ദോഹ: ഖത്തർ ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ആതിഥേയർക്കെതിരെ തകർപ്പൻ ജയവുമായി ക്വഡോർ. ഗ്രൂപ്പ് എയിൽ നടന്ന ഏകപക്ഷീയമായ മത്സരത്തിൽ ഖത്തറിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ക്വഡോർ പരാജയപ്പെടുത്തിയത്. ഇരട്ട ഗോളുകൾ നേടി ക്യാപ്റ്റൻ എന്നെർ വലൻസിയയാണ് ക്വഡോറിനായി വിജയമൊരുക്കിയത്.

ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ ആതിഥേയർ തോൽവി വഴങ്ങിയിട്ടില്ലെന്ന ചരിത്രത്തിന് ആവർത്തനം തുടരാനാവാതെ ഇക്വഡോറിന് മുന്നിൽ ഖത്തർ മുട്ടുമടക്കി. അൽ ബൈത്ത് സ്റ്റേഡിയത്തിലെ ഗാലറിയിൽ ആർത്തിരമ്പിയ കാണികൾക്ക് മുന്നിൽ വിജയം ലക്ഷ്യമിട്ട ഖത്തറിന്റെ പ്രതീക്ഷകൾ തകർത്ത് ഇക്വഡോറിന് ആവേശകരമായ വിജയത്തുടക്കം.

ലാറ്റിനമേരിക്കൻ സംഘത്തിനായി എന്നർ വലൻസിയയാണ് രണ്ട് ഗോളും നേടിയത്. ഇരു ഗോളുകളും ആദ്യ പകുതിയിൽ ആയിരുന്നു. ഖത്തറിന്റെ പരിചയസമ്പത്തില്ലായ്മ മുതലെടുത്ത ഇക്വഡോർ ആദ്യ പകുതിയിൽ നടത്തിയ മിന്നലാക്രമണങ്ങൾക്ക് ഖത്തറിന് മറുപടിയില്ലാതെ പോവുകയായിരുന്നു.

നിറപ്പകിട്ടാർന്ന ഉദ്ഘാടനച്ചടങ്ങിനു പിന്നാലെ അൽ ബൈത്ത് സ്റ്റേഡിയത്തിൽ നടന്ന ആദ്യ മത്സരത്തിൽ ആതിഥേയരായ ഖത്തറിനെ വിറപ്പിക്കുന്ന പ്രകടനമാണ് ഇക്വഡോർ പുറത്തെടുത്തത്. 16, 31 മിനിറ്റുകളിലായി ക്യാപ്റ്റൻ എന്നർ വലൻസിയയാണ് ഇക്വഡോറിനായി ലക്ഷ്യം കണ്ടത്. അഞ്ചാം മിനിറ്റിൽ വിവാദപരമായ തീരുമാനത്തിലൂടെ റഫറി നിഷേധിച്ച ഗോൾ കൂടിയുണ്ടായിരുന്നെങ്കിൽ ഇക്വഡോർ നായകൻ ആദ്യ പകുതിയിൽത്തന്നെ ഹാട്രിക് തികയ്ക്കുമായിരുന്നു.

ആദ്യപകുതിയിലെ ചിതറിയ കളിയെ അപേക്ഷിച്ച് രണ്ടാം പകുതിയിൽ ആതിഥേയർ കുറച്ചുകൂടി ഒത്തിണക്കം കാട്ടിയെങ്കിലും, ഗോൾസ്പർശമുള്ള നീക്കങ്ങളൊന്നും സൃഷ്ടിക്കാനാകാതെ പോയതോടെ ആദ്യപകുതിയിൽ വഴങ്ങിയ രണ്ടു ഗോളുകൾ മത്സരഫലം നിർണയിച്ചു. ആവേശഭരിതമായ മത്സരത്തിൽ പന്തടക്കത്തിലും പാസിങ്ങിലുമെല്ലാം ആധിപത്യം സ്ഥാപിച്ചാണ് ഇക്വഡോർ വിജയം പിടിച്ചത്.

