ദോഹ: ഖത്തർ ലോകകപ്പിൽ ചരിത്രം കുറിച്ച് പോർച്ചുഗൽ സ്റ്റാർ സ്‌ട്രൈക്കർ ക്രിസ്റ്റ്യാനോ റൊണാൾഡോ. ഘാനക്കെതിരായ ആദ്യ മത്സരത്തിൽ ലഭിച്ച പെനാൽറ്റി വലയിലെത്തിച്ച സൂപ്പർ താരം അഞ്ച് ലോകകപ്പുകളിൽ ഗോൾ നേടുന്ന ആദ്യ താരമായി മാറി. മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പോർച്ചുഗൽ മുന്നിട്ടു നിൽക്കുകയാണ്.

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് പോർച്ചുഗലിന് വേണ്ടി ആദ്യം വലകുലുക്കിയത്. പെനാൽട്ടി ലക്ഷ്യത്തിലെത്തിച്ച റൊണാൾഡോ ടീമിനെ മുന്നിലെത്തിച്ചു. 65-ാം മിനിറ്റിൽ സൂപ്പർ താരം റൊണാൾഡോയെ ബോക്സിൽ വെച്ച് വീഴ്‌ത്തിയതിന് പോർച്ചുഗലിന് അനുകൂലമായി റഫറി പെനാൽട്ടി വിധിച്ചു. ഘാനയുടെ സലിസുവാണ് റൊണാൾഡോയെ ബോക്സിൽ വീഴ്‌ത്തിയത്. കിക്കെടുത്ത സൂപ്പർ താരത്തിന് തെറ്റിയില്ല. പന്ത് അനായാസം വലയിലേക്ക് അടിച്ചുകയറ്റി റൊണാൾഡോ ചരിത്രം കുറിച്ചു. ലോകകപ്പിൽ ഗോളടിക്കുന്ന ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ താരം എന്ന റെക്കോഡ് റൊണാൾഡോ സ്വന്തമാക്കി.

സൂപ്പർതാരങ്ങളായ ലയണൽ മെസ്സി, മിറോസ്ലാവ് ക്ലോസെ, പെലെ, ഉവ് സീലർ എന്നിവർ നാല് ലോകകപ്പുകളിൽ ഗോൾ നേടിയിരുന്നു. ഈ റെക്കോർഡാണ് പഴങ്കഥയായത്. ലോകകപ്പിൽ 18 മത്സരങ്ങളിൽ നിന്ന് എട്ട് ഗോളുകളായി താരത്തിന്റെ സമ്പാദ്യം. രാജ്യാന്തര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം കൂടിയാണ് റൊണാൾഡോ.

റൊണാൾഡോയുടെ പെനൽറ്റി ഗോളിനു മറുപടിയായി ആന്ദ്രെ അയുവിലൂടെ 73ാം മിനിറ്റിൽ ഘാന സമനില പിടിച്ചെങ്കിലും തുടർച്ചയായി രണ്ടു ഗോളുകൾ കൂടി അടിച്ചു കയറ്റി പോർച്ചുഗൽ മുന്നിലെത്തുകയായിരുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നുള്ള പടിയിറക്കത്തിനും വിവാദങ്ങൾക്കും പിന്നാലെയാണ് റോണോ ലോകകപ്പിലെ അപൂർവ റെക്കോർഡ് പേരിൽ കുറിച്ചത്. കളിച്ച എല്ലാ ലോകകപ്പിലും ഗോൾ നേടിയിട്ടുള്ള താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. 2006ലെ ലോകകപ്പിൽ 6 മത്സരങ്ങൾ കളിച്ച റോണോ ഒരു ഗോൾ നേടി. 2010ലും 2014ലും ഓരോ ഗോളുകൾ ക്രിസ്റ്റ്യാനോ സ്‌കോർ ചെയ്തു. 2018ലെ ലോകകപ്പിൽ 4 മത്സരങ്ങൾ കളിച്ച റോണോ 4 ഗോളുകൾ പോർച്ചുഗലിനായി നേടി. ഇങ്ങനെ നാല് ലോകകപ്പുകളിലായി 17 മത്സരങ്ങളിൽ നിന്ന് 7 ഗോൾ എന്നതാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ലോകകപ്പിലെ ഗോൾവേട്ടയുടെ കണക്ക്. കരിയറിലെ അഞ്ചാം ലോകകപ്പിനാണ് ക്രിസ്റ്റ്യാനോ ഖത്തറിൽ ബൂട്ടുകെട്ടിയത്.



