ദോഹ: ലോക റാങ്കിംഗിൽ രണ്ടാംസ്ഥാനത്തുള്ള ബെൽജിയത്തെ വിറപ്പിച്ച ശേഷം കീഴടങ്ങി കാനഡ. ബൽജിയത്തിന്റെ സുവർണ തലമുറ എതിരില്ലാത്ത ഒരു ഗോളിന് മാത്രമാണ് വിജയിച്ചത്. 44-ാം മിനുറ്റിൽ മിച്ചി ബാറ്റ്ഷുവായിയുടെ വകയായിരുന്നു വിജയഗോൾ. ലഭിച്ച ഒട്ടേറെ അവസരങ്ങൾ ഫിനിഷിംഗിലെ പിഴവുകൾകൊണ്ട് നഷ്ടപ്പെടുത്തിയതാണ് കാനഡയ്ക്ക് തിരിച്ചടിയായത്.

ബെൽജിയത്തിന്റെ ഏകാധിപത്യം മൈതാനത്ത് പ്രതീക്ഷിച്ച മത്സരത്തിൽ ആദ്യ മിനുറ്റുകളിൽ അതിവേഗ അറ്റാക്കുമായി കാനഡ വിസ്മയിപ്പിച്ചു. ലോക റാങ്കിംഗിലെ രണ്ടാംസ്ഥാനക്കാരായ ബെൽജിയത്തെ നിസ്സാരമായി നേരിടുന്ന കാനഡ താരങ്ങളെയാണ് കണ്ടത്.

ഒട്ടേറെ അവസരങ്ങൾ തുറന്നു കിട്ടിയിട്ടും ബെൽജിയം ഗോൾ കീപ്പർ തിബോ കുർട്ടോയുടെ മികവിന് മുന്നിൽ കാനഡയുടെ മുന്നേറ്റനിരയ്ക്ക് ലക്ഷ്യം കാണാനായില്ല. മത്സരം തുടങ്ങി ആദ്യ മിനിറ്റുകൾക്ക് ശേഷം ആക്രമണപ്രത്യാക്രമണങ്ങൾക്കാണ് അഹമ്മദ് ബിൻ അലി സ്റ്റേഡിയം സാക്ഷിയായത്. ഒരു ഭാഗത്ത് മിച്ചി ബാറ്റ്ഷുവായിയിലൂടെ ബെൽജിയവും മറുഭാഗത്ത് ടയോൺ ബുക്കാനൻ, അൾഫോൺസോ ഡേവിസ്, ജൊനാഥൻ ഡേവിഡ് എന്നിവരിലൂടെ കാനഡയും ഗോൾമുഖങ്ങൾ ആക്രമിച്ച് കയറി. എന്നാൽ ഗോൾമാത്രം അകന്നുനിന്നു.

മത്സരത്തിന്റെ ആദ്യ 10 മിനിറ്റിനുള്ളിൽ തന്നെ കാനഡ മുന്നിലെത്തേണ്ടതായിരുന്നു. എന്നാൽ അൽഫോൻസോ ഡേവിസെടുത്ത പെനാൽറ്റി കിക്ക് രക്ഷപ്പെടുത്തി തിബോ കുർട്ടോ ബെൽജിയത്തിന്റെ രക്ഷകനായി. 1966 മുതലിങ്ങോട്ട് നടന്ന ലോകകപ്പ് മത്സരങ്ങളിൽ പെനാൽറ്റി തടഞ്ഞ ആദ്യ ബെൽജിയം ഗോൾകീപ്പറെന്ന നേട്ടവും ഇതോടെ കുർട്ടോയ്ക്ക് സ്വന്തമായി. ബോക്സിനുള്ളിൽ യാന്നിക് കരാസ്‌കോയുടെ കൈയിൽ പന്ത് തട്ടിയതിനെ തുടർന്നായിരുന്നു പെനാൽറ്റി. വാർ പരിശോധിച്ച ശേഷം പെനാൽറ്റി വിധിച്ച റഫറി കരാസ്‌കോയ്ക്ക് മഞ്ഞക്കാർഡും നൽകി.



