- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
ആദ്യ മിനിറ്റ് മുതൽ സ്പാനിഷ് ആധിപത്യം; ഒരു മത്സരത്തിൽ ഏറ്റവുമധികം പാസുകൾ പൂർത്തീകരിച്ച ടീം; പന്തടക്കത്തിലും ലോകകപ്പ് റെക്കോർഡ്; കോസ്റ്ററീക്കയ്ക്ക് എതിരെ ലൂയിസ് എന്റിക്വെയും സംഘവും കുറിച്ചത് ലോകകപ്പ് ചരിത്രത്തിലെ ടീമിന്റെ ഏറ്റവും വലിയ വിജയം
ദോഹ: ഖത്തർ ലോകകപ്പിലെ ഗ്രൂപ്പ് ഇ മത്സരത്തിൽ കോസ്റ്റാറിക്കയെ ഗോൾമഴയിൽ മുക്കിയാണ് സ്‌പെയിൻ ആദ്യ ജയം കുറിച്ചത്. അൽ തുമാമ സ്റ്റേഡിയത്തിൽ സ്പെയിൻ നേടിയത് ലോകകപ്പ് ചരിത്രത്തിൽ അവരുടെ ഏറ്റവും വലിയ വിജയമാണ് (7 - 0). ഇതാദ്യമായാണ് സ്പെയിൻ ഒരു ലോകകപ്പ് മത്സരത്തിൽ ഏഴ് ഗോളുകൾ അടിച്ചുകൂട്ടുന്നത്.
ഡാനി ഓൽമോ, മാർക്കോ അസൻസിയോ, ഫെരാൻ ടോറസ്, ഗാവി, കാർലോസ് സോളർ, ആൽവാരോ മൊറാട്ട എന്നിവരായിരുന്നു സ്‌കോറർമാർ. ടോറസ് ഇരട്ട ഗോൾ നേടി. ഖത്തർ ലോകകപ്പിൽ ഇതോടെ ഗംഭീര തുടക്കം നേടാൻ ലൂയിസ് എന്റിക്വയ്ക്കും കൂട്ടർക്കുമായി.
1998-ലോകകപ്പിൽ ബൾഗേറിയക്കെതിരേ നേടിയ വിജയമായിരുന്നു ഇതിന് മുമ്പ് സ്പെയ്ൻ നേടിയ ഏറ്റവും വലിയ ലോകകപ്പ് വിജയം. ഇന്ന് ഏഴ് ഗോളുകൾക്ക് കോസ്റ്ററീക്കയെ പരാജയപ്പെടുത്തിയതോടെ പുതിയ ചരിത്രം ലൂയിസ് എന്റിക്വെയും സംഘവും കുറിച്ചു.
കഴിഞ്ഞ മൂന്ന് ലോകകപ്പുകളിലും വിജയത്തോടെ തുടങ്ങാൻ സ്പെയ്നിന് സാധിച്ചിരുന്നില്ല. 2018-ൽ പോർച്ചുഗലിനെതിരേ സമനില നേടിയപ്പോൾ 2014-ൽ നെതർലൻഡ്സിനെതിരേയും 2010-ൽ സ്വിസ്റ്റർലൻഡിനെതിരേയും തോറ്റുകൊണ്ടാണ് സ്പാനിഷ് നിര ലോകകപ്പുകളിൽ തുടങ്ങിയത്.
ലോകകപ്പ് ചരിത്രത്തിലെ ടീമിന്റെ ആദ്യ മത്സരങ്ങളിൽ അഞ്ച് ജയവും നാല് സമനിലയും ഏഴ് തോൽവിയുമാണ് സ്പെയ്നിനുള്ളത്. ഇതിൽ 1934,1950, 2022, 2006 വർഷങ്ങളിലാണ് ഇതിന് മുന്നേ വിജയം നേടിയത്.
