- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
'മനുഷ്യാവകാശങ്ങൾ എല്ലാവർക്കും വേണ്ടതാണ്; എന്നാൽ ഇവിടെ ഒന്നും മിണ്ടാൻ പാടില്ല'; കിക്കോഫിനു തൊട്ടുമുമ്പ് പ്രീ മാച്ച് ഫോട്ടോ ഷൂട്ടിനിടെ വാ പൊത്തി പ്രതിഷേധിച്ച് ജർമൻ ടീം; പരിശീലന ജഴ്സിയിൽ മഴവിൽ നിറവും; നിശബ്ദ പ്രതികരണം, വൺ ലൗ ആം ബാൻഡ് നിരോധനത്തിൽ
ദോഹ: ഖത്തർ ലോകകപ്പ് ഫുട്‌ബോളിൽ ഫിഫയുടെ നയങ്ങളിൽ പരസ്യ പ്രതിഷേധവുമായി ജർമൻ ഫുട്‌ബോൾ ടീം. 'വൺ ലവ്' ആശയങ്ങൾ അടങ്ങിയ ക്യാപ്റ്റൻ ആം ബാൻഡ് അടക്കം വിലക്കിയ ഫിഫ നടപടിയിലാണ് ജപ്പാനെതിരായ മത്സരത്തിനിറങ്ങും മുമ്പ് വായ് മൂടി ജർമൻ കളിക്കാർ പ്രതിഷേധിച്ചത്. മത്സരത്തിന് മുന്നോടിയായുള്ള ഫോട്ടോ ഷൂട്ടിനിടെയാണ് ജർമൻ കളിക്കാർ വായ് പൊത്തി കടുത്ത പ്രതിഷേധം അറിയിച്ചത്. ജർമൻ കളിക്കാരുടെ നടപടിയിൽ ഫിഫ അച്ചടക്ക നടപടിയെടുക്കുമോ എന്നാണ് ഇനി അറിയേണ്ടത്.
ഇതൊരു രാഷ്ട്രീയ പ്രഖ്യാപനമല്ല, എന്നാൽ മനുഷ്യാവകാശങ്ങൾ അനുവദിക്കാതിരിക്കാൻ സമ്മതിക്കില്ല. മനുഷ്യാവകാശങ്ങൾ എല്ലാവർക്കും വേണ്ടതാണ്. എന്നാൽ ഇവിടെ അതല്ല നടന്നത്. അതിനാൽ തന്നെ ഈ സന്ദേശവും പ്രതിഷേധവും ഞങ്ങൾക്ക് പ്രധാനപ്പെട്ടതാണ്. ഞങ്ങൾക്ക് ആംബാൻഡ് നിഷധിച്ച നടപടി ഞങ്ങളുടെ വായ് മൂടിക്കെട്ടിയപോലെയാണ്. അതിനാൽ തന്നെ ഞങ്ങൾ ഞങ്ങളുടെ നിലപാടിൽ ഉറച്ചു നിൽക്കുന്നു എന്നായിരുന്നു മത്സരത്തിന് തൊട്ടു മുമ്പ് ജർമൻ ടീം ട്വിറ്ററിൽ കുറിച്ചത്.
ടീമുകളെ നിശബ്ദരാക്കാനാണു ഫിഫയുടെ നീക്കമെന്ന് ആരോപണമുയർന്നിരുന്നു. ജപ്പാനെതിരായ മത്സരത്തിനു മുൻപ് ജർമൻ ടീം പരിശീലനത്തിനിറങ്ങിയപ്പോൾ ധരിച്ച വസ്ത്രത്തിന്റെ സ്ലീവുകൾ മഴവിൽ നിറത്തിലുള്ളതായിരുന്നു. ഖത്തറിൽ നടക്കുന്ന ലോകകപ്പ് മത്സരങ്ങളിൽ എന്തെങ്കിലും തരത്തിലുള്ള രാഷ്ട്രീയ നിലപാടുകൾ പ്രകടിപ്പിച്ചാൽ ഉപരോധമടക്കം നേരിടേണ്ടിവരുമെന്ന് താരങ്ങൾക്കു ഫിഫ മുന്നറിയിപ്പു നൽകിയിരുന്നു. അതിനിടെയാണ് ജർമൻ ടീമിന്റെ വേറിട്ട പ്രതിഷേധം. എൽജിബിടിക്യു വിഭാഗത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ലോകകപ്പിൽ വൺലവ് ആം ബാൻഡ് അണിയാൻ തീരുമാനിച്ച ഏഴു ടീമുകളിലൊന്നായിരുന്നു ജർമനി.
