ദോഹ: ലോകകപ്പ് ഗാലറിയിൽ നിന്നുള്ള ചില കാഴ്ചകൾ അങ്ങനെയാണ്. മൈതാനത്തെ കളിക്കിടെ ഒരു നിമിഷം മിന്നി മറയുന്ന ചില കാഴ്ചകൾ... പക്ഷേ അവ നിമിഷ നേരത്തിനുള്ളിൽ ഏവരുടേയും മനം കവർന്നിട്ടുണ്ടാകും. ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിലെ ആവേശപ്പോരിൽ ജപ്പാന് മുന്നിൽ ജർമ്മനി മുട്ടുകുത്തുമ്പോൾ ഗാലറിയിൽ ജാപ്പനീസ് ആരാധകരുടെ ആഹ്ലാദ പ്രകടനം ഏവരുടേയും മനം കവരുന്നതായിരുന്നു. ഐതിഹാസിക വിജയം സ്വന്തമാക്കിയ സ്വന്തം ടീമിനെ അത്രയ്ക്ക് അവർ പിന്തുണയ്ക്കുന്നുണ്ടായിരുന്നു.



ഗാലറിയിലെ കാഴ്ചകൾക്കിടെ ക്യാമറ കണ്ണുകൾ ഒപ്പിയെടുത്ത ഒരു ജപ്പാൻ ആരാധകന്റെ കയ്യിലെ എഴുത്തും അതിന് ഫിഫ നൽകിയ മറുപടിയുമാണ് സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നത്. ഗാലറിയിൽ ചിരിച്ചുകൊണ്ടിരിക്കുന്ന ആരാധകന്റെ കയ്യിലെ എഴുത്തിൽ ബോസിനുള്ള നന്ദി പറയുന്നു. ഫുട്‌ബോൾ മത്സര ചിത്രം ഫിഫയാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. രണ്ട് ആഴ്ച അവധി നൽകിയ ബോസിന് നന്ദി പറയുന്ന ജപ്പാൻ ആരാധകന്റേതാണ് ഈ ചിത്രം. ലോകത്തിലെ എല്ലാ ബോസുമാർക്കും സ്‌നേഹം എന്ന കുറിപ്പോടെയാണ് ഫിഫ ചിത്രം പങ്ക് വച്ചിരിക്കുന്നത്.

ഏഷ്യൻ കരുത്തരായ ജപ്പാന്റെ മിന്നാലാക്രമണത്തിന് മുന്നിൽ 2-1ന് മുൻ ലോക ചാമ്പ്യന്മാരായ ജർമനി അടിയറവ് പറഞ്ഞിരുന്നു. ഗ്രൂപ്പ് ഇയിലെ പോരാട്ടത്തിൽ 75 മിനുറ്റുകൾ വരെ ഒറ്റ ഗോളിന്റെ ലീഡിൽ തൂങ്ങിയ ജർമനിക്കെതിരെ എട്ട് മിനുറ്റിനിടെ രണ്ട് ഗോളടിച്ച് അട്ടിമറി ജയം സ്വന്തമാക്കുകയായിരുന്നു ജപ്പാൻ. ജർമനിക്കായി ഗുണ്ടോഗനും ജപ്പാനായി റിട്സുവും അസാനോയും ഗോൾ നേടി. ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ആവേശപ്പകുതിക്കാണ് ആരാധകർ സാക്ഷികളായത്.

ജപ്പാൻ ഐതിഹാസിക വിജയം കുറിച്ച ശേഷം ഗാലറിയിലെ പ്രകടനത്തിനും ജപ്പാൻ ആരാധകർ ലോകത്തിന്റെ കയ്യടി നേടി. ഇഷ്ട താരങ്ങൾ കളം നിറഞ്ഞ് കളിച്ചതിലുള്ള ആവേശത്തിൽ വലിച്ചെറിഞ്ഞ കുപ്പികളും മറ്റ് പാഴ് വസ്തുക്കളും നീക്കം ചെയ്ത ശേഷമാണ് ജാപ്പനീസ് ആരാധകർ ഗാലറി വിടുന്നത്. ഖത്തറും ഇക്വഡോറും തമ്മിലുള്ള ഉദ്ഘാടന മത്സരശേഷവും സമാന സംഭവം ശ്രദ്ധയിൽപ്പെട്ടിരുന്നു.

ജർമനിക്കെതിരായ അട്ടിമറി വിജയത്തിനു ശേഷം സ്റ്റേഡിയം വൃത്തിയാക്കി ജാപ്പനീസ് ആരാധകർ.  ആഹ്ലാദ പ്രകടനത്തിനു ശേഷം നീലനിറത്തിലുള്ള ഗാർബേജ് ബാഗുമായി സ്റ്റേഡിയത്തിൽ ചിതറിക്കിടന്ന കുപ്പികളും മറ്റുമാണ് ആരാധകർ വൃത്തിയാക്കിയത്. ചരിത്ര വിജയത്തിനു ശേഷവും സ്റ്റേഡിയത്തിൽ നിന്നു മടങ്ങാതെ മത്സരാവേശം ബാക്കിയാക്കിയ പാഴ്‌വസ്തുക്കൾ ശേഖരിക്കുന്ന രണ്ട് ജാപ്പനീസ് ആരാധകരുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറൽ ആവുകയാണ്. ഗ്രൂപ്പ് ഇ മത്സരത്തിൽ മുൻ ലോക ചാംപ്യന്മാരായ ജർമനിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ജപ്പാൻ തോൽപിച്ചത്.

ഞായറാഴ്ച നടന്ന ഉദ്ഘാടന മത്സരത്തിനു ശേഷം സ്റ്റേഡിയം വൃത്തിയാക്കുന്ന ജാപ്പനീസ് ആരാധകരുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. വൃത്തിക്കുവേണ്ടിയുള്ള ജാപ്പാനീസ് സംസ്‌ക്കാരത്തിനു നിറഞ്ഞ കയ്യടിയാണ് നെറ്റിസൺസ് നൽകുന്നത്. അട്ടിമറി വിജയത്തിനു ശേഷം മറ്റേതു രാജ്യക്കാരാണെങ്ങിലും ഇത്തരമൊരു കാഴ്ച ഗ്യാലറിയിൽ കാണാനാവില്ലെന്നാണു ചിത്രത്തിനു ലഭിക്കുന്ന പ്രതികരണത്തിൽ ഏറിയപങ്കും.