- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
പ്രതിരോധവും പ്രത്യാക്രമണവുമായി തുനീസിയ; യൂറോ കപ്പ് സെമി ഫൈനലിസ്റ്റുകളായ ഡെന്മാർക്കിന് സമനില പൂട്ട്; മികച്ച സേവുകളുമായി ഷ്മൈക്കലും ഡാഹ്മെനും; ഖത്തർ ലോകകപ്പിലെ ആദ്യ ഗോൾരഹിത മത്സരം!
ദോഹ: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ഡിയിൽ കരുത്തരായ ഡെന്മാർക്കിനെ ഗോൾരഹിത സമനിലയിൽ കുരുക്കി തുനീസിയ. ഇരു ടീമുകൾക്കും മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും, അതു മുതലാക്കാനാകാതെ പോയതാണ് മത്സരം ഗോൾരഹിതമാക്കിയത്. രണ്ടാം പകുതിയിൽ ഓൾസനിലൂടെ ഡെന്മാർക്ക് തുനീസിയൻ വലയിൽ പന്തെത്തിച്ചെങ്കിലും, റഫറി ഓഫ്‌സൈഡ് വിളിച്ചത് തിരിച്ചടിയായി. ഇതോടെ, ഗ്രൂപ്പ് ഡിയിൽ ഇരു ടീമുകൾക്കും ഓരോ പോയിന്റ് ലഭിച്ചു.
തകർപ്പൻ പ്രകടനം പുറത്തെടുത്ത ഗോൾകീപ്പർമാരായ ഷ്മൈക്കലും ഡാഹ്‌മെനുമാണ് മത്സരത്തിലെ താരങ്ങൾ. ഇരുവരുടെയും മികച്ച സേവുകൾ മത്സരത്തിൽ ഗോൾ പിറക്കാതിരുന്നതിന് കാരണമായി.മത്സരത്തിന്റെ തുടക്കത്തിൽ തുനീസിയയാണ് ആക്രമിച്ച് കളിച്ചത്. തുടർച്ചയായി ഡെന്മാർക്ക് ഗോൾ മുഖത്ത് അപകടം വിതറാൻ തുനീസിയയ്ക്ക് സാധിച്ചു. 11-ാം മിനിറ്റിൽ തുനീസിയ ഗോളടിച്ചെന്ന് തോന്നിച്ചെങ്കിലും ഡ്രാഗറുടെ ഷോട്ട് ഗോൾപോസ്റ്റിനെ തൊട്ടുരുമ്മി കടന്നുപോയി. തുനീസിയ പ്രതിരോധതാരം ക്രിസ്റ്റിയൻസണിന്റെ ദേഹത്ത് തട്ടിയ പന്ത് ദിശമാറി പോസ്റ്റിനടുത്തൂടെ കടന്നുപോയി.
23-ാം മിനിറ്റിൽ തുനീസിയയ്ക്ക് വേണ്ടി ഇസാം ജെബാലി ലക്ഷ്യം കണ്ടെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. പതിയെ ഡെന്മാർക്കും ആക്രമണത്തിലേക്ക് നീങ്ങിയതോടെ മത്സരം ആവേശത്തിലേക്കുയർന്നു. എന്നാൽ ഹോയ്ബർഗും ഓൾസണും എറിക്സണുമെല്ലാം അണിനിരന്ന മുന്നേറ്റനിരയെ സമർത്ഥമായി നേരിടാൻ തുനീസിയൻ പ്രതിരോധത്തിന് സാധിച്ചു. ആദ്യ പകുതിയിൽ കാര്യമായ ഗോളവസരങ്ങൾ സൃഷ്ടിക്കാൻ ഡെന്മാർക്കിന് സാധിച്ചില്ല.
43-ാം മിനിറ്റിൽ ഗോൾകീപ്പർ ഷ്മൈക്കേൽ മാത്രം മുന്നിൽ നിൽക്കെ തുനീസിയയുടെ ജബാലിക്ക് സുവർണാവസരം ലഭിച്ചെങ്കിലും താരത്തിന് അത് ഗോളാക്കി മാറ്റാനായില്ല. ജബാലിയുടെ ചിപ്പിങ് ഷോട്ട് ഷ്മൈക്കിൾ ഒറ്റക്കൈ കൊണ്ട് രക്ഷപ്പെടുത്തിയെടുത്തു. പിന്നാലെ ആദ്യ പകുതി അവസാനിച്ചു.