മത്സരത്തിനു മുൻപു ജർമൻ ക്യാപ്റ്റൻ മാനുവൽ നൂയർ വൺ ലവ് ബാൻഡ് ധരിച്ചിട്ടില്ലെന്ന് ലൈൻസ്മാൻ ഉറപ്പുവരുത്തി. ജർമൻ ഗോൾ കീപ്പർ പ്രതിഷേധം അറിയിക്കുമെന്ന് നേരത്തേ അഭ്യൂഹങ്ങളുണ്ടായിരുന്നു. ആശയങ്ങൾക്കെതിരായ ഫിഫയുടെ നീക്കത്തിൽ ജർമൻ ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റ് ബേൺ ന്യൂൺഡോഫും പ്രതിഷേധം പരസ്യമാക്കിയിട്ടുണ്ട്.
മത്സരം കാണാനായി സ്റ്റേഡിയത്തിലെത്തിയ ജർമൻ മന്ത്രി നാൻസി ഫേയ്‌സർ മഴവിൽ ആംബാൻഡ് ധരിച്ചാണ് സ്റ്റേഡിയത്തിലിരുന്നത്. വൺ ലവ് ക്യാംപെയിനിന്റെ ഭാഗമായി മഴവിൽ ആംബാൻഡ് ധരിച്ച് കളിക്കാനിറങ്ങാൻ തീരുമാനിച്ച ടീമുകൾ ഫിഫ കണ്ണുരുട്ടിയതോടെ പിന്മാറിയിരുന്നു. ജർമനി, ഇംഗ്ലണ്ട് തുടങ്ങിയ ഏഴോളം ടീമുളാണ് ലോകകപ്പിൽ മഴവിൽ ആംബാൻഡ് ധരിച്ചിറങ്ങാൻ തീരുമാനിച്ചത്. എൽ ജി ബി ടി ക്യു പ്ലസ് വിഭാഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനും അവരെ പിന്തുണക്കാനുമായിട്ടാണ് വൺ ലവ് ക്യാംപെയ്ൻ ടീമുകൾ ഏറ്റെടുത്തത്.
എൽ.ജി.ബി.ടി.ക്യു സമൂഹത്തോടുള്ള ഖത്തറിന്റെ നിലപാടിൽ പ്രതിഷേധം അറിയിക്കുന്നതിനായിരുന്നു മഴവിൽ നിറത്തിലുള്ള വൺ ലൗ ആം ബാൻഡ് ധരിച്ച് കളത്തിലിറങ്ങാൻ യൂറോപ്യൻ ടീമുകൾ തീരുമാനിച്ചിരുന്നത്. സ്വവർഗാനുരാഗം ഖത്തറിൽ നിയമവിരുദ്ധമാണ്. ഖത്തർ ലോകകപ്പിൽ 'വൺ ലൗ' ആംബാൻഡ് ധരിക്കാൻ ഏഴ് യൂറോപ്യൻ രാജ്യങ്ങൾ തീരുമാനിച്ചിരുന്നത്.
ഇംഗ്ലണ്ട്, ജർമനി, ബെൽജിയം, ഡെന്മാർക്ക്, നെതർലൻഡ്‌സ്, സ്വിറ്റ്‌സർലൻഡ്, വെയ്ൽസ് ഫുട്‌ബോൾ ഫെഡറേഷനുകളാണ് ഖത്തർ ലോകകപ്പിലെ മത്സരങ്ങളിൽ തങ്ങളുടെ ടീം ക്യാപ്റ്റന്മാരെ 'വൺ ലൗ' ആംബാൻഡ് ധരിപ്പിച്ച് കളത്തിലിറക്കാൻ പദ്ധതിയിട്ടിരുന്നത്. എന്നാൽ ഇത്തരത്തിൽ കളത്തിലിറങ്ങുന്നവർക്കെതിരേ വിലക്കും മഞ്ഞക്കാർഡ് കാണിക്കുന്നതും അടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്ന് ഫിഫ നിലപാട് കടുപ്പിച്ചതോടെ തീരുമാനത്തിൽ നിന്ന് പിന്നാക്കം പോകാൻ യൂറോപ്യൻ ടീമുകൾ നിർബന്ധിതരാകുകയായിരുന്നു.
സ്പോർട്സ് ഡെസ്ക്