കിക്കെടുത്ത അൽഫോൻസോ ഡേവിസിന് ബെൽജിയത്തിന്റെ സ്റ്റാർ ഗോളി തിബോ കുർട്ടോ മറികടക്കാനായില്ല. ഗോൾ പോസ്റ്റിന്റെ വലത് ഭാഗത്തേക്കുള്ള ഡേവിസിന്റെ ഇടംകാലൻ കിക്ക് ക്വാർട അനായാസം പറന്നുതടുത്തു. 12-ാം മിനുറ്റിൽ ലര്യായുടെ ഷോട്ട് നേരിയ വ്യത്യാസത്തിൽ പുറത്തേക്ക് പോയി. പിന്നീടും തുടർച്ചയായ ആക്രമണവുമായി ബെൽജിയത്തെ പ്രതിരോധത്തിലാക്കി കാനഡ.

30-ാം മിനിറ്റിൽ അലിസ്റ്റർ ജോൺസന്റെ ഷോട്ടും രക്ഷപ്പെടുത്തി കുർട്ടോ കാനഡയുടെ വില്ലനായി. തുടർച്ചയായി അവസരങ്ങൾ നഷ്ടപ്പെടുത്തി ഒടുവിൽ 44-ാം മിനിറ്റിൽ മിച്ചി ബാറ്റ്ഷുവായിയിലൂടെ ബെൽജിയം അക്കൗണ്ട് തുറന്നു. ടോബി അൾഡെർവൈറെൽഡിന്റെ പാസ് ബാറ്റ്ഷുവായി വലയിലെത്തിക്കുകയായിരുന്നു.



ആദ്യ പകുതിയിലെന്ന പോലെ രണ്ടാം പകുതിയിലും ബെൽജിയത്തെ ശരിക്കും വിറപ്പിക്കാൻ കാനഡയ്ക്കായി. ടയോൺ ബുക്കാനനും, അൾഫോൺസോ ഡേവിസും, ജൊനാഥൻ ഡോവിഡും ജൂനിയർ ഹോയ്ലെറ്റും തങ്ങൾക്ക ലഭിച്ച അവസരങ്ങൾ മുതലാക്കിയിരുന്നുവെങ്കിൽ മത്സരത്തിന്റെ ചിത്രം മറ്റൊന്നായേനേ.

ഇതിനിടെ 68-ാം മിനിറ്റിൽ രണ്ടാം ഗോളിനായി ലഭിച്ച അവസരം ബാറ്റ്ഷുവായിയിക്ക് മുതലാക്കാനായില്ല. മികച്ചൊരു മുന്നേറ്റത്തിലൂടെ ഡിബ്രുയ്ൻ നൽകിയ പന്തിൽ ഷോട്ടിന് തുനിഞ്ഞ ബാറ്റ്ഷുവായിയെ മികച്ചൊരു ടാക്കിളിലൂടെ റിച്ചി ലാറിയ തടയുകയായിരുന്നു. 80-ാം മിനിറ്റിൽ കുർട്ടോ വീണ്ടും ബെൽജിയത്തിന്റെ രക്ഷയ്ക്കെത്തി. ഡേവിഡിന്റെ ഗോളെന്നുറച്ച ഹെഡറായിരുന്നു കുർട്ടോ തട്ടിയകറ്റിയത്.

മത്സരത്തിന്റെ അവസാന മിനിറ്റുകളിലും ആക്രമണങ്ങൾ ശക്തമാക്കിയ കാനഡയ്ക്ക് പക്ഷേ ഗോൾ മാത്രം കണ്ടെത്താനായില്ല. സുവർണ നിരയെ അണി നിരത്തിയിട്ടും ഒരു ഗോൾ മാത്രമെ നേടാനായുള്ളുവെങ്കിലും ആദ്യ മത്സരത്തിൽ മൂന്ന് പോയന്റുമായി ഖത്തർ ലോകകപ്പ് പോരാട്ടങ്ങൾക്ക് തുടക്കമിടാൻ ബെൽജിയത്തിനായി.