- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
ഹെഡറിലൂടെ ഗോൾവേട്ടയ്ക്ക് തുടക്കമിട്ട് കൗമാരതാരം ജൂഡ് ബെല്ലിങ്ങാം; ലീഡുയർത്തി സാക്ക; ആഘോഷം തീരുംമുമ്പെ ലക്ഷ്യം കണ്ട് റഹിം സ്റ്റെർലിങ്ങ്; ആദ്യപകുതിയിൽ ഇംഗ്ലീഷ് ആധിപത്യം; ഇറാനെതിരെ മൂന്ന് ഗോളിന് മുന്നിൽ
ദോഹ: ലോകകപ്പ് ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തിന്റെ ഒന്നാം പകുതിയിൽ ഇറാനെതിരെ ഇംഗ്ലണ്ടിന് സമ്പൂർണ ആധിപത്യം. ഒന്നാം പകുതി അവസാനിച്ചപ്പോൾ ഇംഗ്ലണ്ട് എതിരില്ലാത്ത മൂന്ന് ഗോളിന് മുന്നിലാണ്. 35-ാം മിനിറ്റിൽ ജൂഡ് ബെല്ലിങ്ങാം ആണ് ഹെഡറിലൂടെ ത്രീ ലയൺസിനെ മുന്നിലെത്തിച്ചത്. പിന്നാലെ സാക്കയും റഹിം സ്റ്റെർലിംഗും വല ചലിപ്പിച്ചതോടെ ഇംഗ്ലണ്ട് നിർണായക ലീഡ് ഉറപ്പിച്ചു. ആദ്യ മിനിറ്റുകളിൽ തന്നെ ബോൾ പൊസിഷൻ നേടി കളത്തിൽ ഇംഗ്ലണ്ട് മേധാവിത്വം ഉറപ്പിക്കുന്ന കാഴ്ചയായിരുന്നു.
ആദ്യ മിനിറ്റ് തൊട്ട് ഇംഗ്ലണ്ട് ആക്രമണം അഴിച്ചുവിട്ടു. ഒൻപതാം മിനിറ്റിൽ ഇറാന്റെ ഗോൾകീപ്പർ അലിറെസ ബെയ്റാൻവാൻഡിന് പരിക്കേറ്റത് ഇറാന് തിരിച്ചടിയായി. സഹതാരം മജിദ് ഹൊസെയ്നിയുമായി കൂട്ടിയിടിച്ചതിനെത്തുടർന്നാണ് അലിറെസയ്ക്ക് പരിക്കേറ്റത്. ഹാരി കെയ്നിന്റെ ക്രോസ് തടയുന്നതിനിടെയാണ് കൂട്ടിയിടിയുണ്ടായത്. പിന്നാലെ അലിറെസയുടെ മൂക്കിന് പരിക്കേറ്റ് ചോരവാർന്നൊലിച്ചു. പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം താരം വീണ്ടും കളത്തിലെത്തിയെങ്കിലും വീണ്ടും തളർന്നു. ഇതോടെ അലിറെസയ്ക്ക് പകരം ഹൊസെയ്ൻ ഹൊസെയ്നി ഗോൾകീപ്പറായി കളിക്കളത്തിലെത്തി.
ഇംഗ്ലണ്ടിന്റെ ഹാരി കെയ്നിനെ ഫൗൾ ചെയ്തതിന് 25-ാം മിനിറ്റിൽ ഇറാന്റെ അലിറെസ ജെഹാൻബക്ഷിന് മഞ്ഞക്കാർഡ് ലഭിച്ചു. 30-ാം മിനിറ്റിൽ ഇംഗ്ലണ്ടിന്റെ മേസൺ മൗണ്ടിന് സുവർണാവസരം ലഭിച്ചെങ്കിലും താരത്തിന് ലക്ഷ്യം കാണാനായില്ല. എന്നാൽ 35-ാം മിനിറ്റിൽ ഇംഗ്ലണ്ട് ലീഡെടുത്തു. കൗമാരതാരം ജൂഡ് ബെല്ലിങ്ങാമാണ് ഇംഗ്ലണ്ടിനായി വലകുലുക്കിയത്. മികച്ച ഹെഡ്ഡറിലൂടെയാണ് താരം വലകുലുക്കിയത്. ലൂക്ക് ഷോയുടെ മികച്ച ക്രോസിന് കൃത്യമായി തലവെച്ച ബെല്ലിങ്ങാം ഗോൾകീപ്പർ ഹൊസെയ്നിയെ നിസ്സഹായനാക്കി പന്ത് വലയിലെത്തിച്ചു.
തുടർന്നും ഇംഗ്ലണ്ട് ആക്രമണം അവസാനിപ്പിച്ചില്ല. 43-ാം മിനിറ്റിൽ ബുക്കായോ സാക്കയിലൂടെ ഇംഗ്ലണ്ട് അടുത്ത ഗോൾ സ്വന്തമാക്കി. ട്രിപ്പിയറിന്റെ കോർണറാണ് ഗോളിലേക്കുള്ള വഴിയൊരുക്കിയത്. മഗ്വെയറിന്റെ അസിസ്റ്റിൽ സാക്കയുടെ ഷോട്ട് ഇറാനെ ഞെട്ടിച്ചു കളഞ്ഞു. രണ്ടാം ഗോളിന്റെ ആഘാതത്തിൽ നിന്ന് ഇറാൻ കരകയറും മുമ്പ് ഇംഗ്ലണ്ട് അടുത്ത പ്രഹരമേൽപ്പിച്ചു. ഹാരി കെയ്ൻ നൽകിയ ലോ ക്രോസിലേക്ക് പറന്നെത്തിയ സ്റ്റെർലിംഗിന്റെ ഷോട്ട് തടയാൻ ഹെസൈൻ ഹെസൈനിക്ക് കരുത്തുണ്ടായിരുന്നില്ല.
മത്സരത്തിൽ ഇറാന് ഓർത്തിരിക്കാൻ സാധിക്കുന്ന ഒരു മുന്നേറ്റം വന്നത് ഇഞ്ചുറി ടൈമിന്റെ 11-ാം മിനിറ്റിലാണ്. ലൂക്ക് ഷോയക്ക് സംഭവിച്ച അമളി മുതലെടുത്ത് നൂറോല്ലാഹി കൗണ്ടറിനായി കുതിച്ചു. ഒടുവിൽ ഇടത് വശത്ത് നിന്നുള്ള മൊഹമദിയുടെ ക്രോസ് മാർക്ക് ചെയ്യപ്പെടാതെ നിന്ന ജഹൻബക്ഷിന് പാകത്തിന് ലഭിച്ചെങ്കിലും താരത്തിന്റെ കനത്ത ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു.
സ്പോർട്സ് ഡെസ്ക്