- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
ഗോളടിമേളം തുടങ്ങിവച്ചത് ജൂഡ് ബെല്ലിങ്ങാം; ഇരട്ട ഗോളുമായി ആവേശം പകർന്ന് ബുകായോ സാക; ലീഡ് ഉയർത്തി റഹിം സ്റ്റെർലിങ്; പകരക്കാരനായി വന്ന് ക്ലിനിക്കൽ ഫിനിഷിലൂടെ വലചലിപ്പിച്ച് റാഷ്ഫോർഡ്; ഫിനിഷിങ് ടച്ചുമായി ഗ്രീലിഷും; ഇറാനെ ഗോൾമഴയിൽ മുക്കി ഇംഗ്ലണ്ടിന് ലോകകപ്പിൽ വിജയത്തുടക്കം; ജയം രണ്ടിനെതിരെ ആറ് ഗോളുകൾക്ക്
ദോഹ: ഖത്തർ ലോകകപ്പ് ഗ്രൂപ്പ് മത്സരത്തിൽ ഇറാനെ ഗോൾമഴയിൽ മുക്കി ഇംഗ്ലണ്ടിന് വിജയത്തുടക്കം. ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തിൽ രണ്ടിനെതിരെ ആറു ഗോളുകൾക്കാണ് ഇംഗ്ലണ്ട് ഇറാനെ വീഴ്‌ത്തിയത്. ആദ്യ പകുതിയിൽ ഇംഗ്ലണ്ട് എതിരില്ലാത്ത മൂന്നു ഗോളുകൾക്കു മുന്നിലായിരുന്നു. 2018 ലോകകപ്പിൽ പാനമയ്ക്കെതിരെ ഇംഗ്ലണ്ട് 6 - 1ന് വിജയിച്ചിരുന്നു.
ഇംഗ്ലണ്ടിനായി യുവതാരം ബുകായോ സാക ഇരട്ടഗോൾ നേടി. 43, 62 മിനിറ്റുകളിലായാണ് സാക ഇരട്ടഗോൾ നേടിയത്. ജൂഡ് ബെല്ലിങ്ഹാം (35), റഹിം സ്റ്റെർലിങ് (45പ്ലസ് വൺ), മാർക്കസ് റാഷ്ഫോർഡ് (71), ജാക്ക് ഗ്രീലിഷ് (90) എന്നിവരാണ് മറ്റു ഗോളുകൾ നേടിയത്. ഇറാനായി സൂപ്പർതാരം മെഹ്ദി ടറേമി ഇരട്ടഗോൾ നേടി. 65, 90പ്ലസ് വൺ3 (പെനൽറ്റി) മിനിറ്റുകളിലായിരുന്നു ടറേമിയുടെ ഗോളുകൾ.
കഴിഞ്ഞ ലോകകപ്പിൽ ടോപ് സ്‌കോററായ ക്യാപ്റ്റൻ ഹാരി കെയ്‌ന് ഗോൾവേട്ടക്കാരുടെ പട്ടികയിൽ ഇടംപിടിക്കാനായില്ലെങ്കിലും, രണ്ട് അസിസ്റ്റുകളുമായി സാന്നിധ്യമറിയിച്ചു. ഇംഗ്ലണ്ടിന്റെ മൂന്നാം ഗോൾ നേടിയ സ്റ്റെർലിങ് നാലാം ഗോളിനു വഴിയൊരുക്കിയും തിളങ്ങി. ലൂക്ക് ഷാ, ഹാരി മഗ്വയർ, കല്ലം വിൽസൻ എന്നിവരാണ് മറ്റു ഗോളുകൾക്ക് വഴിയൊരുക്കിയത്.
കളത്തിൽ ഇംഗ്ലണ്ടിന്റെ സമ്പൂർണ മേധാവിത്തത്തിനിടെ ആദ്യ പകുതിയുടെ തുടക്കത്തിൽത്തന്നെ സ്വന്തം ടീമിലെ താരവുമായി കൂട്ടിയിടിച്ച് ഒന്നാം നമ്പർ ഗോൾകീപ്പർ അലിറേസ ബെയ്‌റാൻവാൻഡിനെ നഷ്ടമായത് ഇറാന് തിരിച്ചടിയായി. ബെയ്‌റാൻവാൻഡിനു പകരമിറങ്ങിയ ഹുസൈൻ ഹുസൈനിയുടെ പിഴവുകളാണ് ഇറാന്റെ തോൽവി ഇത്രയും വലുതാക്കിയത്.
