ദോഹ: ഫിഫ ലോകകപ്പിൽ അതിവേഗ ഗോളിലൂടെ ഞെട്ടിച്ച ഓസ്‌ട്രേലിയക്ക് ശക്തമായ തിരിച്ചടി നൽകി ലീഡെടുത്ത് ലോക ചാമ്പ്യന്മാരായ ഫ്രാൻസ്. ഒമ്പതാം മിനിറ്റിൽ ഗുഡ്വിന്റെ ഗോളിൽ മുന്നിലെത്തിയ കംഗാരുപ്പടയെ റാബിയോട്ടിന്റെയും ഒലിവർ ജിറൂഡിന്റെയും ഗോളുകളിലാണ് ഫ്രാൻസ് ലീഡെടുത്തത്.

9ാം മിനിറ്റിൽ ആദ്യ ഗോൾ നേടിയ ഓസ്‌ട്രേലിയയ്ക്ക് 27, 32 മിനിറ്റുകളിൽ ഫ്രാൻസ് മറുപടിയൊരുക്കി. മത്സരം തുടങ്ങി ആദ്യ നിമിഷങ്ങളിൽ ഫ്രാൻസ് മികച്ച ആക്രമണമാണു പുറത്തെടുത്തത്. രണ്ടാം മിനിറ്റിൽ ഒസ്മാൻ ഡെംബലെയുടെ ഷോട്ട് ബോക്‌സിന്റെ അറ്റത്തുനിന്നും ഓസ്‌ട്രേലിയൻ പ്രതിരോധം തട്ടിയകറ്റി. അഞ്ചാം മിനിറ്റിൽ കിലിയൻ എംബപെയുടെ മുന്നേറ്റവും ലക്ഷ്യം കണ്ടില്ല. വൈകാതെ ഓസ്‌ട്രേലിയയും മത്സരത്തിൽ തിരിച്ചെത്തി. പൊസഷൻ നിലനിർത്താനുള്ള ശ്രമത്തിനിടെ 9ാം മിനിറ്റിൽ ഓസ്‌ട്രേലിയയുടെ ഗോളെത്തി.

ഒമ്പതാം മിനിറ്റിൽ പിൻനിരയിൽ നിന്ന് സൗട്ടർ നൽകിയൊരു ലോംഗ് ബോൾ പിടിച്ചെടുത്ത് വലതു വിംഗിൽ നിന്ന് ലെക്കി നൽകിയ മനോഹരമായൊരു ക്രോസിൽ ഓടിയെത്തിയെ ഹെർണാണ്ടസിനെ മറികടന്ന് നൽകിയ ക്രോസിൽ നിന്ന് ക്ലിനിക്കൽ ഫിനിഷിംഗിലൂടെ ഗുഡ്വിൻ ആണ് ഓസ്‌ട്രേലിയയെ മുന്നിലെത്തിച്ചത്.ഖത്തർ ലോകകപ്പിലെ ഏറ്റവും വേഗമേറിയ ഗോളുമാണിത്.



സൗദി അറേബ്യക്കെതിരെ പത്താം മിനിറ്റിൽ ലിയോണൽ മെസി നേടിയ ഗോളായിരുന്നു ഈ ലോകകപ്പിലെ വേഗമേറിയ ഗോൾ. ഗോൾ വീണതോടെ ഉണർന്ന ഫ്രാൻ അതിവേഗ ആക്രമണങ്ങളുമായി ഓസീസ് പ്രതിരോധത്തെ പരീക്ഷിച്ചു.

മധ്യനിരയിൽ ഗ്രീസ്മാനും ഡെംബലെയും എംബാപ്പെയും ചേർന്ന് നെയ്‌തെടുത്ത നീക്കങ്ങൾ ഓസ്‌ട്രേലിയൻ ബോക്‌സിലെത്തിയെങ്കിലും ഗോളൊഴിഞ്ഞു നിന്നു.എന്നാൽ 27-ാം മിനിറ്റിൽ ഫ്രാൻസ് കാത്തിരുന്ന ഗോൾ റാബിയോട്ടിന്റെ തലയിൽ നിന്ന് പിറന്നു. കോർണറിൽ നിന്ന് തട്ടിയകറ്റിയ പന്ത് വീണ്ടും ബോക്‌സിലേക്ക് ഉയർത്തി അടിച്ച ഹെർണാണ്ടസാണ് ഗോ ളിലേക്കുള്ള വഴി തുറന്നത്. ഹെർണാണ്ടസ് ബോക്‌സിലേക്ക് ഉയർത്തി നൽകിയ ക്രോസിൽ റാബിയോട്ടിന്റെ മനോഹര ഹെഡ്ഡർ ഓസീസ് വല കുലുക്കിയപ്പോഴാണ് ഫ്രാൻസിന് ശ്വാസം നേരെ വീണത്.

തൊട്ടുപിന്നാലെ കിലിയൻ എംബാപ്പെയുടെ മനോഹരമായൊരു ബാക് ഹിൽ പാസിൽ നിന്ന് റാബിയോട്ടാണ് ഫ്രാൻസിന്റെ രണ്ടാം ഗോളിന് വഴിയൊരുക്കിയത്. എംബാപ്പെ നൽകിയ അപ്രതീക്ഷിത ബാക് ഹീൽ പാസ് പിടിച്ചെടുത്ത റാബിയോട്ട് ബോക്‌സിനകത്തുനിന്ന് നൽകിയ ക്രോസിൽ ഒളിവർ ജിറൂഡിന്റെ മനോഹര ഫിനിഷിങ്, ഫ്രാൻസ് 2-1ന് മുന്നിൽ.

36-ാം മിനിറ്റിൽ ജിറൂർഡിന് വീണ്ടുമൊരു ഓപ്പൺ ചാൻസ് ലഭിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല.39ാം മിനിറ്റിൽ എംബാപ്പെയുടെ പാസിൽ ലഭിച്ച തുറന്നവസരം ഗോളാക്കി മാറ്റാൻ ഡെംബെലെക്കുമായില്ല.42ാം മിനിറ്റിൽ എംബാപ്പെയുടെ മറ്റൊരു ബാക് ഹീൽ പാസിൽ നിന്ന് ഗ്രീസ്മാൻ തൊടുത്ത ഷോട്ട് ഓസീസ് പോസ്റ്റിനെ ഉരുമ്മി കടന്നുപോയി.ആദ്യ പകുതി തീരുന്നതിന് തൊട്ടു മുമ്പ് ഗ്രീസ്മാന്റെ ഡയഗണൽ ക്രോസിൽ നിന്ന് ലഭിച്ചൊരു സുവർണാവസരം എംബാപ്പെയും നഷ്ടമാക്കി.പിന്നാലെ നടത്തിയൊരു കൗണ്ടർ അറ്റാക്കിൽ ഓസ്‌ട്രേലിയയുടെ ഇർവിൻ തൊടുത്ത ഹെഡ്ഡർ ഫ്രാൻസിന്റെ പോസ്റ്റിൽ തട്ടിത്തെറിച്ചത് ലോകചാമ്പ്യന്മാർക്ക് അനുഗ്രഹമായി.