ദോഹ: വെള്ളിയാഴ്ച അമേരിക്കയ്ക്കെതിരായ മത്സരത്തിൽ ഇംഗ്ലണ്ട് നായകൻ ഹാരി കെയ്ൻ കളിക്കുമെന്ന് പരിശീലകൻ ഗാരെത് സൗത്ത് ഗേറ്റ് വ്യക്തമാക്കി. ഇറാനെതിരായ ഇംഗ്ലണ്ടിന്റെ ആദ്യ ലോകകപ്പ് മത്സരത്തിൽ കെയ്നിന് പരിക്കേറ്റിരുന്നു. കണങ്കാലിന് പരിക്കേറ്റ താരത്തെ പരിശീലകൻ പിൻവലിക്കുകയായിരുന്നു.

പരിക്കേറ്റതിനാൽ കെയ്ൻ അടുത്ത മത്സരത്തിൽ കളിച്ചേക്കില്ലെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ ഹാരി കെയ്ൻ അമേരിക്കയ്ക്കെതിരേ ഇംഗ്ലണ്ട് നിരയിലുണ്ടാകുമെന്ന് പരിശീലകൻ സൗത്ത്ഗേറ്റ് പറഞ്ഞു.

'ഹാരി കെയ്നിന് നിലവിൽ പ്രശ്നങ്ങളൊന്നുമില്ല. ടീം ഗ്രൂപ്പിൽ നിന്ന് മാറിയാണ് പരിശീലനം നടത്തുന്നത്. പരിക്കുണ്ടോയെന്ന് കണ്ടെത്താൻ ബുധനാഴ്ച സ്‌കാനിംഗും നടത്തി'-സൗത്ത് ഗേറ്റ് പ്രതികരിച്ചു.

ഇംഗ്ലണ്ടിനായി 51-ഗോളുകൾ നേടിയിട്ടുള്ള കെയ്നിന് മൂന്ന് ഗോളുകൾ കൂടി നേടിയാൽ രാജ്യത്തിനായി ഏറ്റവും കൂടുതൽ ഗോൾ നേടിയ വെയ്ൻ റൂണിയുടെ റെക്കോർഡ് മറികടക്കാനാകും. ഇംഗ്ലണ്ടിനായി 120 മത്സരങ്ങളിൽ നിന്ന് 53 ഗോളുകളാണ് റൂണി നേടിയത്.