ഇറാനെതിരേ ആറടിച്ച് ഗോളാറാട്ട് തന്നെ നടത്തുകയായിയരുന്നു ഇംഗ്ലീഷ് പട. ഇംഗ്ലീഷ് കുതിപ്പിന് മുന്നിൽ പകച്ചുപോയ ഇറാൻ രണ്ട് ഗോൾ മടക്കി. മെഹ്ദി തെറാമിയാണ് ടീമിനായി ഇരട്ട ഗോൾ നേടിയത്. പക്ഷേ, ആറടിച്ച ഇംഗ്ലണ്ടിന് മുന്നിൽ ഇറാൻ തീർത്തും മുങ്ങിപ്പോയി.
മത്സരം തുടങ്ങിയപ്പോൾ തൊട്ട് ഇംഗ്ലണ്ടാണ് മത്സരത്തിൽ സമ്പൂർണ ആധിപത്യം പുലർത്തിയത്. ആദ്യ മിനിറ്റ് തൊട്ട് ഇംഗ്ലണ്ട് ആക്രമണം അഴിച്ചുവിട്ടു. ഒൻപതാം മിനിറ്റിൽ ഇറാന്റെ ഗോൾകീപ്പർ അലിറെസ ബെയ്റാൻവാൻഡിന് പരിക്കേറ്റത് ഇറാന് തിരിച്ചടിയായി. സഹതാരം മജിദ് ഹൊസെയ്നിയുമായി കൂട്ടിയിടിച്ചതിനെത്തുടർന്നാണ് അലിറെസയ്ക്ക് പരിക്കേറ്റത്. ഹാരി കെയ്നിന്റെ ക്രോസ് തടയുന്നതിനിടെയാണ് കൂട്ടിയിടിയുണ്ടായത്. പിന്നാലെ അലിറെസയുടെ മൂക്കിന് പരിക്കേറ്റ് ചോരവാർന്നൊലിച്ചു. പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം താരം വീണ്ടും കളത്തിലെത്തിയെങ്കിലും വീണ്ടും തളർന്നു. ഇതോടെ അലിറെസയ്ക്ക് പകരം ഹൊസെയ്ൻ ഹൊസെയ്നി ഗോൾകീപ്പറായി കളിക്കളത്തിലെത്തി.
ഇംഗ്ലണ്ടിന്റെ ഹാരി കെയ്നിനെ ഫൗൾ ചെയ്തതിന് 25-ാം മിനിറ്റിൽ ഇറാന്റെ അലിറെസ ജെഹാൻബക്ഷിന് മഞ്ഞക്കാർഡ് ലഭിച്ചു. 30-ാം മിനിറ്റിൽ ഇംഗ്ലണ്ടിന്റെ മേസൺ മൗണ്ടിന് സുവർണാവസരം ലഭിച്ചെങ്കിലും താരത്തിന് ലക്ഷ്യം കാണാനായില്ല.
എന്നാൽ 35-ാം മിനിറ്റിൽ ഇംഗ്ലണ്ട് ലീഡെടുത്തു. കൗമാരതാരം ജൂഡ് ബെല്ലിങ്ങാമാണ് ഇംഗ്ലണ്ടിനായി വലകുലുക്കിയത്. മികച്ച ഹെഡ്ഡറിലൂടെയാണ് താരം വലകുലുക്കിയത്. ലൂക്ക് ഷോയുടെ മികച്ച ക്രോസിന് കൃത്യമായി തലവെച്ച ബെല്ലിങ്ങാം ഗോൾകീപ്പർ ഹൊസെയ്നിയെ നിസ്സഹായനാക്കി പന്ത് വലയിലെത്തിച്ചു.
പിന്നാലെ 43-ാം മിനിറ്റിൽ ഇംഗ്ലണ്ട് ലീഡ് രണ്ടായി ഉയർത്തി. ഇത്തവണ യുവതാരം സാക്കയാണ് ഇംഗ്ലണ്ടിനായി വലകുലുക്കിയത്. കോർണർ കിക്കിൽ നിന്ന് വന്ന പന്ത് പ്രതിരോധതാരം ഹാരി മഗ്വയർ സാക്കയ്ക്ക് മറിച്ചുനൽകി. പന്ത് ലഭിച്ചയുടൻ സാക്കയുടെ വെടിയുണ്ട ഗോൾവല തുളച്ചു.
ഈ ഗോളിന്റെ ആരവം കെട്ടടങ്ങും മുൻപ് സൂപ്പർതാരം റഹിം സ്റ്റെർലിങ്ങും ലക്ഷ്യം കണ്ടു. ഹാരി കെയ്നിന്റെ പാസിൽ നിന്നാണ് സ്റ്റെർലിങ് ലക്ഷ്യം കണ്ടത്. ഇതോടെ ഇറാൻ പ്രതിരോധം തളർന്നു. തുടർച്ചായി ആക്രമണം അഴിച്ചുവിട്ട ത്രീലയൺസ് ഏഷ്യൻ ശക്തികളെ വെള്ളം കുടിപ്പിച്ചു.