കുഞ്ഞൻ ടീമാണെന്ന ഒരു ദാക്ഷിണ്യവുമില്ലാതെ ലൂയിസ് എന്റിക്കെയും സംഘവും കോസ്റ്ററീക്കയെ നിലംപരിശാക്കിയത്. ഈ മത്സരത്തിലൂടെ നിരവധി റെക്കോഡുകൾ സ്പെയിൻ കുറിച്ചു. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് പാസുകളുടെ എണ്ണം തന്നെയാണ്. ലോകകപ്പ് ചരിത്രത്തിൽ ഒരു മത്സരത്തിൽ ഏറ്റവുമധികം പാസുകൾ പൂർത്തീകരിച്ച ടീം എന്ന റെക്കോഡ് സ്പാനിഷ് പട ഈ മത്സരത്തിലൂടെ സ്വന്തമാക്കി.
കോസ്റ്ററീക്കയ്ക്കെതിരേ 1043 പാസുകളാണ് സ്പെയിൻ സൃഷ്ടിച്ചത്. അതിൽ 976 എണ്ണം പൂർത്തീകരിക്കുകയും ചെയ്തു. ആദ്യ പകുതിയിൽ 573 പാസുകൾ സൃഷ്ടിച്ചും സ്പെയിൻ റെക്കോഡ് കുറിച്ചു. പന്തടക്കത്തിലും സ്പെയിൻ ചരിത്രം കുറിച്ചു. 81.8 ശതമാനമാണ് സ്പെയിൻ മത്സരത്തിൽ പന്ത് കാലിൽ വെച്ചത്. ഇതും ലോകകപ്പിലെ റെക്കോഡാണ്.
പന്തിന്മേൽ ആദ്യ മിനുറ്റ് മുതൽ സമ്പൂർണ നിയന്ത്രണവുമായി ആറാടുകയായിരുന്നു സ്‌പെയിൻ ടീം. ആദ്യപകുതിയിൽ തന്നെ 573 പാസുകളുമായി സ്പാനിഷ് താരങ്ങൾ കളംനിറഞ്ഞപ്പോൾ മൂന്ന് ഗോളുകൾ 31 മിനുറ്റിനിടെ കോസ്റ്റാറിക്കയുടെ വലയിലെത്തി. മൂന്നും നേടിയത് മുന്നേറ്റനിര താരങ്ങൾ.
11-ാം മിനുറ്റിൽ ഡാനി ഓൽമോയും 21-ാം മിനുറ്റിൽ മാർക്കോ അസൻസിയോയും വലകുലുക്കി. 31-ാം മിനുറ്റിൽ പെനാൽറ്റിയിലൂടെ ഫെരാൻ ടോറസും കോസ്റ്റാറിക്കയുടെ വിഖ്യാത ഗോളി കെയ്ലർ നവാസിനെ കബളിപ്പിച്ചു. ഒരൊറ്റ ഷോട്ട് പോലും ഓൺ ടാർഗറ്റിലേക്ക് ഉതിർക്കാൻ 45 മിനുറ്റുകൾക്കിടെ കോസ്റ്റാറിക്കയ്ക്കായില്ല.
രണ്ടാംപകുതിയിലും കളിയുടെ പൂർണ നിയന്ത്രണം സ്പെയിന് തന്നെയായിരുന്നു. 54-ാം മിനുറ്റിൽ സുന്ദര ഫിനിഷിലൂടെ ടോറസ് ലീഡ് നാലാക്കി ഉയർത്തി. 74-ാം മിനുറ്റിൽ ഗാവിയും 90-ാം മിനുറ്റിൽ കാർലോസ് സോളറും ഇഞ്ചുറിടൈമിൽ(90പ്ലസ് ടു) മൊറാട്ടയും പട്ടിക പൂർത്തിയാക്കി. സ്പെയിൻ ആയിരത്തിലധികം(1043) പാസുകളുമായി കോസ്റ്റാറിക്കൻ താരങ്ങളെ വട്ടംകറക്കിയപ്പോൾ എതിരാളികൾക്ക് കഷ്ടിച്ച് 231 പാസുകളെ ഉണ്ടായിരുന്നുള്ളൂ. രണ്ടാംപകുതിയിലും ഓൺ ടാർഗറ്റ് ഷോട്ടുകൾ ഒന്നുപോലും കോസ്റ്റാറിക്കയ്ക്കില്ല.
സ്പോർട്സ് ഡെസ്ക്