ദോഹ: രൂക്ഷമായി വിമർശിച്ച, വംശീയമായി അധിക്ഷേപിച്ച അതേ നാട്ടുകാരെക്കൊണ്ടുതന്നെ സൂപ്പർ താരമെന്ന് വിളിപ്പിക്കുക.... യുവതാരം ബുക്കായോ സാക്കയ്ക്ക് മധുര പ്രതികാരത്തിന്റെ ദിനമാണിന്ന്. ലോകകപ്പ് അരങ്ങേറ്റത്തിൽ ഇരട്ട ഗോളടിച്ചാണ് ഇംഗ്ലണ്ടിന്റെ ബുക്കായോ സാക്ക വിമർശകർക്ക് മറുപടി നൽകിയത്.

അന്ന് യൂറോ കപ്പ് ഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ അവസരം പാഴാക്കിയതിന്റെ പേരിലായിരുന്നു സാക്ക ഏറെ പഴികേട്ടത്. ഫൈനലിൽ ഇറ്റലിയായിരുന്നു എതിരാളി. ആദ്യ യൂറോകപ്പ് കിരീടം ഇംഗ്ലണ്ടിന് സമ്മാനിക്കാനായി സാക്ക കീറൺ ട്രിപ്പിയറിന് പകരം ഗ്രൗണ്ടിലെത്തി. പെനാൽട്ടി ഷൂട്ടൗട്ട് വരെ നീണ്ട മത്സരത്തിൽ ഒരു കിക്കെടുക്കാനുള്ള അവസരം പരിശീലകൻ ഗരെത് സൗത്ത്ഗേറ്റ് സാക്കയ്ക്ക് നൽകി. പക്ഷേ താരത്തിന്റെ കിക്ക് ഇറ്റാലിയൻ ഗോൾകീപ്പർ ജിയാൻലൂയി ഡോണറുമ്മ തട്ടിയകറ്റി. മത്സരത്തിൽ ഇംഗ്ലണ്ട് പരാജയപ്പെട്ടു. ഇംഗ്ലീഷ് താരങ്ങളുടെ കണ്ണീരിൽ വെംബ്ലി സ്റ്റേഡിയം നിറഞ്ഞൊഴുകി.

ഇന്ന് ലോകകപ്പിലെ ഗ്രൂപ്പ് ബിയിൽ നടന്ന പോരാട്ടത്തിൽ ഇറാനെതിരേ ഇംഗ്ലണ്ടിനായി ഇരട്ടഗോൾ നേടിയ സാക്ക ലോകകപ്പ് അരങ്ങേറ്റം ആഘോഷമാക്കി മാറ്റി. കഴിഞ്ഞ യൂറോ കപ്പിൽ പെനാൽട്ടി പാഴാക്കിയതിനെത്തുടർന്ന് വിമർശനങ്ങളും വംശീയ അധിക്ഷേപവും നേരിടേണ്ടി വന്ന സാക്ക മിന്നുന്ന പ്രകടനത്തിലൂടെയാണ് മറുപടി നൽകുന്നത്. ഇറാനെതിരെ 43-ാം മിനിറ്റിലും 62-ാം മിനിറ്റിലും ഗോളടിച്ചുകൊണ്ട് സാക്ക പ്രതിഭ തെളിയിച്ചു. മത്സരത്തിലുടനീളം ആക്രമിച്ച കളിച്ച താരം പോസ്റ്റിലേക്ക് മൂന്ന് തവണയാണ് നിറയൊഴിച്ചത്. അതിൽ രണ്ടെണ്ണം ലക്ഷ്യത്തിലെത്തിക്കുകയും ചെയ്തു. താരത്തിന്റെ പാസിങ് കൃത്യത 82 ശതമാനവുമാണ്. ഈ ലോകകപ്പിലെ ഇംഗ്ലണ്ടിന്റെ ഇനിയുള്ള കുതിപ്പിൽ കരുത്താകാൻ സാക്ക ടീമിലുണ്ടാകുമെന്ന് ഉറപ്പാക്കുന്നതാണ് ഇന്നത്തെ പ്രകടനം.



