- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
ആദ്യ പകുതിയിൽ യുഎസ്എ മാത്രം; പന്തു കിട്ടാതെ വലഞ്ഞ് വെയ്ൽസ്; രണ്ടാം പകുതിയിൽ രക്ഷകനായി ബെയ്ൽ; വിയയുടെ മിന്നും ഗോളിന് പെനാൽറ്റിയിലൂടെ മറുപടി; ഖത്തർ ലോകകപ്പിലെ ആദ്യ സമനില
ദോഹ: ഖത്തർ ലോകകപ്പ് ഗ്രൂപ്പ് ബിയിലെ ആവേശപ്പോരാട്ടത്തിൽ യുഎസ്എയെ സമനിലയിൽ കുരുക്കി വെയ്ൽസ്. ആദ്യ പകുതിയിൽ ടിം വിയ നേടിയ ഗോളിൽ മുന്നിലെത്തിയ യുഎസ്എയെ, 82ാം മിനിറ്റിൽ പെനൽറ്റിയിലൂടെ സൂപ്പർതാരം ഗാരത് ബെയ്ൽ നേടിയ ഗോളിലാണ് സമനിലയിൽ പിടിച്ചത്. ഖത്തർ ലോകകപ്പിലെ ആദ്യ സമനിലയാണിത്. ഇതോടെ ഇരു ടീമുകളും പോയിന്റ് പങ്കുവച്ചു. ആദ്യ മത്സരത്തിൽ ഇറാനെതിരെ തകർപ്പൻ ജയം നേടിയ ഇംഗ്ലണ്ടാണ് ഗ്രൂപ്പ് ബിയിൽ മുന്നിൽ.
തുടക്കം മുതൽ ആക്രമിച്ചു കളിച്ച യുഎസിന്റെ വേഗത്തിന് മുന്നിൽ വെയ്ൽസ് പതറിയപ്പോൾ ആദ്യ പകുതിയിൽ യുഎസിനായിരുന്നു ആധിപത്യം.ആദ്യ അരമണിക്കൂർ ഗോൾ വഴങ്ങാതെ പിടിച്ചു നിന്നെങ്കിലും 36-ാം മിനിറ്റിൽ തിമോത്തി വിയയിലൂടെ യുഎസ് ലീഡെടുത്തു. മധ്യനിരയിൽ നിന്ന് ലഭിച്ച പന്തുമായി മുന്നേറിയ ക്രിസ്റ്റ്യൻ പുലിസിച്ച് നൽകിയ മനോഹര പാസിൽ തിമോത്തി വിയയുടെ ക്ലിനിക്കൽ ഫിനിഷിംഗിലൂടെയാണ് യുഎസ്എ ലീഡെടുത്തത്.
ആദ്യ 10 മിനിറ്റിൽ യുഎസ്എയുടെ തുടരെ തുടരെയുള്ള അതിവേഗ ആക്രമണങ്ങളിൽ പതറിയെങ്കിലും വെയ്ൽസ് പ്രതിരോധം ഗോൾ വീഴാതെ പിടിച്ചു നിന്നു. ഒമ്പതാം മിനിറ്റിൽ സെൽഫ് വഴങ്ങുന്നതിൽ നിന്ന് വെയ്ൽസ് കഷ്ടിച്ച് രക്ഷപ്പെടുകയും ചെയ്തു.യുഎസ് താരം തിമോത്തി വിയ ബോക്‌സിനകത്തു നിന്ന് കൊടുത്ത ക്രോസിൽ വെയ്ൽസിന്റെ ജോ റോഡന്റെ ഹെഡ്ഡർ ഗോൾ കീപ്പർ വെയൽസ് ഗോൾ കീപ്പർ വ്യെൻ ഹെന്നെസെ രക്ഷപ്പെടുത്തി.
പിന്നാലെ യുഎസിന് ലഭിച്ച അവസരം ആന്റോണി റോബിൻസൺ നഷ്ടമാക്കി. അന്റോണി റോബിൻസണും ക്രിസ്റ്റ്യൻ പുലിസിച്ചിനും ആക്രമിക്കാൻ ഇടം നൽകിയതിന് ആദ്യപകുതിയിൽ വെയ്ൽസ് വലിയ വില നൽകേണ്ടിവന്നു.ഇരു വിംഗുകളിലൂടെയും ഇരുവരും തുടർ ആക്രമണങ്ങളുമായി വെയ്ൽസ് ഗോൾ മുഖത്ത് ഇരച്ചെത്തി. യുഎസ്എ മിന്നിക്കളിച്ച ആദ്യ പകുതിയിൽ കാഴ്ചക്കാരുടെ റോളിലായിരുന്നു വെയ്ൽസ്. യുഎസ്എയുടെ അതിവേഗ മുന്നേറ്റങ്ങൾ പലപ്പോഴും കളത്തിൽ തീപടർത്തി.
