദ്യ പകുതിയിൽ ഇക്വഡോർ രണ്ട് ഗോളിന് മുന്നിൽ; ഖത്തർ ലോകകപ്പിന് ആവേശത്തുടക്കം
ദോഹ: ഖത്തർ ലോകകപ്പിന് ആവേശത്തുടക്കം. ഉദ്ഘാടന മത്സരം ആദ്യ പകുതി പിന്നിടുമ്പോൾ ആതിഥേയരായ ഖത്തറിനെതിരേ ഇക്വഡോർ എതിരില്ലാത്ത രണ്ടു ഗോളിന് മുന്നിലാണ്. ഇക്വഡോർ ക്യാപ്റ്റൻ എന്നെർ വലൻസിയയാണ് രണ്ട് ഗോളും സ്‌കോർ ചെയ്തത്.
16-ാം മിനിറ്റിൽ പെനാൽറ്റി വലയിലെത്തിച്ച് ക്യാപ്റ്റൻ എന്നെർ വലൻസിയയാണ് എക്വഡോറിനെ മുന്നിലെത്തിച്ചത്. വലൻസിയയെ ബോക്സിൽ വീഴ്‌ത്തിയ ഖത്തർ ഗോൾകീപ്പർ സാദ് അൽ ഷീബിന്റെ നടപടിയാണ് പെനാൽറ്റിക്ക് കാരണമായത്. ഇതോടെ ലോകകപ്പിൽ നാല് ഗോളുകൾ നേടുന്ന ആദ്യ എക്വഡോർ താരമെന്ന നേട്ടം എന്നെർ വലൻസിയ സ്വന്തമാക്കി. പിന്നാലെ 31-ാം മിനിറ്റിൽ ഖത്തർ ലോകകപ്പിലെ രണ്ടാം ഗോളും എന്നെർ വലൻസിയ സ്വന്തമാക്കി. ഏയ്ഞ്ചലോ പ്രെസിയാഡോയുടെ ക്രോസ് വലൻസിയ ഹെഡറിലൂടെ വലയിലെത്തിക്കുകയായിരുന്നു.
ആവേശകരമായ തുടക്കമാണ് മത്സരത്തിന് ലഭിച്ചത്. ഖത്തർ ഗോളി സാദ് അൽ ഷീബിന്റെ പിഴവ് മുതലാക്കി ഇക്വഡോർ അഞ്ചാം മിനിറ്റിൽ തന്നെ മുന്നിലെത്തിയെങ്കിലും വാറിന്റെ വിധിയിൽ ഗോൾ അനുവദിക്കപ്പെട്ടില്ല. ഫെലിക്‌സ് ടോറസിന്റെ കിടിലൻ അക്രോബാറ്റിക് ശ്രമത്തിൽ നിന്ന് ലഭിച്ച അവസരം എന്നർ വലൻസിയ ഹെഡ് ചെയ്ത് വലയിൽ എത്തിച്ചെങ്കിലും ഓഫ്‌സൈഡിന്റെ നിർഭാഗ്യം ഇക്വഡോറിന് തിരിച്ചടിയാവുകയായിരുന്നു. ടോറസിനെതിരെയാണ് ഓഫ്‌സൈഡ് വിധിച്ചത്. ആതിഥേയരായ ഖത്തറിനെതിരെ ആദ്യം മുതൽ ആക്രമണം അഴിച്ചു വിടുകയാണ് ഇക്വഡോർ ചെയ്തത്. മികച്ച ബോൾ പൊസിഷനുമായി ഇക്വഡോർ കുതിച്ച് എത്തിയതോടെ ഖത്തറി ഗോൾ മുഖം നിരന്തരം പരീക്ഷണങ്ങൾക്ക് നടുവിലായി.
നിരന്തര പരിശ്രമങ്ങൾക്കുള്ള ഫലം ദക്ഷിണമേരിക്കൻ സംഘത്തിന് 16-ാം മിനിറ്റിൽ ലഭിച്ചു. പന്തുമായി കുതിച്ച വലൻസിയക്ക് കുടുക്കിടാനുള്ള ഖത്തർ ഗോളി അൽ ഷീബിന്റെ അതിസാഹസം പെനാൽറ്റിയിലാണ് കലാശിച്ചത്. സമ്മർദം ഒന്നും കൂടെ വലൻസിയ തന്നെ പന്ത് വലയിലെത്തിയച്ചോടെ 2022 ലോകകപ്പിലെ ആദ്യ ഗോൾ പിറന്നു. വലൻസിയ ആയിരുന്നു ഇക്വഡോറിന്റെ തുറുപ്പ് ചീട്ട്. താരത്തെ തേടി ക്രോസുകളും ലോംഗ് ബോളുകളും വന്നുകൊണ്ടേയിരുന്നു. ഖത്തർ നേരിട്ട അനുഭവസമ്പത്തിന്റെ കുറവ് ഇക്വഡോർ പരമാവധി മുതലെടുക്കുകയായിരുന്നു.
31-ാം മിനിറ്റിൽ ഇക്വഡോർ വീണ്ടും ലക്ഷ്യം കണ്ടു. വലതു വശത്ത് നിന്നും വന്ന അതിമനോഹരമായ ക്രോസിൽ വലൻസിയ തലവയ്ക്കുമ്പോൾ എതിർക്കാൻ ഖത്തറി താരങ്ങൾ ആരും തന്നെ ഉണ്ടായിരുന്നില്ല. ഏയ്ഞ്ചലോ പ്രെസൈഡോ ആയിരുന്നു ഗോളിന്റെ ശിൽപ്പി. രണ്ട് ഗോൾ വഴങ്ങിയതോടെ ഖത്തർ അൽപ്പം കൂടെ മെച്ചപ്പെട്ട രീതിയിൽ പാസിങ് ഗെയിം കളിച്ച് തുടങ്ങി. ഇക്വഡോറിയൻ പ്രതിരോധം പാറപോലെ ഉറച്ച് നിന്നതോടെ ഗോൾ മാത്രം അകലെയായി. ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷം ലഭിച്ച സുവർണാവസരം അൽമോയസ് അലി പാഴാക്കുകയും ചെയ്തത് ഇക്വഡോറിന് ആശ്വാസമായി.
ഖത്തറിലെ അൽഖോറിലുള്ള അൽ ബെയ്ത് സ്റ്റേഡിയത്തിൽ വർണാഭമായ പരിപാടികളോടെയാണ് ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങ് നടന്നത്. മലയാളികളടക്കം ആയിരിക്കണക്കിനാളുകളാണ് ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാനായി വൈകിട്ട് മുതൽ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി ലോകമെമ്പാടുമുള്ള ഫുട്‌ബോൾ ആരാധകരെ ഖത്തറിലേക്ക് സ്വാഗതം ചെയ്തു.
സ്പോർട്സ് ഡെസ്ക്