ഇംഗ്ലണ്ടിലാണ് ജനനമെങ്കിലും സാക്കയ്ക്ക് നൈജീരിയയിൽ വേരുകളുണ്ട്. സാക്കയുടെ അച്ഛൻ യോമി സാക്കയും അമ്മ അഡെനികെ നൈജീരിയക്കാരാണ്. അവർ ഇംഗ്ലണ്ടിൽ വന്ന് താമസിച്ചവരാണ്. ഗ്രേറ്റർ ലണ്ടനിലെ ഈലിങ്ങിൽ 2001 സെപ്റ്റംബർ അഞ്ചിനാണ് സാക്കയുടെ ജനനം. സാക്ക ജനിച്ചപ്പോൾ യോമിയുടെ സന്തോഷത്തിന് അതിരുണ്ടായിരുന്നില്ല. ഏവർക്കും സന്തോഷം നൽകിക്കൊണ്ട് പിറന്നുവീണ യുവഫുട്ബോളർക്ക് അദ്ദേഹം സ്നേഹപൂർവം ബുക്കായോ സാക്ക എന്ന പേര് നൽകി. ബുക്കായോ എന്നത് നൈജീരിയയിലെ യോറൂബ ഭാഷയിൽ നിന്നെടുത്ത പദമാണ്. സന്തോഷം പരത്തുന്നവൻ എന്നാണ് ഈ വാക്കിനർത്ഥം.

അത് അന്വർത്ഥമാക്കിക്കൊണ്ട് സാക്ക ഫുട്ബോളിന്റെ സന്തോഷം ആരാധകർക്ക് പകർന്നുകൊണ്ടേയിരിക്കുന്നു. ചെറുപ്പംതൊട്ട് ഫുട്ബോളിനോട് താത്പര്യം കാണിച്ച സാക്ക പഠനത്തിലും മുന്നിലായിരുന്നു. അച്ഛൻ യോമിയാണ് സാക്കയുടെ സുഹൃത്തും വഴികാട്ടിയും. കാൽപ്പന്തുകളിയുടെ മായികലോകം അച്ഛനാണ് സാക്കയ്ക്ക് മുന്നിൽ ആദ്യമായി തുറന്നുകൊടുത്തത്. വീട്ടിൽ യോമിക്കൊപ്പം പന്തുതട്ടി വളർന്ന സാക്ക ആദ്യമായി കളിച്ചത് പിന്നീട് സ്‌കൂൾ ടീമിലെ മിന്നും താരമായി വളർന്നു.

പ്രഫഷണൽ ഫുട്ബോളറായി ഒരു ക്ലബ്ബിൽ സാക്ക ചേരുന്നത് ഏഴാം വയസ്സിലാണ്. ആഴ്സനലിന്റെ അധീനതയിൽ പ്രവർത്തിക്കുന്ന ഹെയ്ൽ എൻഡ് അക്കാദമിയിലാണ് സാക്ക ആദ്യമായി ക്ലബ്ബ് ഫുട്ബോൾ കളിച്ചത്. 17 വയസ്സുവരെ താരം അക്കാദമിയിൽ തന്നെ തുടർന്നു. വലുതാകുമ്പോൾ ആഴ്സനൽ സീനിയർ ടീമിനുവേണ്ടി കളിക്കണമെന്നതായിരുന്നു താരത്തിന്റെ ഏറ്റവും വലിയ ആഗ്രഹം. അതിനിടയിൽ അപ്രതീക്ഷിതമായി ഇംഗ്ലണ്ട് അണ്ടർ 16 ടീമിലേക്ക് സാക്കയ്ക്ക് ക്ഷണം വന്നു.

രണ്ട് സൗഹൃദമത്സരങ്ങൾ ടീമിനുവേണ്ടി കളിച്ച സാക്ക ഒരു ഗോളും നേടി. പിന്നാലെ അണ്ടർ 17 ടീമിലും താരം ഇടം നേടി. 2018 മെയ്‌ മാസത്തിൽ സാക്ക ഇംഗ്ലണ്ട് അണ്ടർ 17 ടീമിനായി കളിച്ചു. യുവേഫ യൂറോപ്യൻ അണ്ടർ 17 ഫുട്ബോൾ ചാമ്പ്യൻഷിപ്പിനുള്ള ടീമിലാണ് സാക്ക സ്ഥാനം പിടിച്ചത്. എന്നാൽ സെമി ഫൈനലിൽ ഇംഗ്ലണ്ട് നെതർലൻഡ്സിനോട് തോറ്റ് പുറത്തായി. പെനാൽട്ടി ഷൂട്ടൗട്ടിലാണ് ഇംഗ്ലണ്ട് പരാജയപ്പെട്ടത്. ഷൂട്ടൗട്ടിൽ സാക്ക പെനാൽട്ടി ലക്ഷ്യത്തിലെത്തിച്ചിരുന്നു. ടീമിനൊപ്പം ഒൻപത് മത്സരങ്ങളിൽ കളിച്ചെങ്കിലും ഗോളടിക്കാനായില്ല.