രണ്ടാം പകുതിയുടെ തുടക്കത്തിലെ ആക്രമണമാണ് മികച്ച പ്രതിരോധമെന്ന് തിരിച്ചറിഞ്ഞ വെയ്ൽസ് മുന്നേറിയതോടെ യുഎസ് പ്രതിരോധം വിറച്ചു. തുടക്കത്തിൽ തന്നെ കോർണർ നേടിയെങ്കിലും വെയ്ൽസിന് അത് മുലാക്കാനായില്ല.64-ാം മിനിറ്റിൽ ബോക്‌സിന് പുറത്തു നിന്ന് ലഭിച്ച ഫ്രീ കിക്കിൽ ബെൻ ഡേവിസ് തൊടുത്ത ഹെഡ്ഡർ യുഎസ് ഗോളി മാറ്റ് ടർണർ അത്ഭുതകരമായി രക്ഷപ്പെടുത്തിയപ്പോൾ തൊട്ടുപിന്നാലെ ലഭിച്ച കോർണറിൽ നിന്ന് കീഫർ മൂർ തൊടുത്ത ഹെഡ്ഡർ നേരിയ വ്യത്യാസത്തിൽ പുറത്തേക്ക് പോയി. വെയ്ൽസ് തുടർ ആക്രമണങ്ങളുമായി നിറഞ്ഞു കളിച്ചപ്പോൾ യുഎസ് പ്രതിരോധത്തിലേക്ക് വലിഞ്ഞ് കൗണ്ടർ അറ്റാക്കുകളിൽ മാത്രം ശ്രദ്ധിച്ചു.
അടിക്കു തിരിച്ചടിയെന്ന മട്ടിൽ വെയ്ൽസും ഉണർന്നതോടെ മത്സരം കൂടുതൽ ആവേശകരമായി. ഈ തിരിച്ചുവരവിന്റെ തുടർച്ചയായിരുന്നു അവരുടെ സമനില ഗോളും. തുടർ ആക്രമണങ്ങൾക്ക് വെയ്ൽസിന് 80-ാം മിനിറ്റിൽ ഫലം ലഭിച്ചു. ഗാരെത് ബെയ്ലിനെ ടിം റീം ബോക്‌സിൽ വീഴ്‌ത്തിയതിന് വെയ്ൽസിന് അനുകൂലമായി റഫറി പെനൽറ്റി വിധിച്ചു.
പിഴവുകളേതുമില്ലാതെ ബെയ്ൽ പന്ത് വലയിലെത്തിച്ച് വെയ്ൽസിന് സമനില സമ്മാനിച്ചു.രാജ്യത്തിനായുള്ള ബെയ്‌ലിന്റെ 41-ാം ഗോളായിരുന്നു അത്. ലോകകപ്പിൽ ആദ്യത്തേതും.1958നുശേഷം ആദ്യ ലോകകപ്പിനിറങ്ങിയ വെയ്ൽസിന് തോൽക്കാതെ കയറിയതിന്റെ ആശ്വാസത്തിൽ മടങ്ങിയപ്പോൾ കളിയിലുടനീളം ആധിപത്യം പുലർത്തിയിട്ടും വിജയവും വിലപ്പെട്ട മൂന്ന് പോയന്റും നേടാനാവാത്തതിന്റെ നിരാശയിലായിരുന്നു യുഎസ്എ. കളി പരുക്കനായതിനെ തുടർന്ന് ആദ്യ പകുതിയിൽത്തന്നെ നാല് മഞ്ഞക്കാർഡുകളാണ് റഫറി പുറത്തെടുത്തത്. ഇരു ടീമുകളിലെയും താരങ്ങൾക്ക് രണ്ടു വീതം മഞ്ഞക്കാർഡ് ലഭിച്ചു.
സ്പോർട്സ് ഡെസ്ക്