- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
ഈ ലോകകപ്പിലെ ഏറ്റവും താഴ്ന്ന റാങ്കുള്ള രണ്ടാമത്തെ ടീം; ഖത്തറിൽ എത്തുമ്പോൾ ലോകകപ്പിൽ മൂന്ന് ജയം മാത്രം; അർജന്റീനയെ അട്ടിമറിച്ച സൗദി അറേബ്യയുടെ 'മാസ്റ്റർ ബ്രെയിൻ'; ഫ്രഞ്ചുകാരനായ ഹേർവ് റെനാർഡ് ഫുട്ബാളിന്റെ ചരിത്ര പുസ്തകങ്ങളിൽ ഇടംപിടിക്കുമ്പോൾ
ദോഹ: ഗ്രൂപ്പ് സിയിലെ ആദ്യ മത്സരം ആരംഭിക്കുമ്പോൾ ആരാധകർ പ്രതീക്ഷിച്ചത് മിന്നുന്ന ജയത്തോടെ അർജന്റീന കിരീട പോരാട്ടത്തിന് തുടക്കമിടുന്നതായിരുന്നു. 36 മത്സരങ്ങളിൽ അപരാജിതരായി മുന്നേറുന്ന ലയണൽ മെസിയും സംഘവും ഇറ്റലിയുടെ റെക്കോർഡ് മറികടന്ന് ലോകകപ്പിൽ കുതിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകർ. എന്നാൽ സൗദി അറേബ്യയ്ക്ക് എതിരായ മത്സരം പൂർത്താകുമ്പോൾ കനത്ത തോൽവിയുമായി നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. ഗ്രൂപ്പിൽ ശേഷിക്കുന്ന മത്സരങ്ങളുടെ ഫലം നിർണായകമാകും.
ലയണൽ മെസി എന്ന ഇതിഹാസ താരത്തിന് ഒരു ലോകകിരീടം ചാർത്തി അർഹിക്കുന്ന യാത്രയയപ്പ് നൽകാനാണ് ഖത്തറിന്റെ മണ്ണിൽ അർജന്റീന എത്തിയത്. മെസിക്ക് നൽകാനാവുന്നതിൽ ഏറ്റവും വലിയ സമ്മാനമായിരിക്കും ഈ കിരീടമെന്ന് സഹതാരങ്ങൾക്കും കടുത്ത ആരാധകർക്കും അറിയാം.
ഏറെക്കാലമായി പിന്തുടരുന്ന സ്വപ്നത്തെ കൈപ്പിടിയിലൊതുക്കുക എന്നതുമാത്രമായിരുന്നു സ്‌കലോണിയുടെയും സംഘത്തിന്റെയും ലക്ഷ്യം. സൗദി അറേബ്യക്കെതിരെയുള്ള മത്സരം ഒരു വലിയ പോരാട്ടത്തിന്റെ തുടക്കം മാത്രമാകുമെന്ന ആരാധകരുടെ കണക്കുകൂട്ടലാണ് 90 മിനിറ്റിനുള്ളിൽ കളിക്കളത്തിൽ വീണുടഞ്ഞത്.
Al-Dawsari turned the game on its head with this absolute screamer! ????#LetItFly with @qatarairways pic.twitter.com/XoMPN1hnqH
- FIFA World Cup (@FIFAWorldCup) November 22, 2022
സൗദിയുടെ അട്ടിമറിക്ക് പിന്നിലെ ചാലകശക്തി ആരെന്നാണ് ഇപ്പോൾ ഫുട്‌ബോൾ ലോകം ചർച്ച ചെയ്യുന്നത്. അതിലേക്ക് എല്ലാവരും എത്തുന്നത് ഒറ്റ ഉത്തരത്തിലേക്കാണ്. സൗദി കോച്ച് ഹേർവ് റെനാർഡ്!. ഫുട്ബാളിന്റെ ചരിത്ര പുസ്തകങ്ങളിൽ ഇനി ആ പേര് മായാതെകിടക്കുമെന്ന് തീർച്ച. സൗദി അറേബ്യൻ ഫുട്‌ബോൾ തന്ത്രങ്ങളുടെ മാസ്റ്റർ ബ്രെയിൻ എന്നാണ് റെനാർഡിനെ വാഴ്‌ത്തുന്നത്. ലുസൈൽ സ്റ്റേഡിയത്തിൽ ആർത്തിരമ്പുന്ന 88,012 കാണികൾക്ക് മുന്നിൽ മെസിയെയും സംഘത്തെയും നിഷ്പ്രഭമമാക്കുന്നതായിരുന്നു സൗദിയുടെ പ്രകടനം.
???????? pic.twitter.com/J6VZldee5Z
- المنتخب السعودي (@SaudiNT) November 22, 2022
മൂന്ന് വർഷമായി സൗദി ടീമിന്റെ പരിശീലകനാണ് ഫ്രഞ്ചുകാരനായ റെനാർഡ്. 2012ൽ സാംബിയക്കും 2015ൽ ഐവറി കോസ്റ്റിനും തന്റെ തന്ത്രപരമായ തലച്ചോറ് ഉപയോഗിച്ച് ആഫ്രിക്ക നേഷൻസ് കപ്പ് നേടിക്കൊടുത്തതും ഇതേ മനുഷ്യൻ.
