- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
'മെസിയെ മറഡോണയുമായി താരതമ്യം ചെയ്യുന്നവർ ഫുട്ബോളിനെ മനസിലാക്കാത്തവർ; നമ്മൾ രണ്ട് വ്യത്യസ്ത ഗ്രഹങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നത്'; സൗദിക്കെതിരായ അർജന്റീനയുടെ തോൽവിക്ക് പിന്നാലെ ഡീഗോ സിനഗ്ര
ബ്യൂണസ് ഐറസ്: ഖത്തർ ലോകകപ്പ് ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തിൽ അർജന്റീനയെ സൗദി അറേബ്യ അട്ടിമറിച്ചതിന് പിന്നാലെ രൂക്ഷമായ പ്രതികരണവുമായി മറഡോണയുടെ മകൻ ഡീഗോ സിനഗ്ര. മറഡോണയേയും മെസിയേയും തമ്മിൽ താരതമ്യം ചെയ്യുന്നവർ ഫുട്ബോൾ അറിയാത്തവരാണെന്ന് സിനഗ്ര വിമർശിച്ചു.
ഫുട്ബോളിനെ മനസിലാക്കാത്തവരാണ് തന്റെ പിതാവിനെയും ലയണൽ മെസിയെയും തമ്മിൽ താരതമ്യം ചെയ്യുന്നത്. തന്റെ പിതാവ് ഡീഗോ മറഡോണയും മെസിയും ഒരുപോലെയല്ലെന്നും ജൂനിയർ മറഡോണ ഡീഗോ സിനഗ്ര പറഞ്ഞു.
''അർജന്റീനയുടെ തോൽവിയിൽ ഞാൻ തകർന്നിരിക്കുകയാണ്. ഇതെല്ലാം ശരിക്കും സംഭവിച്ചതാണെന്ന് വിശ്വസിക്കാൻ എനിക്ക് പ്രയാസമുണ്ട്. സൗദി അറേബ്യയോട് തോറ്റത് ശരിക്കും അവിശ്വസനീയമാണ്. ഫുട്‌ബോൾ കാണാത്തവരും അതെന്താണെന്ന് മനസ്സിലാക്കാത്തവരുമാണ് മെസ്സിയെയും അച്ഛനേയും തമ്മിൽ താരതമ്യം ചെയ്യുന്നത്''- സിനഗ്ര പറഞ്ഞു.
ഇവിടെ രണ്ട് വ്യത്യസ്ത ഗ്രഹങ്ങളെക്കുറിച്ചാണ് ഞാൻ സംസാരിക്കുന്നത്. എന്നാൽ മെസിക്കെതിരെ സംസാരിക്കാൻ ഞാനാഗ്രഹിക്കുന്നില്ല. ചിലപ്പോൾ വളരെ ദുർബലരായ എതിരാളികൾക്കെതിരെ പോലും നമ്മൾ തോറ്റുപോകും. അതാണ് ഫുട്ബോൾ'. ഡീഗോ സിനഗ്ര പറഞ്ഞു.
ആദ്യ മത്സരത്തിൽ സൗദിയോടേറ്റ ഞെട്ടിക്കുന്ന തോൽവി അർജന്റീനയുടെ പ്രീക്വാർട്ടർ സാധ്യതകൾക്ക് മങ്ങലേൽപ്പിച്ചിട്ടുണ്ട്. ഇനിയുള്ള രണ്ട് മത്സരങ്ങൾ അർജന്റീനയ്ക്ക് നിർണായകമാണ്.
മെക്സിക്കോയോടും പോളണ്ടിനോടുമാണ് ഗ്രൂപ്പിൽ അർജന്റീനയുടെ ഇനിയുള്ള മത്സരങ്ങൾ. പോളണ്ട്- മെക്സിക്കോ മത്സരം സമനിലയിൽ പിരിഞ്ഞതുകൊണ്ട് ഇനിയുള്ള രണ്ട് മത്സരങ്ങളിലും ജയിച്ചാൽ അർജന്റീനയ്ക്ക് പ്രീക്വാർട്ടറിലേക്ക് യോഗ്യത നേടാം. എന്നാൽ, ഒരു സമനിലയും ഒരു ജയവുമാണ് നേടുന്നതെങ്കിൽ മറ്റുള്ള ടീമുകളുടെ വിജയത്തെ ആശ്രയിച്ചിരിക്കും അർജന്റീനയുടെ ഭാവി.
ഒരു ജയം നേടിയ സൗദിയാണ് മൂന്ന് പോയിന്റുമായി നിലവിൽ ഗ്രൂപ്പ് സിയിൽ ഒന്നാമത്. ഒരു പോയിന്റുള്ള പോളണ്ടും മെക്സിക്കോയും രണ്ടും മൂന്നും സ്ഥാനത്തുണ്ട്. ഇനിയുള്ള മത്സരങ്ങളിൽ സമനില നേടിയാൽ പോലും സൗദിക്ക് പ്രീക്വാർട്ടറിലെത്താം.
സ്പോർട്സ് ഡെസ്ക്