ദോഹ: ഖത്തർ ലോകകപ്പിൽ ജപ്പാനെതിരായ ആദ്യ മത്സരത്തിന്റെ ആദ്യ പകുതിയിൽ ജർമ്മനിക്ക് ലീഡ്. ജർമനിയുടെ തുടർ ആക്രമണങ്ങൾ ജപ്പാൻ പ്രതിരോധത്തിൽ തട്ടി പലതവണ തകരുന്നത് കണ്ട മത്സരത്തിൽ മാനം കാത്തത് 'വീണുകിട്ടിയ' പെനൽറ്റിയിൽനിന്ന് ലഭിച്ച ഗോളാണ്.

ഇകായ് ഗുണ്ടോഗനാണ് ടീമിന് ലീഡ് സമ്മാനിച്ചത്. 31ാം മിനിറ്റിൽ ജർമൻ താരം ഡേവിഡ് റൗമിനെ ജപ്പാൻ ഗോൾകീപ്പർ ഷൂയ്ചി ഗോണ്ട വീഴ്‌ത്തിയതിനായിരുന്നു പെനൽറ്റി. ഇൻജറി ടൈമിൽ ജർമൻ താരം കയ് ഹാവർട്‌സ് ഒരിക്കൽക്കൂടി ലക്ഷ്യം കണ്ടെങ്കിലും, ഓഫ്‌സൈഡ് കെണിയിൽ കുരുങ്ങിയതോടെ ലീ്ഡ് ഉയർത്താനുള്ള മുൻചാമ്പ്യന്മാരുടെ മോഹം വീണുടഞ്ഞു.

ജർമനിയുടെ തുടർച്ചയായ ആക്രമണങ്ങളാണ് മത്സരത്തിന്റെ ആദ്യ പകുതിയുടെ ഹൈലൈറ്റ്. പലതവണ ജർമനി ഗോളിന് അടുത്തെത്തിയെങ്കിലും ജപ്പാന്റെ പ്രതിരോധം പിളർത്താനായില്ല. മത്സരം തുടങ്ങിയപ്പോൾ തൊട്ട് ജപ്പാനും ജർമനിയും ആക്രമിച്ചാണ് കളിച്ചത്. എട്ടാം മിനിറ്റിൽ തകർപ്പൻ കൗണ്ടർ അറ്റാക്കിലൂടെ ജർമനിയെ ഞെട്ടിച്ചുകൊണ്ട് ജപ്പാൻ വലകുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് കൊടി ഉയർത്തി.

ജർമൻ പ്രതിരോധത്തെ ഞെട്ടിച്ച മുന്നേറ്റമാണ് ജപ്പാൻ നടത്തിയത്. ആദ്യ പത്തുമിനിറ്റിൽ ഒരു ഷോട്ട് പോലും ഗോൾ പോസ്റ്റിലേക്ക് ഉതിർക്കാൻ ജർമനിക്ക് സാധിച്ചില്ല അത്രമേൽ ജർമൻ മുന്നേറ്റനിരയെ പിടിച്ചുകെട്ടാൻ ജപ്പാന് സാധിച്ചു.

17-ാം മിനിറ്റിൽ ജർമനിയുടെ ആന്റോണിയോ റൂഡിഗറുടെ മികച്ച ഹെഡ്ഡർ ജപ്പാൻ ഗോൾ പോസ്റ്റിനെ തൊട്ടുരുമ്മി കടന്നുപോയി. 20-ാം മിനിറ്റിൽ ജോഷ്വാ കിമ്മിച്ചിന്റെ തകർപ്പൻ ലോങ് റേഞ്ചർ ജപ്പാൻ ഗോൾ കീപ്പർ ഗോണ്ട തട്ടിയകറ്റി. ജപ്പാൻ ബോക്സിലേക്ക് മുന്നേറാൻ ജർമൻ താരങ്ങൾ കിണഞ്ഞുപരിശ്രമിച്ചെങ്കിലും അതെല്ലാം പ്രതിരോധനിര വിഫലമാക്കി. ജർമനിയുടെ കരുത്ത് തിരിച്ചറിഞ്ഞ് അതിനനുസരിച്ച പ്രതിരോധമാണ് ജപ്പാൻ ഗ്രൗണ്ടിൽ തീർത്തത്. ഇതിനിടെയാണ് ജർമനിക്ക് അനുകൂലമായി പെനൽറ്റി ലഭിച്ചത്.

ജപ്പാൻ ബോക്‌സിലേക്ക് ജർമനി നടത്തിയ ആക്രമണങ്ങളുടെ തുടർച്ചയായിരുന്നു പെനൽറ്റി. ജപ്പാൻ താരം സകായിയെ കാഴ്ചക്കാരനാക്കി ജോഷ്വ കിമ്മിച്ചിന്റെ പന്ത് ബോക്‌സിനുള്ളിൽ ഡേവിഡ് റൗവുമിലേക്ക്. പന്തുമായി മുന്നോട്ടുകയറിയ റൗവുമിനെ തടയാൻ ജപ്പാൻ ഗോൾകീപ്പർ മുന്നോട്ട്. ഇതിനിടെ പന്തുമായി വെട്ടിത്തിരിച്ച താരത്തെ ജപ്പാൻ ഗോൾകീപ്പർ വീഴ്‌ത്തി. ഒരു നിമിഷം പോലും പാഴാക്കാതെ റഫറി പെനൽറ്റി സ്‌പോട്ടിലേക്ക് വിരൽ ചൂണ്ടി. കിക്കെടുത്ത ഗുണ്ടോഗൻ അനായാസം ലക്ഷ്യം കണ്ടു. സ്‌കോർ 1 - 0.

ലോകകപ്പ് വേദിയിൽ ജർമനിയുടെയും ജപ്പാന്റെയും ആദ്യ കണ്ടുമുട്ടലാണിത്. ഇതിനു മുൻപ് രണ്ടു തവണ സൗഹൃദ മത്സരങ്ങളിൽ ഇരു ടീമുകളും കണ്ടുമുട്ടിയിട്ടുണ്ട്. രണ്ടു തവണയും ജർമനി ജയിച്ചുകയറി. ഈ രണ്ടു മത്സരങ്ങളിലായി പിറന്ന ഏഴു ഗോളുകളും രണ്ടാം പകുതിയിലാണ് പിറന്നതെന്ന പ്രത്യേകതയുമുണ്ട്.

ഏറ്റവും ഒടുവിൽ കളിച്ച അഞ്ച് ലോകകപ്പുകളിൽ നാലു തവണയും സെമിയിൽ കടന്ന ടീമാണ് ജർമനി. സെമി കാണാതെ പോയത് 2018ൽ റഷ്യയിൽ നടന്ന ലോകകപ്പിൽ മാത്രം. അന്ന് ചരിത്രത്തിലാദ്യമായി അവർ ആദ്യ റൗണ്ടിൽ പുറത്തായി. ദക്ഷിണ കൊറിയയോടും തോറ്റായിരുന്നു പുറത്താകൽ. മറുവശത്ത് ജപ്പാന്റെ തുടർച്ചയായ ഏഴാം ലോകകപ്പാണിത്. തുടർച്ചയായ 10ാം ലോകകപ്പ് കളിക്കുന്ന ദക്ഷിണ കൊറിയയ്ക്കു ശേഷം ഇക്കാര്യത്തിൽ ഏഷ്യൻ റെക്കോർഡാണിത്.