നിലവിലെ യൂറോ കപ്പ് സെമി ഫൈനലിസ്റ്റുകളായ ഡെന്മാർക്ക് 3-4-3 ശൈലിയിലും തുനീസിയ 3-4-2-1 ഫോർമേഷനിലുമാണ് കളത്തിലെത്തിയത്. ക്രിസ്റ്റ്യൻ എറിക്സണിന്റെ സാന്നിധ്യമായിരുന്നു ഡെന്മാർക്ക് നിരയിലെ ശ്രദ്ധേയം. യൂസഫ് മസാക്നിയുടെ ടാക്കിളിൽ പരിക്കേറ്റ തോമസ് ഡെലീനിക്ക് പകരം ഹാഫ്‌ടൈമിന് മുമ്പ് തന്നെ ഡെന്മാർക്കിന് ആദ്യ സബ്സ്റ്റിറ്റിയൂട്ട് വേണ്ടിവന്നു. മൈക്കൽ ഡാംസ്ഗാർഡാണ് കളത്തിലെത്തിയത്.
രണ്ടാംപകുതിയിലും ഡെന്മാർക്ക് കിണഞ്ഞ് ശ്രമിച്ചെങ്കിലും തുനീസിയൻ പ്രതിരോധവും പ്രത്യാക്രമണവും വിലങ്ങുതടിയായി. അവസാന മിനുറ്റുകളിലൊരു പെനാൽറ്റിക്കായി ഡെന്മാർക്ക് താരങ്ങൾ വാദിച്ചെങ്കിലും നിരാശയായിരുന്നു ഫലം. പന്തടക്കത്തിലും പാസിങ്ങിലും താരതമ്യേന മേധാവിത്തം പുലർത്തിയ ഡെന്മാർക്കിന്, കനത്ത തിരിച്ചടിയാണ് തുനീസിയയ്ക്കെതിരായ സമനില. 56ാം മിനിറ്റിൽ സ്‌കോവ് ഓൾസനിലൂടെ വല ചലിപ്പിച്ച ഡെന്മാർക്കിന്, റഫറിയുടെ ഓഫ്‌സൈഡ് തീരുമാനവും തിരിച്ചടിയായി. ഡാംസ്ഗാർഡിന്റെ ഷോട്ട് തുനീസിയൻ ഗോൾകീപ്പർ രക്ഷപ്പെടുത്തിയതിനു പിന്നാലെയായിരുന്നു ഓൾസൻ പന്ത് വലയിലെത്തിച്ചത്.
ആദ്യപകുതിയിൽ തുനീസിയയാണ് ഭേദപ്പെട്ടു നിന്നതെങ്കിൽ, രണ്ടാം പകുതിയിൽ ഡെന്മാർക്കും കരുത്തുകാട്ടി. ആദ്യപകുതിയെ അപേക്ഷിച്ച് രണ്ടാം പകുതിയിൽ ഡെന്മാർക്ക് താരങ്ങൾ ആക്രമിച്ചു കളിച്ചെങ്കിലും, തുനീസിയൻ ഗോൾകീപ്പർ അയ്മൻ ഡെഹ്‌മന്റെ തകർപ്പൻ പ്രകടനം അവരെ ലക്ഷ്യത്തിൽനിന്ന് അകറ്റി.
ആദ്യ പകുതിയിൽ തുനീസിയയുടെ ഗോളെന്നുറപ്പിച്ച നീക്കം തടഞ്ഞ ഗോൾകീപ്പർ കാസ്പർ ഷ്‌മൈക്കലിനും ഡെന്മാർക്ക് നന്ദി പറയണം. 43ാം മിനിറ്റിൽ തുനീസിയൻ താരം ജെബാലിയുടെ ഗോളെന്നുറപ്പിച്ച ചിപ്പ് ഷോട്ട് അവിശ്വസനീയമായാണ് ഷ്‌മൈക്കൽ തട്ടിയകറ്റിയത്.
സ്പോർട്സ് ഡെസ്ക്