- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
ഖത്തറിൽ ഗോൾമഴ!; കോസ്റ്ററീക്കയുടെ വലനിറച്ച് സ്പെയിൻ; ആദ്യ ജയം എതിരില്ലാത്ത ഏഴ് ഗോളിന്; ഇരട്ട ഗോളുമായി ഫെറാൻ ടോറസ്; എണ്ണം തികച്ച് ഓൽമോയും അസെൻസിയോയും ഗാവിയും സോളറും മൊറാട്ടയും; പാസിങ് മാജിക്കിൽ പന്ത് കിട്ടാതെ വലഞ്ഞ് കോസ്റ്ററീക്ക താരങ്ങൾ
ദോഹ: ഖത്തറിലെ അൽ തുമാമ സ്റ്റേഡിയത്തിൽ കോസ്റ്ററിക്കയ്ക്ക് മേൽ ഗോൾമഴ വർഷിച്ച് സ്‌പെയിൻ. ഗ്രൂപ്പ് ഇയിലെ മത്സരത്തിൽ 90 മിനിറ്റും സ്പെയ്ൻ മാത്രമായിരുന്നു മൈതാനത്ത് നിറഞ്ഞ് നിന്നത്. ആ പാസിങ് മാജിക്കിൽ കോസ്റ്ററീക്ക താരങ്ങൾ മൈതാനത്ത് പന്ത് കിട്ടാതെ വലഞ്ഞു. ലോകകപ്പിലേക്കുള്ള വരവറിയച്ച സ്പാനിഷ് യുവനിര കോസ്റ്ററിക്കയെ വീഴ്‌ത്തിയത് എതിരില്ലാത്ത ഏഴു ഗോളുകൾക്ക്.
സ്പാനിഷ് നിരയിലെ ആറു പേർ ചേർന്നാണ് ഏഴു ഗോളടിച്ചത്. ഫെറാൻ ടോറസിന്റെ ഇരട്ടഗോളും (31പെനൽറ്റി, 54), ഡാനി ഓൽമോ (11), മാർക്കോ അസെൻസിയോ (21), ഗാവി (74), കാർലോസ് സോളർ (90), അൽവാരോ മൊറാട്ട (90പ്ലസ് ടു) എന്നിവരുടെ ഗോളുകളുമാണ് സ്പാനിഷ് പടയ്ക്ക് കൂറ്റൻ വിജയമൊരുക്കിയത്. ഇതോടെ, ഗ്രൂപ്പ് ഇയിൽ മൂന്നു പോയിന്റുമായി സ്‌പെയിൻ ഒന്നാം സ്ഥാനത്തേക്ക് കയറി. ജർമനിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കു തോൽപ്പിച്ച ജപ്പാനാണ് രണ്ടാമത്.
പന്തടക്കത്തിലെ ആധിപത്യം ഗോൾനേട്ടത്തിൽ കാണുന്നില്ലെന്ന പേരുദോഷം ഇത്തവണ മാറ്റിയ സ്പെയ്ൻ എണ്ണം പറഞ്ഞ ഏഴ് ഗോളുകളാണ് കോസ്റ്ററീക്കൻ വലയിലെത്തിച്ചത്. ലോകകപ്പിന്റെ ചരിത്രത്തിൽ സ്‌പെയിനിന്റെ ഏറ്റവും വലിയ വിജയം കൂടിയാണിത്. ഇതിനു മുൻപ് സ്‌പെയിൻ ലോകകപ്പിലെ ഒരു മത്സരത്തിൽ അഞ്ചിലധികം ഗോൾ നേടിയത് രണ്ടു തവണ മാത്രമാണ്. 1986ൽ ഡെന്മാർക്കിനെതിരെ 5-1ന് വിജയിച്ച സ്‌പെയിൻ, 1998ൽ ബൾഗേറിയയ്ക്കെതിരെ 6-1നും വിജയിച്ചു.