ഇംഗ്ലണ്ട് ടീമിലെ പ്രകടനത്തെക്കാളുപരിയായി ആഴ്സനലിനുവേണ്ടി നടത്തിയ മാസ്മരിക ഫുട്ബോളിലൂടെയാണ് സാക്ക ആരാധകരുടെ മനസ്സിലേക്ക് ആഴത്തിലിറങ്ങിച്ചെന്നത്. മുന്നേറ്റനിരയിൽ ഒറ്റയ്ക്ക് പന്തുമായി മുന്നേറി പ്രതിരോധതാരങ്ങളെ കബിളിപ്പിച്ച് ഗോളടിക്കാനുള്ള മികവും പാസ്സുകളിലെ കൃത്യതയും വേഗതയുമെല്ലാം സാക്കയുടെ പ്രധാന പ്ലസ് പോയന്റുകളാണ്. ഒരേസമയം വിങ്ങറായും മിഡ്ഫീൽഡറായും ഉപയോഗിക്കാം എന്നതാണ് സാക്കയെ മറ്റ് താരങ്ങളിൽ നിന്ന് വ്യത്യസ്തനാക്കുന്നത്. നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച യുവഫുട്ബോളർമാരിലൊരാളാണ് സാക്ക. ആഴ്സനലിനുവേണ്ടി 143 മത്സരങ്ങളിൽ ബൂട്ടുകെട്ടിയ സാക്ക 25 ഗോളുകൾ നേടിയിട്ടുണ്ട്. ഇംഗ്ലണ്ടിനായി 20 മത്സരങ്ങളിൽ നിന്ന് നാല് ഗോളുകളും ഈ യുവതാരം നേടിക്കഴിഞ്ഞു.

2018-ലാണ് സാക്കയ്ക്ക് ആദ്യമായി ആഴ്സനൽ ടീമിലേക്കുള്ള അവസരം ലഭിക്കുന്നത്. ആഴ്നൽ അണ്ടർ 23 ടീമിലേക്ക് ലഭിച്ച ക്ഷണം താരം ശരിക്കും വിനിയോഗിച്ചു. തകർപ്പൻ പ്രകടനത്തിലൂടെ സാക്ക പരിശീലകൻ ഉനായ് എമെറിയുടെ മനം കവർന്നു. വൈകാതെ സാക്കയുടെ സ്വപ്നം യാഥാർത്ഥ്യമായി. താരത്തിന് സീനിയർ ടീമിലേക്കുള്ള വിളി വന്നു. യൂറോപ്പ ലീഗിൽ വോഴ്സ്‌ക്ല പോൾട്ടാവയ്ക്കെതിരായ മത്സരത്തിലൂടെ സാക്ക ആഴ്സനൽ സീനിയർ ടീമിൽ അരങ്ങേറി ആരോൺ റാംസിയുടെ പകരക്കാരനായി വന്ന സാക്ക ആദ്യ മത്സരത്തിൽ തന്നെ ആരാധകരുടെ മനം കവർന്നു. യൂറോപ്പ ലീഗിലെ അടുത്ത മത്സരത്തിൽ സാക്ക പ്ലേയിങ് ഇലവനിൽ സ്ഥാനം നേടിക്കൊണ്ട് തന്റെ പ്രതിഭയെന്താണെന്ന് ലോകത്തിന് കാണിച്ചുകൊടുത്തു. ക്വാറാബാഗായിരുന്നു ആഴ്സനലിന്റെ എതിരാളി. മത്സരം ആഴ്സനൽ അനായാസം സ്വന്തമാക്കുകയും ചെയ്തു.



