ദോഹ: ഖത്തർ ലോകകപ്പിലെ സെനഗൽ-നെതർലൻഡ്സ് മത്സരം ആദ്യ പകുതി ഗോൾരഹിത സമനിലയിൽ. ഇരുടീമുകൾക്കും ഗോളടിക്കാനായില്ല. കരുത്തുറ്റ ആക്രമണവുമായി ഒപ്പത്തിനൊപ്പം നിൽക്കുന്ന പ്രകടനമാണ് സെനഗലും നെതർലൻഡ്സും കാഴ്ചവെച്ചത്. സെനഗൽ മുന്നേറ്റ നിരയിൽ സാദിയോ മാനെയുടെ അഭാവം പ്രകടമായിരുന്നു.

ഖത്തർ ലോകകപ്പിൽ ഇതുവരെ നടന്നതിലെ ഏറ്റവും മികച്ച ആക്രമണ ഫുട്‌ബോളിനാണ് ലോകം സാക്ഷ്യം വഹിക്കുന്നത്. യൂറോപ്യൻ കരുത്തർക്കെതിരെ ആക്രമണം അഴിച്ചു വിടുക എന്ന ഉദ്ദേശത്തോടെയാണ് സെനഗൽ കളത്തിൽ ഇറങ്ങിയതെന്ന് തുടക്കത്തിലുള്ള നീക്കങ്ങൾ വ്യക്തമാക്കി. ഇതോടെ നെതർലാൻഡ്‌സും പതിയെ ഉണർന്ന് കളിച്ചതോടെ ആവേശമുണർന്നു.

ഒമ്പതാം മിനിറ്റിൽ ഒരു ഗംഭീര ടേൺ നടത്തി സാർ എടുത്ത ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നതോടെ ഓറഞ്ച് പടയുടെ ആരാധകർ ആശ്വസിച്ചു. മികച്ച ബോൾ പൊസിഷൻ നെതർലാൻഡ്‌സിന് ആയിരുന്നെങ്കിലും അൽപ്പം കൂടെ മെച്ചപ്പെട്ട ആക്രമണങ്ങൾ നടത്തിയത് ആഫ്രിക്കൻ പടയായിരുന്നു.

17-ാം മിനിറ്റിൽ ഗ്യാപ്‌കോയുടെ ക്രോസ് ബോക്‌സിലേക്ക് പറന്നിറങ്ങിയെങ്കിലും ബ്ലൈൻഡിന്റെ ഹെഡർ നേരിയ വ്യത്യാസത്തിൽ പുറത്തേക്ക് പോയി. തൊട്ട് പിന്നാലെയാണ് തെതർലാൻഡ്‌സിന് സുവർണാവസരം ലഭിച്ചത്. ബെർഗ്ഹ്യൂസിന്റെ പാസ് ഡി ജോങ്ങിന് ലഭിച്ചപ്പോൾ ഷോട്ട് എടുക്കാൻ ആവശ്യത്തിന് സമയം ലഭിച്ചിരുന്നു. ആവശ്യമില്ലാത്ത ടച്ചുകൾ ബോക്‌സിനുള്ളിൽ എടുത്ത ബാഴ്‌സ താരം അവസരം പാഴാക്കി.

ലോകകപ്പിൽ ഇതുവരെ നടന്നതിൽ ഏറ്റവും വാശിയേറിയ പോരാട്ടമാക്കി മത്സരത്തെ മാറ്റി ഇരു വിഭാഗങ്ങളും നിരന്തരം ആക്രമണങ്ങൾ നടത്തി. മധ്യനിരയിൽ കൂടിയും വിംഗുകളിൽ കൂടിയും മുന്നേറ്റങ്ങൾ പിറന്നു കൊണ്ടേയിരുന്നു. 25-ാം മിനിറ്റിൽ സാറിന്റെ ഷോട്ട് വാൻ ഡൈക്ക് ഒരു വിധത്തിൽ ഹെഡ് ചെയ്ത് അകറ്റി.

27 മിനിറ്റിൽ വാൻ ഡൈക്കിന്റെ ഹെഡ്ഡർ പുറത്തേക്ക് പോയത് സെനഗലിന്റെ ആശ്വാസ നിമിഷമായി മാറി. കളി അര മണിക്കൂർ പിന്നിട്ടതോടെ കൂടുതൽ കരുത്താർജ്ജിച്ച ഓറഞ്ച് സംഘവും സെനഗൽ ബോക്‌സിലേക്ക് നിരന്തരം പന്ത് എത്തിച്ചു. 39-ാം മിനിറ്റിൽ നെതർലൻഡ്സിന്റെ സ്റ്റീവൻ ബെർഗ്വിസിന്റെ തകർപ്പൻ ലോങ് റേഞ്ചർ സെനഗൽ ക്രോസ് ബാറിന് മുകളിലൂടെ പറന്നു.

സെനഗലിന്റെ ഗംഭീരമായ പാസിംഗിനെ തകർത്ത് നെതർലാൻഡ്‌സ് നടത്തിയ ആക്രമണം സുന്ദരമായ ഡച്ച് ശൈലിക്ക് ഉദാഹരണമായി. എന്നാൽ, ഒടുവിൽ ബെർഗ്ഹ്യൂസ് ഷോട്ടിന് വലയെ തുളയ്ക്കാനായില്ല. വീണ്ടും ഇരു സംഘങ്ങളും ആക്രമണം നടത്തിയെങ്കിലും ഗോൾ മാത്രം ആദ്യ പകുതിയിൽ എത്തിയില്ല.