ദോഹ: ഖത്തർ ലോകകപ്പിലെ വമ്പന്മാരുടെ അട്ടിമറി ഭീതിക്കിടെ സ്പാനിഷ് പടയ്ക്ക് ഗോളടിമേളം. ആദ്യപകുതിയിൽ തന്നെ കോസ്റ്റാറിക്കയ്ക്കെതിരെ മൂന്നടിച്ച് മുൻതൂക്കം നേടിയിരിക്കുകയാണ് സ്പെയിൻ. അൽ തുമാമ സ്റ്റേഡിയത്തിൽ ഗ്രൂപ്പ് ഇയിലെ മത്സരത്തിൽ 45 മിനുറ്റുകൾ പൂർത്തിയായപ്പോൾ 3-0ന് മുന്നിൽ നിൽക്കുകയാണ് സ്പാനിഷ് പട. കോസ്റ്റാറിക്കയുടെ വിഖ്യാത ഗോളി കെയ്ലർ നവാസ്് സ്പാനിഷ് കുതിപ്പിന് മുന്നിൽ പ്രതിരോധം മറന്നു.

പരിചയസമ്പത്തും യുവകരുത്തും സമ്മേളിക്കുന്ന സ്പാനിഷ് സംഘം തുടക്കം മുതൽ കോസ്റ്റാറിക്കയെ നിരന്തര ആക്രമണങ്ങൾ കൊണ്ട് വിറകൊള്ളിച്ചു. അൽ തുമാമ സ്റ്റേഡിയത്തിൽ കോസ്റ്ററിക്കയ്ക്കെതിരെ നടക്കുന്ന ഗ്രൂപ്പ് ഇ മത്സരത്തിൽ, 31 മിനിറ്റിനിടെ മൂന്നു ഗോളടിച്ച് സ്‌പെയിൻ ബഹുദൂരം മുന്നിലെത്തി. ഡാനി ഓൽമോ (11), മാർക്കോ അസെൻസിയോ (21), ഫെറാൻ ടോറസ് (31) എന്നിവരാണ് സ്‌പെയിനായി ഗോൾ നേടിയത്.

പന്തടക്കത്തിലും പാസിങ്ങിലും കോസ്റ്ററിക്കയെ നിഷ്പ്രഭമാക്കി കളം ഭരിക്കുന്ന സ്‌പെയിൻ, ആദ്യ മിനിറ്റു മുതൽ ഏതു നിമിഷവും ഗോളടിക്കുമെന്ന തോന്നൽ സൃഷ്ടിച്ചു. പലതവണ ഗോളിന് അടുത്തെത്തിയെങ്കിലും, 11ാം മിനിറ്റിൽ ഡാനി ഓൽമോയിലൂടെ അവർ മുന്നിൽക്കയറി.

കോസ്റ്ററിക്കൻ ബോക്‌സിലേക്ക് നടത്തിയ തുടർ ആക്രമണങ്ങളുടെ തുടർച്ചയായിരുന്നു സ്‌പെയിനിന്റെ ആദ്യ ഗോൾ. സ്പാനിഷ് ജഴ്‌സിയിൽ ലോകകപ്പ് കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടം സ്വന്തമാക്കിയ ഗാവിയിൽനിന്നാണ് ഗോൾനീക്കത്തിന്റെ തുടക്കം. ഗാവി ബോക്‌സിലേക്ക് ഉയർത്തി നൽകിയ പന്ത് കോസ്റ്ററിക്കൻ പ്രതിരോധ മതിലിൽ തട്ടി വന്നുപെട്ടത് ഡാനി ഓൽമോയ്ക്കു മുന്നിൽ. താരത്തിന്റെ ഷോട്ട് കെയ്ലർ നവാസിനെ മറികടന്ന് വലയിൽ. ലോകകപ്പ് ഗോൾ വേട്ടയിൽ സെഞ്ചുറി തികച്ച് സ്‌പെയിൻ. സ്‌കോർ 1 -0.

10 മിനിറ്റിനുള്ളിൽ സ്‌പെയ്ൻ ലീഡ് വർധിപ്പിച്ചു. ഇക്കുറി ലക്ഷ്യം കണ്ടത് മാർക്കോ അസെൻസിയോ. ബോക്‌സിനു വെളിയിൽ ഇടതുവിങ്ങിൽനിന്നും ജോർഡി ആൽബ പന്ത് ഉയർത്തി വിടുമ്പോൾ കാര്യമായ അനക്കമില്ലാത്ത നിലയിലായിരുന്നു കോസ്റ്ററിക്കൻ പ്രതിരോധം. കാൽച്ചുവട്ടിലേക്കെത്തിയ പന്തിനെ ഒട്ടും താമസം കൂടാതെ അസെൻസിയോ വലയിലേക്ക് തിരിച്ചുവിട്ടു. നവാസിന്റെ കൈകളിൽത്തട്ടി ചെറുതായി ഗതിമാറിയെങ്കിലും പന്ത് വലയിലേക്കു തന്നെ. സ്‌കോർ 2-0.

അടുത്ത 10 മിനിറ്റിനുള്ളിൽ സ്‌പെയിൻ ലീഡ് മൂന്നാക്കി ഉയർത്തി. ഇത്തവണ ഗോളിലേക്കു വഴിതുറന്നത് സ്െപയിന് അനുകൂലമായി ലഭിച്ച പെനൽറ്റി. ഇത്തവണയും ഗോളിന്റെ ശിൽപി ജോർഡി ആൽബ. കോസ്റ്ററിക്കൻ ബോക്‌സിനുള്ളിൽ ആൽബയെ ഡ്യുവാർട്ടെ തള്ളിയിട്ടതിന് സ്‌പെയിന് അനുകൂലമായി പെനൽറ്റി. കിക്കെടുത്ത ഫെറാൻ ടോറസ് അനായാസം ലക്ഷ്യം കണ്ടു. സ്‌കോർ 3-0. എൺപതിലധികം ശതമാനം സമയം പന്ത് സ്‌പെയിൻ താരങ്ങൾ കാൽക്കൽ വച്ചപ്പോൾ കോസ്റ്റാറിക്കയ്ക്ക് ഇതുവരെ ഒരു ഷോട്ട് പോലും ഓൺ ടാർഗറ്റിലേക്ക് ഉതിർക്കാനായിട്ടില്ല.