പ്രീമിയർ ലീഗിൽ അരങ്ങേറാൻ സാക്ക 2019 വരെ കാത്തിരിക്കേണ്ടിവന്നു. 2019 ജനുവരി ഒന്നിന് പുതുവത്സരസമ്മാനമായി ക്ലബ്ബ് സാക്കയ്ക്ക് അവസരം നൽകി. 83-ാം മിനിറ്റിൽ അലെക്സ് ഇവോബിക്ക് പകരക്കാരനായാണ് താരം ഗ്രൗണ്ടിലെത്തിയത്. ചരിത്രം കുറിച്ചാണ് സാക്ക ഗ്രൗണ്ടിലിറങ്ങിയത്. 21-ാം നൂറ്റാണ്ടിൽ ജനിച്ച് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അരങ്ങേറിയ ആദ്യ താരം എന്ന റെക്കോഡ് സാക്കയുടെ പേരിൽ കുറിക്കപ്പെട്ടു. മത്സരത്തിൽ കരുത്തരായ ലെസ്റ്ററിനെ ഒന്നിനെതിരേ നാലുഗോളുകൾക്കാണ് ആഴ്സനൽ തുരത്തിയത്.

ആഴ്സനൽ ജഴ്സിയിൽ ഒരു ഗോൾ നേടാൻ സാക്കയ്ക്ക് എട്ട് മാസങ്ങൾ കാത്തിരിക്കേണ്ടി വന്നു. യുവേഫ യൂറോപ്പ ലീഗിൽ ജർമൻ ടീമായ എയ്ൻട്രാക്ട് ഫ്രാങ്ക്ഫർട്ടിനെതിരായ മത്സരത്തിൽ 2019 സെപ്റ്റംബർ 19 ന് സാക്ക ആഴ്സനൽ സീനിയർ ടീം കുപ്പായത്തിലെ ആദ്യ ഗോൾ സ്വന്തമാക്കി. മത്സരത്തിൽ രണ്ട് അസിസ്റ്റും നൽകിയ സാക്കയായിരുന്നു ആഴ്സനലിന് വിജയം സമ്മാനിച്ചത്. മത്സരത്തിൽ ഗണ്ണേഴ്സ് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് വിജയം നേടുകയും ചെയ്തു.

ജർമൻ ക്ലബ്ബിനെതിരായ പ്രകടനത്തിലൂടെ സാക്ക ആഴ്സനലിന്റെ സ്റ്റാർട്ടിങ് ലൈനപ്പിൽ ഇടം നേടി. ആസ്റ്റൺ വില്ലയ്ക്കെതിരായ മത്സരത്തിലൂടെ താരം ആദ്യ ഇലവനിൽ ഇറങ്ങി. മത്സരത്തിൽ ഗണ്ണേഴ്സ് 3-2 ന് വിജയിക്കുകയും ചെയ്തു. പിന്നാലെ നടന്ന മാഞ്ചെസ്റ്റർ യുണൈറ്റഡിനെതിരായ നിർണായക മത്സരത്തിലും സാക്ക തിളങ്ങി. മത്സരം 1-1 ന് സമനിലയിൽ കലാശിച്ചെങ്കിലും ആഴ്സനലിനായി പിയറി എമെറിക്ക് ഔബമെയാങ് നേടിയ ഗോളിന് വഴിവെച്ചത് സാക്കയുടെ മുന്നേറ്റമായിരുന്നു. കുറച്ചു മത്സരങ്ങളിൽ താരത്തെ ലെഫ്റ്റ് ബാക്കായി ടീമിലുൾപ്പെടുത്തിയിരുന്നു. മുന്നേറ്റത്തിലും പ്രതിരോധത്തിലും ഒരുപോലെ മികച്ചുനിൽക്കാൻ സാക്കയ്ക്ക് സാധിച്ചു.

2020 ജൂലായ് ഒന്നിന് ആഴ്സനൽ സാക്കയുമായുള്ള കരാർ നീട്ടി. പിന്നീട് ഇംഗ്ലീഷ് താരത്തിന് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. വൈകാതെ ഇംഗ്ലണ്ട് സീനിയർ ടീമിലേക്കുള്ള ക്ഷണവും സാക്കയെ തേടിവന്നു. 2020 ഒക്ടോബർ ഒന്നിന് സാക്ക ആദ്യമായി ഇംഗ്ലണ്ട് ടീമിൽ ഇടം നേടി. ആദ്യ മത്സരത്തിൽ വെയ്ൽസായിരുന്നു എതിരാളി. മത്സരത്തിൽ ഇംഗ്ലണ്ട് 3-0 ന് വിജയിച്ചു. ആ വർഷം നാലുതവണ താരം ദേശീയകുപ്പായമണിഞ്ഞു. 2020-2021 സീസണിൽ സാക്ക തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്.