ഖത്തർ ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങിയ സ്പെയ്ൻ തുടക്കം തൊണ്ട് മൈതാനം നിറഞ്ഞ് കളിക്കുകയായിരുന്നു. പന്തടക്കത്തിൽ തങ്ങളെ വെല്ലാൻ ആരുണ്ടെന്ന് ഫുട്ബോൾ ലോകത്തോട് ചോദിച്ചുകൊണ്ടായിരുന്നു സ്പാനിഷ് പടയുടെ തുടക്കം.
ജോർഡി ആൽബ സ്ഥാനം വിട്ടിറങ്ങുകയും ഗാവിയും പെഡ്രിയും ടോറസും കൃത്യമായി ഒപ്പം പിടിക്കുകയും ചെയ്തതോടെ മധ്യനിരയിൽ സ്പെയ്നിന്റെ നീക്കങ്ങൾ ചടുലമായി. അസെൻസിയോയ്ക്കും ഓൽമോയ്ക്കും ബോക്സിൽ കൃത്യമായ ഇടവേളകളിൽ പന്തുകളെത്തിക്കൊണ്ടിരുന്നു. കോസ്റ്ററീക്ക താരങ്ങൾ ചിത്രത്തിൽ പോലും ഉണ്ടായിരുന്നില്ല. തീർത്തും ഏകപക്ഷീയമായ മത്സരത്തിൽ ഒരു ഷോട്ട് പോലും ഇല്ലാതെയാണ് അവർ മത്സരം അവസാനിപ്പിച്ചത്.
.
ടിക്കിടാക്കയെ ഓർമ്മിപ്പിച്ച പാസുകളുടെ അയ്യരുകളിയായിരുന്നു തുമാമ സ്റ്റേഡിയത്തിൽ. ആദ്യപകുതിയിൽ തന്നെ 573 പാസുകളുമായി സ്പാനിഷ് താരങ്ങൾ കളംനിറഞ്ഞപ്പോൾ മൂന്ന് ഗോളുകൾ 31 മിനുറ്റിനിടെ കോസ്റ്റാറിക്കയുടെ വലയിലെത്തി. മൂന്നും നേടിയത് മുന്നേറ്റനിര താരങ്ങൾ.
എണ്ണയട്ട യന്ത്രം പോലെ ഒഴുകിയ ഒരു സ്പാനിഷ് മുന്നേറ്റത്തിനൊടുവിൽ 11-ാം മിനിറ്റിൽ ഡാനി ഓൽമോയാണ് ആദ്യ ഗോൾ നേടിയത്. ബോക്സിലെ അവസരം മുന്നിൽ കണ്ട് ഗാവി ചിപ് ചെയ്ത് നൽകിയ പന്ത് കോസ്റ്ററീക്ക താരത്തിന്റെ ദേഹത്ത് തട്ടി ഓൽമോയ്ക്ക്. ഒട്ടും സമയം പാഴാക്കാതെ പന്ത് നിയന്ത്രിച്ച ഓൽമോ പന്ത് വലയിലെത്തിച്ചു. ലോകകപ്പ് ചരിത്രത്തിലെ സ്പെയ്നിന്റെ 100-ാം ഗോൾ.
പിന്നാലെ 21-ാം മിനിറ്റിൽ മാർക്കോ അസെൻസിയോയിലൂടെ സ്പെയ്ൻ രണ്ടാം ഗോളും നേടി. ബോക്സിന്റെ ഇടത് ഭാഗത്തുനിന്ന് ജോർഡി ആൽബ നൽകിയ ക്രോസ് അസെൻസിയോ കൃത്യമായി വലയിലെത്തിക്കുകയായിരുന്നു.
31-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി വലയിലെത്തിച്ച് ഫെറാൻ ടോറസ് സ്പെയ്നിന്റെ മൂന്നാം ഗോളും സ്വന്തമാക്കി. ജോർഡി ആൽബയെ ബോക്സിൽ വീഴ്‌ത്തിയ ഓസ്‌കാർ ഡ്യുവാർട്ടെയുടെ ഫൗളാണ് പെനാൽറ്റിക്ക് കാരണമായത്.
