- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
പെനാൽറ്റി കിക്ക് പാഴാക്കി അൽഫോൻസോ ഡേവിസ്; രക്ഷകനായി തിബോ കുർട്ടോ; കാനഡയുടെ വലചലിപ്പിച്ച് മിച്ചി ബാറ്റ്ഷുവായി; ആദ്യ പകുതിയിൽ ബൽജിയം ഒരു ഗോളിന് മുന്നിൽ
ദോഹ: ഫിഫ ലോകകപ്പിൽ കാനഡയ്‌ക്കെതിരെ ബൽജിയം ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിൽ. 43ാം മിനിറ്റിൽ മിച്ചി ബാറ്റ്ഷുവായിയിലൂടെ ബൽജിയം മുന്നിലെത്തിയത്. ടോബി അൾഡെർവൈറെൽഡിന്റെ പാസ് ബാറ്റ്ഷുവായി വലയിലെത്തിക്കുകയായിരുന്നു. തുടക്കം മുതൽ ഇരു ടീമുകളും മത്സരിച്ച് കളിച്ച ആദ്യ പകുതിയുടെ അവസാന മിനിറ്റിലായിരുന്നു ബൽജിയത്തിന്റെ ഗോൾ.
മത്സരത്തിന്റെ 10ാം മിനിറ്റിൽ ലീഡെടുക്കാൻ ലഭിച്ച സുവർണാവസരം കനേഡിയൻ സ്‌ട്രൈക്കർ അൽഫോൻസോ ഡേവിസ് പാഴാക്കി കളഞ്ഞു. ബോക്സിനുള്ളിൽ യാന്നിക് കരാസ്‌കോയുടെ കൈയിൽ പന്ത് തട്ടിയതിനെ തുടർന്നായിരുന്നു പെനാൽറ്റി. വാർ പരിശോധിച്ച ശേഷം പെനാൽറ്റി വിധിച്ച റഫറി കരാസ്‌കോയ്ക്ക് മഞ്ഞക്കാർഡും നൽകി.
അൽഫോൻസോ ഡേവിസ് പോസ്റ്റിന്റെ വലതു ഭാഗത്തേക്കെടുത്ത പെനാൽറ്റി കിക്ക് രക്ഷപ്പെടുത്തി തിബോ കുർട്ടോ ബെൽജിയത്തിന്റെ രക്ഷകനായി. 1966 മുതലിങ്ങോട്ട് നടന്ന ലോകകപ്പ് മത്സരങ്ങളിൽ പെനാൽറ്റി തടഞ്ഞ ആദ്യ ഗോൾകീപ്പറെന്ന നേട്ടവും ഇതോടെ കുർട്ടോയ്ക്ക് സ്വന്തമായി.
എട്ടാം മിനിറ്റിൽ കനേഡിയൻ യുവതാരം ടജോൻ ബുചാനന്റെ ഗോൾ ശ്രമവും പാഴായി. ആദ്യ മിനിറ്റുകളിലെ കനേഡിയൻ ആക്രമണം പ്രതിരോധിച്ച് വൈകാതെ ബൽജിയവും മത്സരത്തിലേക്കു തിരിച്ചെത്തി. ക്യാപ്റ്റൻ ഏദൻ ഹസാഡിന്റെയും കെവിൻ ഡിബ്രുയ്‌നെയുടേയും മുന്നേറ്റങ്ങൾ ആദ്യ 15 മിനിറ്റിനു ശേഷം ബൽജിയത്തിനും അവസരങ്ങൾ നൽകി.
1986ന് ശേഷം ആദ്യമായി ലോകകപ്പ് കളിക്കുന്ന ഒരു ടീമിന്റെ സമ്മർദമൊന്നും കാനഡയ്ക്കുണ്ടായിരുന്നില്ല. കളി ബൽജിയം നിയന്ത്രണത്തിലാക്കുമ്പോഴെല്ലാം പന്തു പിടിച്ചെടുത്ത് ബൽജിയത്തിന്റെ ബോക്‌സിലേക്കു തുടർച്ചയായി ഇരച്ചെത്തിക്കൊണ്ടിരുന്നു കനേഡിയൻ താരങ്ങൾ. 38ാം മിനിറ്റിൽ ബൽജിയത്തിന്റെ വിറ്റ്‌സലുമായി കൂട്ടിയിടിച്ച് ബോക്‌സിനുള്ളിൽ വീണ കാനഡ താരം ലാരിയ പെനൽറ്റിക്കായി വാദിച്ചെങ്കിലും റഫറി അനുവദിച്ചില്ല. 43ാം മിനിറ്റിൽ ബൽജിയം ലക്ഷ്യം കണ്ടു.
സ്പോർട്സ് ഡെസ്ക്