മൂന്നുതവണ താരം ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പ്ലേയർ ഓഫ് ദ മന്ത് പുരസ്‌കാരം നേടി. പിന്നാലെ മറ്റൊരു വേറിട്ട റെക്കോഡും സാക്ക സ്വന്തമാക്കി. ആഴ്സനലിന്റെ ചരിത്രത്തിൽ 50 മത്സരങ്ങൾ പൂർത്തിയാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോഡാണ് സാക്ക നേടിയത്. ആ സീസണിൽ 46 മത്സരങ്ങളിൽ നിന്ന് ഏഴ് ഗോളുകളാണ് താരം ആഴ്സനലിനായി നേടിയത്. ഏഴ് അസിസ്റ്റുകളും നൽകി.

പിന്നാലെ അപ്രതീക്ഷിതമായി സാക്കയെത്തേടി മറ്റൊരു സന്തോഷവാർത്തയെത്തി. 2020 യൂറോകപ്പ് ഫുട്ബോളിനുള്ള ഇംഗ്ലണ്ട് ടീമിലേക്ക് സാക്കയ്ക്ക് ക്ഷണം ലഭിച്ചു. യൂറോ കപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലും സാക്കയ്ക്ക് അവസരം ലഭിച്ചില്ല. എന്നാൽ ചെക്ക് റിപ്പബ്ലിക്കിനെതിരായ മൂന്നാം മത്സരത്തിൽ താരം ടീമിലിടം നേടി. യൂറോകപ്പിലെ അരങ്ങേറ്റം സാക്ക മോശമാക്കിയില്ല. മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച സാക്ക മാൻ ഓഫ് ദ മാച്ച് പുരസ്‌കാരം കൈയിലാക്കിയ ശേഷമാണ് കളം വിട്ടത്.എന്നാൽ ഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ അവസരം പാഴാക്കിയ സാക്ക ഏറെ പഴികൾ കേൾക്കേണ്ടി വന്നു.

തോൽവിയേക്കാൾ വലിയ തിരിച്ചടിയാണ് സാക്കയെ കാത്തിരുന്നത്. മത്സരത്തിൽ കിക്ക് പാഴാക്കിയതിനെത്തുടർന്ന് സാക്ക വലിയ തോതിൽ വംശീയാധിക്ഷേപം നേരിട്ടു. പെനാൽട്ടി കിക്ക് നഷ്ടപ്പെടുത്തിയപ്പോൾ തന്നെ സമൂഹമാധ്യമങ്ങളിലൂടെ നേരിടാൻ പോകുന്ന വിദ്വേഷപ്രചരണങ്ങളെക്കുറിച്ച് സാക്കയ്ക്ക് നല്ല ബോധ്യമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ സമൂഹമാധ്യമങ്ങളിൽ നിന്നൊരകലം പാലിക്കാനാണ് താരം ശ്രമിച്ചത്.

കുടുംബത്തോടൊപ്പം സമയം ചെലവിട്ട സാക്ക തനിക്കെതിരായ പ്രശ്നങ്ങളോട് മുഖം തിരിച്ചു. ഇംഗ്ലണ്ടിനെ ഫൈനൽ വരെയെത്തിക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്നാണ് സാക്ക പറഞ്ഞത്. അതിൽ നിന്നുതന്നെ തളരാത്ത പോരാളിയാണ് താനെന്ന് ഈ യുവതാരം വ്യക്തമാക്കുന്നു. ഒരിക്കൽ ചുണ്ടിനും കപ്പിനുമിടയിൽ നഷ്ടപ്പെട്ട യൂറോകപ്പിന് പകരം ഇംഗ്ലണ്ടിന് ലോകകപ്പ് നേടിക്കൊടുക്കാൻ സാക്ക ഏതറ്റം വരെയും പോകും. അതുകൊണ്ടുതന്നെ 2022 ഫുട്ബോൾ ലോകകപ്പിൽ സാക്കയെ ഏറെ ഭയക്കണം.