ദോഹ: ഖത്തർ ലോകകപ്പിൽ വീണ്ടും ഏഷ്യൻ ടീമിന്റെ വിജയക്കുതിപ്പ്..  കരുത്തരായ വെയ്ൽസിനെ ഇരട്ട ഗോളിൽ വീഴ്‌ത്തി ഇറാൻ സൗദി അറേബ്യയ്ക്കും ജപ്പാനും പിന്നാലെ മിന്നുന്ന ജയം സ്വന്തമാക്കി. ഇൻജറി ടൈമിൽ റൂസ്‌ബെ ചെഷ്മി, റമീൻ റസായേൻ എന്നിവരാണ് ഗോൾ നേടിയത്. വെയ്ൽസിന്റെ ഗോളി ഹെൻസെ ചുവപ്പുകാർഡ് കണ്ട് പുറത്തായത് മത്സരത്തിലെ വഴിത്തിരിവായി.  വെയ്ൽസിന്റെ സാധ്യതകൾ ഏറെക്കുറെ അവസാനിച്ചു. ഇറാൻ പ്രതീക്ഷ നിലനിർത്തി.

ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനോട് നാണംകെട്ടവർ ഇംഗ്ലണ്ടിന്റെ അയൽക്കാരോട് എണ്ണംപറഞ്ഞ രണ്ട് ഗോളിനാണ് ജയം നേടിയത്. വെയ്ൽസ് ഗോളി ഹെൻസേ ചുവപ്പ് കാർഡ് കണ്ട് മടങ്ങിയതാണ് വെയ്ൽസിന് തിരിച്ചടിയായത്. പത്ത് പേരായി ചുരുങ്ങിയ യൂറോപ്യൻ ടീമിനെതിരെ ഇഞ്ചുറി ടൈമിന്റെ എട്ട്, പതിനൊന്ന് മിനിറ്റുകളിലായിരുന്നു ഇറാന്റെ ഗോളുകൾ.

ഇറാന്റെ മുന്നേറ്റതാരം തരേമിയെ ബോക്സിനു പുറത്തേക്ക് ഓടിയിറങ്ങി മുട്ടുകൊണ്ട് മുഖത്തടിച്ചു വീഴ്‌ത്തിയതിനാണു വെയ്ൽസ് ഗോളി ചുവപ്പുകാർഡ് കണ്ടത്. പത്തുപേരായി ചുരുങ്ങിപ്പോയ വെയ്ൽസിന് ഇറാന്റെ ചടുലമായ ആക്രമണത്തെ പ്രതിരോധിക്കാൻ കഴിഞ്ഞില്ല.

മത്സരത്തിന്റെ 15ാം മിനിറ്റിൽ ഇറാൻ മുന്നിലെത്തിയെങ്കിലും വാർ പരിശോധനയിൽ ഓഫ്സൈഡാണെന്ന് തെളിഞ്ഞപ്പോൾ ഗോൾ അനുവദിച്ചില്ല. പിന്നീട് ആദ്യ പകുതി അവസാനിക്കുന്നത് വരെ വല കുലുക്കാൻ ഇരു ടീമുകൾക്കും കഴിയാതെ വന്നപ്പോൾ ഗ്രൂപ്പ് ബിയിലെ ഇറാൻ വെയ്ൽസ് മത്സരത്തിന്റെ ആദ്യ പകുതി ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. ഒന്നാം പകുതിയുടെ അവസാനം വെയ്ൽസിന്റെ പ്രതിരോധ താരം ജോ റോഡോണിന് മഞ്ഞകാർഡ് ലഭിച്ചു. ഇറാൻ താരത്തിനെ ഫൗൾ ചെയ്തതിനായിരുന്നു ഇത്. 

രണ്ടാം പകുതിയിലും മത്സരത്തിന്റെ തുടക്ക്തതിന് സമാനമായി മികച്ച മുന്നേറ്റങ്ങളുമായി ഇറാൻ നിരന്തരം വെയ്ൽസിനെ സമ്മർദ്ദത്തിലാക്കി. എന്നാൽ ഗോൾ മാത്രം അകന്ന് നിന്നു. 51ാം മിനിറ്റിൽ ഇറാന് മുന്നിൽ സെക്കൻഡുകളുടെ വ്യത്യാസത്തിൽ രണ്ട് തവണ ഗോൾ അകന്ന് നിന്ന്. വില്ലനായത് ഗോൾപോസ്റ്റ്. 

കഴിഞ്ഞ ദിവസം യുഎസ്എയെ സമനിലയിൽ കുരുക്കിയ വെയ്ൽസ് കഴിഞ്ഞ കളിയുടെ തുടർച്ചയാണ് ഇന്നും കെട്ടഴിച്ചത്. 3-4-3 -1 ശൈലിയിലാണ് ഇന്ന് വെയ്ൽസ് കളത്തിലിറങ്ങിയെങ്കിൽ 4-3-3-1 എന്ന ശൈലിയാണ് ഇറാൻ അവലംബിച്ചത്. തുടക്കം മുതൽ വെയ്ൽസ് സൂപ്പർ താരം ഗാരെത് ബെയ്ലിനെ പൂട്ടാനായിരുന്നു ഇറാന്റെ ശ്രമം. യുഎസിനെതിരായ ആദ്യ മത്സരം സമനിലയിൽ പിരിഞ്ഞതിനാൽ പ്രീക്വാർട്ടർ സാധ്യത നിലനിർത്തണമെങ്കിൽ വെയ്സിനു ജയം അനിവാര്യമായിരുന്നു.

ഏഷ്യൻ ശക്തികളാണെങ്കിലും ലോകകപ്പിൽ ഇതുവരെ ആദ്യറൗണ്ട് കടന്നിട്ടില്ലെന്ന നാണക്കേട് ഇത്തവണയെങ്കിലും മറികടക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് ഇറാൻ. ഫിഫ റാങ്കിങ്ങിൽ ഇറാന് തൊട്ടുമുൻപിൽ പത്തൊൻപതാം സ്ഥാനത്തുള്ള വെയ്സ്, 1958 ലെ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചതാണ് ഇതുവരെയുള്ള മികച്ച പ്രകടനം.

സൂപ്പർതാരം ഗാരെത് ബെയ്ലിന്റെ ചിറകിലേറിയാണ് വെയ്ൽസിന്റെ ലോകകപ്പ് പ്രവേശനം. ലോകകപ്പ് ക്വാളിഫയർ പ്ലേ ഓഫ് കളിച്ചാണ് യോഗ്യത നേടിയത്. ഇരു മത്സരങ്ങളിലും നേടിയ 3 ഗോളും ബെയ്ലിന്റെ വകയായിരുന്നു. അതിനാൽ തന്നെ വെയ്ൽസിനെ തോൽപിക്കാൻ ഗാരെത് ബെയ്ലിനെ പൂട്ടണമെന്ന സ്ട്രാറ്റജിയാണ് ഇറാൻ പുറത്തെടുത്തതും.