സൗദി ടീം ഖത്തറിലെത്തിയത് ഉല്ലാസ യാത്രക്കല്ല, ഓരോ സൗദി പൗരനും ടീമിനെ കുറിച്ച് അഭിമാനിക്കാനും ഉയർന്ന അഭിമാന ബോധത്തോടെ കളിക്കാനാണെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. റെനാർഡിന്റെ വാക്കുകൾ - 'ലോകകപ്പ് എത്ര പ്രയാസകരമാണെന്ന് ഞങ്ങൾക്കറിയാം. മത്സരങ്ങളിൽ പങ്കെടുക്കാനുള്ള ആവേശവും പ്രചോദനവും ഞങ്ങൾക്കുണ്ട്.
ലോകകപ്പിൽ പങ്കെടുക്കാൻ വർഷങ്ങളോളം ഞങ്ങൾ കഠിനാധ്വാനം ചെയ്തു. അർജന്റീനയെയും അതിന്റെ സൂപ്പർ താരം ലയണൽ മെസ്സിയെയും നേരിടുക എന്നത് വെല്ലുവിളി തന്നയാണ് എന്ന് ഞങ്ങൾക്കറിയാം. ഇതിനായി ഞങ്ങൾ നന്നായി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്, ഞങ്ങൾക്ക് ഉയർന്ന പോരാട്ട വീര്യവുമുണ്ട്, അത് കളത്തിൽ പ്രതിഫലിക്കും' എന്നായിരുന്നു പരിശീലകന്റെ വാക്കുകൾ. ആ വാക്കുകൾ പാലിച്ചിരിക്കുന്നു.
ഈ ലോകകപ്പിൽ പങ്കെടുക്കുന്ന ടീമുകളിൽ ഏറ്റവും താഴ്ന്ന റാങ്കിലുള്ള രണ്ടാമത്തെ ടീമായിരുന്നു സൗദി. 2019ലാണ് റെനാർഡ് സൗദി അറേബ്യ ഫുട്‌ബോൾ ടീമിന്റെ മാനേജർ സ്ഥാനം ഏറ്റെടുക്കുന്നത്. റെനാർഡ് സ്ഥാനമേറ്റെടുത്ത് മൂന്ന് വർഷത്തിന് ശേഷം റാങ്കിങ്ങിൽ വലിയ മുന്നേറ്റമാണ് സൗദി നടത്തിയത്. ഫിഫ ലോക റാങ്കിംഗിൽ 70-ൽ നിന്ന് 51-ാം സ്ഥാനത്തേക്ക് ടീം ഉയർന്നു. അർജന്റീനയ്ക്കെതിരായ തകർപ്പൻ വിജയത്തിന് മുമ്പ് ലോകകപ്പ് ചരിത്രത്തിൽ മൂന്നേ മൂന്ന് വിജയങ്ങൾ മാത്രമായിരുന്നു സൗദിയുടെ അക്കൗണ്ടിൽ.
ഫ്രാൻസായിരുന്നു റെനാർഡിന്റെ തട്ടകം. എസ്ജി ഡ്രാഗ്വിഗ്‌നനിലാണ് പരിശീലനകാലം ആരംഭിക്കുന്നത്. പിന്നീട് അദ്ദേഹം ഇംഗ്ലണ്ടിലേക്ക് മാറി. കേംബ്രിഡ്ജ് യുണൈറ്റഡിന്റെ മാനേജരായിരുന്ന ക്ലോഡ് ലെ റോയിയുടെ സഹായിയായാണ് ഇംഗ്ലണ്ടിൽ കരിയർ ആരംഭിക്കുന്നത്. 2004ൽ, ലെ റോയ് ആഫ്രിക്കയിലേക്ക് പോയതിനുശേഷം, റെനാർഡ് മാനേജരായി ചുമതലയേറ്റു. പിന്നീട് വിയറ്റ്‌നാമിലെത്തി നാം ഡിന്നിന്റെ പരിശീലകനായി. എന്നാൽ തൊട്ടുപിന്നാലെ എഎസ് ചെർബർഗിനെ പരിശീലിപ്പിക്കാൻ ഫ്രാൻസിലേക്ക് മടങ്ങി.
പരിശീലകനെന്ന നിലയിൽ ആഫ്രിക്കയിലായിരുന്നു റെനാർഡിന്റെ വിജയകാലം. 2012ൽ സാംബിയയെയും 2016ൽ ഐവറി കോസ്റ്റിനെയും ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് ചാമ്പ്യന്മാരാക്കി. 2016-ൽ മൊറോക്കോ ടീമിന്റെ പരിശീലകനായതോടെ ആഫ്രിക്കയിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന മാനേജരായി. 2018 ൽ അദ്ദേഹം മൊറോക്കോയെ റഷ്യൻ ലോകകപ്പിന് യോഗ്യരാക്കി. 1998 ന് ശേഷം ആദ്യമായാണ് മൊറോക്കോ 2018ൽ യോഗ്യത നേടുന്നത്. മൊറോക്കോയുമായുള്ള മൂന്ന് വർഷത്തെ സേവനത്തിന് ശേഷം റെനാർഡ് സൗദി അറേബ്യൻ ടീമിനൊപ്പം ചേർന്നത്. സൗദി ഒന്നാം റൗണ്ട് കടക്കുമോ ഇല്ലയോ എന്നതൊന്നും ഇപ്പോഴും പ്രവചിക്കാനായിട്ടില്ലെങ്കിലും കപ്പടിക്കാനെത്തിയ അർജന്റീനക്കാരുടെ നെഞ്ചിൽ തീകോരിയൊഴിക്കാനായി എന്നത് വലിയ നേട്ടമാണ്.
സ്പോർട്സ് ഡെസ്ക്