ജെഗ്‌സൻ മെൻഡസിന്റെ പാസ് സ്വീകരിച്ച് ബോക്‌സിലേക്ക് കടന്ന ഇക്വഡോർ ക്യാപ്റ്റൻ വലൻസിയയെ ഖത്തർ ഗോൾകീപ്പർ സാദ് അൽ ഷീബ് ബോക്‌സിനുള്ളിൽ വീഴ്‌ത്തിയതിനാണ് 16ാം മിനിറ്റിൽ റഫറി ഇക്വഡോറിന് പെനൽറ്റി അനുവദിച്ചത്. പെനൽറ്റി എടുക്കാനെത്തിയ വലൻസിയ, അൽ ഷീബിനെ വീഴ്‌ത്തി അനായാസം ലക്ഷ്യം കണ്ടു. സ്‌കോർ 1 - 0.



ആദ്യ ഗോൾ വീണതോടെ കൂടുതൽ ആക്രമകാരികളായ ഇക്വഡോറിനായി 31ാം മിനിറ്റിൽ വലൻസിയ തന്നെ വീണ്ടും ലക്ഷ്യം കണ്ടു. ഇത്തവണ വലതുവിങ്ങിൽനിന്ന് എയ്ഞ്ചലോ പ്രസിയാഡോ ഉയർത്തി നൽകിയ പന്തിൽ വലൻസിയ തൊടുത്ത കിടിലൻ ഹെഡർ ഖത്തർ ഗോൾകീപ്പർ അൽ ഷീബിനെ കീഴടക്കി പോസ്റ്റിന്റെ ഇടതുമൂലയിലൂടെ വലയിൽ കയറി. സ്‌കോർ 2 - 0.

 

ഇൻജറി ടൈമിന്റെ അവസാന നിമിഷങ്ങളിൽ ഗോളിനരികിൽ എത്തിയ നീക്കം മാത്രമുണ്ട് ആദ്യ പകുതിയിൽ ഖത്തറിന് ഓർമിക്കാൻ. ഗോൾകീപ്പർ മാത്രം മുന്നിൽനിൽക്കെ ലഭിച്ച അവസരം മുതലാക്കാൻ അൽമോയസ് അലിക്ക് കഴിയാതെ പോയത് ഖത്തറിന് നിരാശയായി.

ഖത്തർ ഗോളി സാദ് അൽ ഷീബിന്റെ പിഴവ് മുതലാക്കി ഇക്വഡോർ അഞ്ചാം മിനിറ്റിൽ തന്നെ മുന്നിലെത്തിയെങ്കിലും വാറിന്റെ വിധിയിൽ ഗോൾ അനുവദിക്കപ്പെട്ടില്ല. ഫെലിക്‌സ് ടോറസിന്റെ കിടിലൻ അക്രോബാറ്റിക് ശ്രമത്തിൽ നിന്ന് ലഭിച്ച അവസരം എന്നർ വലൻസിയ ഹെഡ് ചെയ്ത് വലയിൽ എത്തിച്ചെങ്കിലും ഓഫ്‌സൈഡിന്റെ നിർഭാഗ്യം ഇക്വഡോറിന് തിരിച്ചടിയാവുകയായിരുന്നു. ടോറസിനെതിരെയാണ് ഓഫ്‌സൈഡ് വിധിച്ചത്.

ഫെലിക്‌സ് ടോറസിന്റെ തകർപ്പൻ ഓവർഹെഡ് പാസിനെ വലൻസിയ തലകൊണ്ട് ചെത്തി വലയിലാക്കുകയായിരുന്നു. കാണികൾ ഇരിപ്പുറപ്പിക്കും മുൻപേ വീണ ഗോൾ ഇക്വഡോർ താരങ്ങൾ വൻതോതിൽ ആഘോഷിച്ചെങ്കിലും, പിന്നാലെ വിവാദത്തിന്റെ അകമ്പടിയോടെ റഫറിയുടെ തീരുമാനമെത്തി; ഓഫ്‌സൈഡ് ചൂണ്ടിക്കാട്ടി ഇക്വഡോറിന് ഗോൾ നിഷേധിച്ചു.