2006നുശേഷം ഫിഫ ലോകകപ്പിന്റെ ക്വാർട്ടറിലെത്തിയിട്ടില്ലാത്ത പോർച്ചുഗലിന്റെ പ്രതീക്ഷകൾ ഇത്തവണയും റോണോയുടെ ബൂട്ടുകളിലാണ്. ഡിയാഗോ ജോട്ടയെ പരിക്കുമൂലം നഷ്ടമായ പോർച്ചുഗലിനായി എതിരാളികളുടെ വലയിൽ ഗോളടിച്ച് കേറ്റാനുള്ള ഉത്തരവാദിത്തം റൊണാൾഡോയിലും ബ്രൂണോ ഫെർണാണ്ടസിലുമാണ്.

മത്സരത്തിന്റെ ആദ്യ മിനിറ്റുകളിൽ തന്നെ പോർച്ചുഗൽ ആക്രമിച്ച് കളിച്ചു. 11-ാം മിനിറ്റിൽ ലഭിച്ച സുവർണാവസരം സൂപ്പർ താരം റൊണാൾഡോ നഷ്ടപ്പെടുത്തിയിരുന്നു. ബോക്സിലേക്ക് വന്ന ത്രൂബോൾ സ്വീകരിച്ച റൊണാൾഡോയ്ക്ക് ഗോൾകീപ്പർ സിഗിയെ മറികടക്കാനായില്ല. പോർച്ചുഗൽ ബോക്സിലേക്ക് ആക്രമിക്കാനായി ഓരോ തവണ കയറുമ്പോഴും ഘാന പ്രതിരോധം അതിനെ സമർത്ഥമായി തന്നെ നേരിട്ടു.

28-ാം മിനിറ്റിൽ ലഭിച്ച അവസരം പോർച്ചുഗലിന്റെ ബെർണാഡോ സിൽവ പാഴാക്കി. 31-ാം മിനിറ്റിൽ റൊണാൾഡോ വലകുലുക്കിയെങ്കിലും റഫറി ഫൗൾ വിളിച്ചു. ഘാന പ്രതിരോധതാരത്തെ റൊണാൾഡോ വീഴ്‌ത്തിയതിനാണ് റഫറി ഫൗൾ വിളിച്ചത്. 36-ാം മിനിറ്റിൽ ജാവോ ഫെലിക്സിന്റെ ദുർബലമായ ഷോട്ട് ഗോൾകീപ്പർ സിഗി കൈയിലൊതുക്കി.

പന്ത് മിക്ക സമയവും കാലിൽ വെച്ചെങ്കിലും പോസ്റ്റിനുള്ളിലേക്ക് മുന്നേറാൻ പോർച്ചുഗീസ് മുന്നേറ്റനിരയെ ഘാന പ്രതിരോധം ശക്തമായി തടഞ്ഞു. അവസരങ്ങൾ സൃഷ്ടിക്കുന്നത് തടയുക എന്നതായിരുന്നു ഘാനയുടെ തന്ത്രം. ആദ്യ പകുതിയിൽ അവർ അത് ഫലപ്രദമായി നിറവേറ്റുകയും ചെയ്തു. ജാവോ ഫെലിക്സും റൊണാൾഡോയും സിൽവയും ഫെർണാണ്ടസുമെല്ലാം അണിനിരന്ന മുന്നേറ്റനിരയെ ഭയക്കാതെ ഘാന അനായാസം പ്രതിരോധം ശക്തിപ്പെടുത്തി. വൈകാതെ ആദ്യ പകുതി ഗോൾരഹിത സമനിലയിൽ അവസാനിച്ചു. ആദ്യ പകുതിയിൽ പോർച്ചുഗൽ ലക്ഷ്യത്തിലേക്ക് രണ്ട് ഷോട്ടുകൾ ഉതിർത്തപ്പോൾ ഘാനയ്ക്ക് ഒരു ഷോട്ട് പോലും ലക്ഷ്യത്തിലേക്ക് പായിക്കാനായില്ല.