15 മിനിറ്റാണ് അധികസമയമായി റഫറി അനുവദിച്ചത്. അധികസമയത്തിന്റെ 11-ാം മിനിറ്റിൽ ഇറാന് മികച്ച അവസരം ലഭിച്ചെങ്കിലും അത് ഗോളാക്കി മാറ്റാനായില്ല. പിന്നാലെ ആദ്യ പകുതി അവസാനിച്ചു.
രണ്ടാം പകുതിയിൽ ഇറാൻ തുടക്കത്തിൽ തന്നെ മൂന്ന് മാറ്റങ്ങൾ വരുത്തിയാണ് കളിക്കാനാരംഭിച്ചത്. ഇംഗ്ലണ്ടിന്റെ കളിയിൽ മാറ്റമുണ്ടായിരുന്നില്ല. 62-ാം മിനിറ്റിൽ ഇംഗ്ലണ്ട് ലീഡ് നാലാക്കി ഉയർത്തി. ബുക്കായോ സാക്കയാണ് ഇംഗ്ലണ്ടിനായി വലകുലുക്കിയത്. സ്റ്റെർലിങ്ങിന്റെ പാസ് സ്വീകരിച്ച സാക്ക തകർപ്പൻ മുന്നേറ്റത്തിലൂടെ പന്ത് വലയിലെത്തിച്ച് താരം മത്സരത്തിലെ തന്റെ രണ്ടാം ഗോൾ സ്വന്തമാക്കി.
എന്നാൽ തൊട്ടുപിന്നാലെ ഇറാൻ ഒരു ഗോൾ തിരിച്ചടിച്ച് പോരാട്ടവീര്യം കാണിച്ചു. സൂപ്പർതാരം മഹ്ദി തരേമിയാണ് ഇറാനുവേണ്ടി വലകുലുക്കിയത്. മികച്ച ഫിനിഷിലൂടെയാണ് താരം ലക്ഷ്യം കണ്ടത്.
ഇറാൻ ഗോളടിച്ചതിനുപിന്നാലെ ഇംഗ്ലണ്ട് പകരക്കാരെ ഇറക്കി. മാർക്കസ് റാഷ്ഫോർഡ്, ജാക്ക് ഗ്രീലിഷ്, ഫിൽ ഫോഡൻ, എറിക് ഡയർ തുടങ്ങിയർ ഗ്രൗണ്ടിലെത്തി. പകരക്കാരനായി വന്ന റാഷ്ഫോർഡ് ആദ്യ മുന്നേറ്റത്തിൽ തന്നെ വലകുലുക്കി. ഹാരി കെയ്നിന്റെ പാസ് സ്വീകരിച്ച റാഷ്ഫോർഡ് 71-ാം മിനിറ്റിൽ ക്ലിനിക്കൽ ഫിനിഷിലൂടെ വലകുലുക്കി.
ചെറിയ ഇടവേളയ്ക്കു ശേഷം ഗാലറിയിലെ ഇംഗ്ലിഷ് ആരാധകരിൽ ആവേശം നിറച്ച് ഇംഗ്ലണ്ട് ആറാം ഗോൾ നേടിയത് 90-ാം മിനിറ്റിൽ. ഇത്തവണ റഹിം സ്റ്റെർലിങ്ങിന്റെ പകരക്കാരനായി ഇറങ്ങിയ ജാക്ക് ഗ്രീലിഷിന്റെ ഊഴം. പന്തുമായി വലതു വിങ്ങിലൂടെ പകരക്കാരൻ താരം കല്ലം വിൽസന്റെ കുതിപ്പ്. ഗോൾകീപ്പർ മാത്രം മുന്നിൽനിൽക്കെ ഒന്നും നോക്കാതെ വിൽസൻ പന്ത് ജാക്ക് ഗ്രീലിഷിനു മറിച്ചു. ഗ്രീലിഷിന്റെ ഷോട്ട് അനായാസം വലയിൽ. സ്‌കോർ 6-1.
10 മിനിറ്റാണ് മത്സരത്തിൽ അധികസമയമായി ലഭിച്ചത്. ഇൻജുറി ടൈമിന്റെ 11-ാം മിനിറ്റിൽ ഇറാന് അനുകൂലമായി റഫറി പെനാൽട്ടി വിധിച്ചു. വാറിന്റെ സഹായത്തോടെയാണ് റഫറി പെനാൽട്ടി അനുവദിച്ചത്. കിക്കെടുത്ത മെഹ്ദി തറെമിക്ക് പിഴച്ചില്ല. അനായാസം ലക്ഷ്യം കണ്ട് താരം ഇറാനുവേണ്ടി തന്റെ രണ്ടാം ഗോളടിച്ചു. പിന്നാലെ റഫറി ഫൈനൽ വിസിൽ മുഴക്കി.
സ്പോർട്സ് ഡെസ്ക്