ദോഹ: ലോകകപ്പ് ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ അർജന്റീനക്കെതിരെ ഐതിഹാസിക വിജയമാണ് സൗദി അറേബ്യ സ്വന്തമാക്കിയത്. ലുസെയ്ൽ സ്റ്റേഡിയത്തിൽ അർജന്റീനയുടെ തേരോട്ടം കാണാൻ കാത്തുകാത്തിരുന്ന ആരാധക ലക്ഷങ്ങളെ കണ്ണീരിലാഴ്‌ത്തിയാണ് സൗദി അട്ടിമറി ജയം നേടിയത്. മത്സരത്തിനിടെ അർജന്റീന നായകൻ ലണയൽ മെസിയെ സൗദി അറേബ്യൻ താരം അലി അൽ-ബുലൈഹി പ്രകോപിപ്പിക്കാൻ നടത്തുന്ന പ്രതികരണത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുകകയാണ്.

അർജന്റീനയ്ക്കെതിരെ അട്ടിമറി ജയം ഉറപ്പിക്കുന്നതിന് 40 മിനിറ്റ് മുമ്പാണ് സൗദി അറേബ്യൻ താരം അലി അൽ-ബുലൈഹി ലയണൽ മെസ്സിയോട് 'നീ വിജയിക്കില്ല' എന്ന് ആവർത്തിച്ച് പറഞ്ഞ് പ്രകോപിപ്പിക്കാൻ ശ്രമിക്കുന്നത്. ആദ്യ പകുതിയിൽ ലയണൽ മെസ്സി നേടിയ പെനൽറ്റി ഗോളിൽ പിന്നിലായിരുന്ന സൗദി, രണ്ടാം പകുതിയുടെ തുടക്കത്തിൽത്തന്നെ അഞ്ച് മിനിറ്റിനിടെ രണ്ടു ഗോൾ തിരിച്ചടിച്ചാണ് വിജയം സ്വന്തമാക്കിയത്. തുടർന്നങ്ങോട്ട് അർജന്റീനയുടെ അലകടലായുള്ള ആക്രമണങ്ങളെ കൂട്ടത്തോടെ പ്രതിരോധിച്ച് സൗദി വിജയം പിടിച്ചുവാങ്ങുകയായിരുന്നു.

പത്താം മിനിറ്റിൽ മെസി അർജന്റീനയെ മുന്നിലെത്തിച്ചെങ്കിലും 48 ആം മിനുറ്റിൽ സാല അൽ ഷെഹ്‌റി സൗദിയെ ഒപ്പമെത്തിച്ചു. 53 ആം മിനിറ്റിൽ സാലെം അൽ ഡവ്സാരി സൗദിയുടെ ലീഡ് ഉയർത്തി. ഇതിന് പിന്നാലെയാണ് അർജന്റീന നായകന്റെ അടുത്തെത്തി അൽ-ബുലൈഹി പ്രകോപിപ്പിക്കാൻ ശ്രമിച്ചത്.

53ാം മിനിറ്റിൽ രണ്ടാം ഗോൾ വീണതിന് പിന്നാലെ തന്റെ ടീമംഗങ്ങൾക്കൊപ്പം ആഘോഷിക്കുന്നതിന് പകരം, അൽ-ബുലൈഹി മെസ്സിയുടെ അടുത്തേക്ക് ഓടിയെത്തി, മെസിയുടെ ശ്രദ്ധ ആകർഷിക്കുന്നതിനായി ശരീരത്തിൽ തട്ടിവിളിച്ചു. തുടർന്ന് 'നീ ജയിക്കില്ല, ജയിക്കില്ല!' എന്ന് ആവർത്തിച്ച് പറയുകയായിരുന്നു. ആദ്യം ഒന്ന് അമ്പരന്ന മെസി രൂക്ഷമായി താരത്തെ നോക്കിയ ശേഷം നടന്നുനീങ്ങുന്നതും വീഡിയോയിലുണ്ട്.

മത്സരം തീരാൻ 35 മിനിറ്റും അധിക സമയവും ബാക്കിയുള്ളപ്പോഴായിരുന്നു അൽ-ബുലൈഹി തന്റെ സ്വന്തം കുപ്പായം പിടിച്ചുകൊണ്ട് മെസെ പ്രകോപിപ്പിക്കുന്ന രീതിയിൽ പ്രതികരിച്ചത്. അർജന്റീന താരങ്ങളായ ഗോമസും മാർട്ടിനെസും ഇതുകണ്ട് ഓടി മെസിയുടെ അടുത്തെത്തി. തുടർന്ന് സൗദി താരത്തെ പിൻതിരിപ്പിക്കാൻ ശ്രമിച്ചു.

മത്സര ശേഷം സൗദി അറേബ്യയുടെ പ്രകടനത്തിൽ അദ്ഭുതപ്പെടുന്നില്ലെന്നാണ് മെസ്സി പ്രതികരിച്ചത്. ഇത്തരമൊരു തുടക്കം പ്രതീക്ഷിച്ചില്ലെന്നും മെസ്സി ഒരു അർജന്റീനിയൻ മാധ്യമത്തോടു പറഞ്ഞു. ''ഇത്തരമൊരു സാഹചര്യത്തിലൂടെ താരങ്ങൾ കടന്നുപോയിട്ടില്ല. ഇങ്ങനെ തുടങ്ങുമെന്നു കരുതിയില്ല'' മെസ്സി പറഞ്ഞു.

''അഞ്ചു മിനിറ്റിൽ സംഭവിച്ച പിഴവുകളാണു സ്‌കോർ 2 -1 എന്ന നിലയിലെത്തിച്ചത്. പിന്നീടു കാര്യങ്ങളെല്ലാം കൂടുതൽ കടുപ്പത്തിലായി. സൗദി അറേബ്യ ഞങ്ങളെ അദ്ഭുതപ്പെടുത്തുന്നില്ല. കാരണം അവർക്ക് അതു ചെയ്യാനാകുമെന്നു ഞങ്ങൾക്ക് അറിയാം. കയ്‌പേറിയ ഫലമാണ് ആദ്യ മത്സരത്തിലേത്. എങ്കിലും ആരാധകർ ഈ ടീമിനെ വിശ്വസിക്കണം. ഞങ്ങൾ അവരെ നിരാശരാക്കില്ല. അർജന്റീനയുടെ ശരിയായ കരുത്ത് കാണിക്കാൻ ഒരുമിച്ചു നിൽക്കേണ്ട സമയമാണിത്.'' മെസ്സി പ്രതികരിച്ചു.

ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് സൗദി അർജന്റീനയെ തോൽപിച്ചത്. 27ന് മെക്‌സിക്കോയ്‌ക്കെതിരെയാണ് അർജന്റീനയുടെ അടുത്ത പോരാട്ടം.