ആതിഥേയരായ ഖത്തറിനെതിരെ ആദ്യം മുതൽ ആക്രമണം അഴിച്ചു വിടുകയാണ് ഇക്വഡോർ ചെയ്തത്. മികച്ച ബോൾ പൊസിഷനുമായി ഇക്വഡോർ കുതിച്ച് എത്തിയതോടെ ഖത്തറി ഗോൾ മുഖം നിരന്തരം പരീക്ഷണങ്ങൾക്ക് നടുവിലായി. ആദ്യ പകുതിയിൽ വീണ രണ്ട് ഗോളിന്റെ ആലസ്യത്തിലായിരുന്നു മത്സരത്തിന്റെ രണ്ടാം പകുതി ഇക്വഡോർ തുടങ്ങിയത്.

 

മികച്ച ഒരു നീക്കം നടന്നത് 54-ാം മിനിറ്റിലാണ്. അൽ റാവി വരുത്തിയ ഒരു പിഴവ് മുതലാക്കിയാണ് ഇക്വഡോർ മൂന്നാം ഗോളിന് ശ്രമിച്ചത്. ഇബാറയുടെ ഒരു കനത്ത ഷോട്ട് പക്ഷേ അൽ ഷീബ് കുത്തിയകറ്റി. 62-ാം മിനിറ്റിലാണ് ഖത്തർ ഭേദപ്പെട്ട ഒരു ആക്രമണം ഇക്വഡോറിയൻ ബോക്‌സിനുള്ളിൽ നടത്തിയത്. ഹസൻ ബോക്‌സിനുള്ളിലേക്കുള്ള നൽകിയ ലോംഗ് ബോളിൽ മിഗ്വേൽ തലവെച്ചെങ്കിലും പുറത്തേക്ക് പോയി. മധ്യനിരയിൽ പന്ത് നഷ്ടപ്പെടുത്തുന്നതാണ് ഖത്തറിനെ വലച്ചത്.

കസൈഡയും മെൻഡസും അനായാസം പന്ത് കൈക്കലാക്കി. 76-ാം മിനിറ്റിൽ മത്സരത്തിലെ താരമായ വലൻസിയക്ക് പരിക്ക് മൂലം തിരികെ കയറേണ്ടി വന്നു. കളി ഇടയ്ക്കിടെ പരുക്കൻ ആയി മാറിയതോടെ റഫറി കാർഡുകൾ ഉയർത്താൻ ഒരു മടിയും കാണിച്ചില്ല. അങ്ങനെ കാത്തിരുന്ന്  86-ാം മിനിറ്റിലാണ് ഖത്തറിന് മത്സരത്തിലെ ഏറ്റവും മികച്ച അവസരം കൈവന്നത്.

ഇക്വഡോർ പ്രതിരോധത്തിന് മുകളിലൂടെ മുൻതാരി തൊടുത്ത് വിട്ട പന്തിലേക്ക് ഹിൻക്യാപി ഓടിയെത്തിയെങ്കിലും ഫസ്റ്റ് ടൈം ഷോട്ട് നേരിയ വ്യത്യാസത്തിൽ പുറത്തേക്ക് പോയി. മത്സരത്തിൽ കൂടുതൽ മാറ്റങ്ങളൊന്നും പിന്നീട് ഉണ്ടായില്ല. ഇടയ്ക്കിടെയുള്ള ഇക്വഡോറിയൻ ആക്രമണങ്ങൾ അല്ലാതെ ഖത്തറിന്റെ ഒരു തിരിച്ചവരവ് സ്വപ്നം കണ്ട ആരാധകർക്ക് നിരാശയായിരുന്നു ഫലം.