രണ്ടാം പകുതിയിലും ആധിപത്യം അതേപടി തുടർന്ന സ്പെയ്ൻ 54-ാം മിനിറ്റിൽ നാലാം ഗോളും വലയിലെത്തിച്ചു. ബോക്സിന്റെ വലത് ഭാഗത്തു നിന്നും ലഭിച്ച പന്തുമായി മുന്നേറിയ ഫെറാൻ ടോറസ്, ഡിഫൻഡർ ഒവെയ്ഡോയെ കബളിപ്പിച്ച് ഗോൾകീപ്പർ കെയ്ലർ നവാസിന് യാതൊരു അവസരവും നൽകാതെ പന്ത് വലയിലെത്തിക്കുകയായിരുന്നു. സ്പെയ്ൻ ജേഴ്സിയിൽ ടോറസിന്റെ 15-ാം ഗോളായിരുന്നു ഇത്.
അവിടംകൊണ്ടും മതിയാകാതെ സ്പെയ്ൻ കോസ്റ്ററീക്ക ബോക്സിലേക്ക് ആക്രമണം തുടർന്നുകൊണ്ടേയിരുന്നു. ഇതിനിടെ 74-ാം മിനിറ്റിൽ മധ്യനിരയിലെ മിന്നുംതാരം ഗാവിയുടെ ഗോളുമെത്തി. കോസ്റ്ററീക്കയുടെ ഓഫ്സൈഡ് കെണി പൊളിച്ച് പന്ത് സ്വീകരിച്ച് അൽവാരോ മൊറാട്ട നൽകിയ ക്രോസ് ഉഗ്രനൊരു ഫസ്റ്റ് ടച്ചിലൂടെ ബാഴ്സയുടെ ഈ വണ്ടർ കിഡ് വലയിലെത്തിക്കുകയായിരുന്നു.
തകർന്നു തരിപ്പണമായിപ്പോയ കോസ്റ്ററിക്കൻ പ്രതിരോധത്തെ കാഴ്ചക്കാരാക്കി സ്‌പെയിൻ ആറാം ഗോൾ നേടിയത് 90ാം മിനിറ്റിൽ. പകരക്കാരനായി കളത്തിലിറങ്ങിയ കാർലോസ് സോളറിന്റെ ഊഴമായിരുന്നു ഇത്തവണ. വില്യംസ് ബോക്‌സിലേക്ക് ഉയർത്തി നൽകിയ ക്രോസ് കെയ്ലർ നവാസിന് കൈപ്പിടിയിലൊതുക്കാനാകാതെ പോയതാണ് ഗോളിനു വഴിവച്ചത്. ബോക്‌സിന്റെ ഒത്ത നടുക്ക് പന്തു ലഭിച്ച സോളർ അനായാസം പന്ത് പോസ്റ്റിന്റെ വലതു മൂലയിലേക്ക് തഴുകിവിട്ടു. സ്‌കോർ 6 -0.
ഇൻജറി ടൈമിന്റെ രണ്ടാം മിനിറ്റിൽ സ്‌പെയിൻ ഗോൾപട്ടിക തികച്ചു. ഇത്തവണ ലക്ഷ്യം കണ്ടത് അൽവാരോ മൊറാട്ട. ഡാനി ഓൽവോയിൽനിന്ന് ലഭിച്ച പന്ത് സ്വീകരിച്ച് മൊറാട്ട തൊടുത്ത പന്ത്, കെയ്ലർ നവാസിനെ കാഴ്ചക്കാരനാക്കി വലയിലേക്ക്. സ്‌കോർ 7 -0.
സ്പെയിൻ ആയിരത്തിലധികം പാസുകളുമായി കോസ്റ്റാറിക്കൻ താരങ്ങളെ വട്ടംകറക്കിയപ്പോൾ എതിരാളികൾക്ക് കഷ്ടിച്ച് 250ഓളം പാസുകളെ ഉണ്ടായിരുന്നുള്ളൂ. 90 മിനുറ്റ് പൂർത്തിയായപ്പോഴും ഓൺ ടാർഗറ്റിലേക്ക് ഒരു ഷോട്ട് പോലും കോസ്റ്റാറിക്കൻ താരങ്ങളുടെ കാലുകളിൽ നിന്ന് കുതിച്ചില്ല.
സ്പോർട്സ് ഡെസ്ക്