- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
അന്ന് നോർവെ താരത്തെ വീഴ്ത്തി ഇറ്റലിയുടെ പഗ്ലിയൂക്ക; സുവാരസിനെ പോസ്റ്റിന്റെ തൊട്ടുമുൻപിൽ വീഴ്ത്തിയ ദക്ഷിണാഫ്രിക്കയുടെ ഇറ്റുമെലെങ് ഖുനെയും; ലോകകപ്പിൽ ചുവപ്പു കാണുന്ന മൂന്നാമത്തെ ഗോൾ കീപ്പറായി ഇന്ന് വെയ്ൻ ഹെന്നെസി
ദോഹ: നിർണായക മത്സരത്തിൽ ഏഷ്യൻ വമ്പന്മാരായ ഇറാനോട് ഇൻജുറി ടൈമിൽ ഇരട്ട ഗോൾ വഴങ്ങി തോൽവി വഴങ്ങിയ വെയ്ൽസിന്റെ പ്രീക്വാർട്ടർ പ്രതീക്ഷ തുലാസിലായിരിക്കുകയാണ്. വെയ്ൽസിന്റെ ഗോളി ഹെൻസെ ചുവപ്പുകാർഡ് കണ്ട് പുറത്തായതാണ് മത്സരത്തിലെ വഴിത്തിരിവായത്. ഇറാന്റെ മുന്നേറ്റതാരം തരേമിയെ ബോക്സിനു പുറത്തേക്ക് ഓടിയിറങ്ങി മുട്ടുകൊണ്ട് മുഖത്തടിച്ചു വീഴ്ത്തിയതിനാണു വെയ്ൽസ് ഗോളിക്കു ചുവപ്പുകാർഡ് കിട്ടിയത്. പത്തുപേരായി ചുരുങ്ങിയതോടെ വെയ്ൽസിന് ഇറാന്റെ ചടുലമായ ആക്രമണത്തെ പ്രതിരോധിക്കാൻ കഴിഞ്ഞില്ല.
ഖത്തർ ലോകകപ്പിൽ ചുവപ്പ് കാർഡ് കാണുന്ന ആദ്യ താരമാണ് വെയ്ൽസ് ഗോളി വെയ്ൻ ഹെന്നെസി. എന്നാൽ, ലോകകപ്പിന്റെ ചരിത്രത്തിൽ ചുവപ്പ് കാർഡ് നേടുന്ന മൂന്നാമത്തെ ഗോൾകീപ്പറാണ് നോട്ടിങ്ങാം ഫോറസ്റ്റിന്റെ ഈ കീപ്പർ. ഇറ്റലിയുടെ ജിയാൻലൂക്ക പഗ്ലിയൂക്കയും ദക്ഷിണാഫ്രിക്കയുടെ ഇറ്റുമെലെങ് ഖുനെയുമാണ് ലോകകപ്പിൽ ചുവപ്പ് കണ്ട് മടങ്ങേണ്ടി വന്ന മറ്റ് രണ്ട് കീപ്പർമാർ. പഗ്ലിയൂക്ക 1998ലും ഖുനെ 2010ലും.
ലോകകപ്പിന്റെ ചരിത്രത്തിൽ ചുവപ്പ് കാർഡ് കണ്ട് പുറത്തായ ആദ്യ ഗോളി പഗ്ലിയൂക്കയാണ്. ന്യൂജെഴ്സിയിൽ നോർവെയ്ക്കെതിരേ നടന്ന മത്സരത്തിലായിരുന്നു പഗ്ലിയൂക്കയുടെ പിഴ. ഇരുപത്തിയൊന്നാം മിനിറ്റിൽ പന്തുമായി മുന്നേറിയ നോർവെയുടെ ഒയ്വിൻഡ് ലിയോൺഹാർഡ്സണെ ബോക്സിന്റെ പുറത്തിറങ്ങി സ്ലൈഡ് ചെയ്ത വീഴ്ത്തിയതിനാണ് പഗ്ലിയൂക്ക ഡയറക്ടർ ചുവപ്പ് വാങ്ങിയത്. ജയം അനിവാര്യമായ ഈ മത്സരത്തിൽ ലൂക്ക മാർഷെജ്യാനിയാണ് പകരമിറങ്ങിയത്.
ഇതിന് പകരമായി പിൻവലിക്കേണ്ടിവന്നതാവട്ടെ സൂപ്പർതാരം റോബർട്ടോ ബാജിയോയെയും. റോബർട്ടോ ബാജിയോയ്ക്ക് പകരം സ്ട്രൈക്കറുടെ വേഷമണിഞ്ഞ ഡീഗോ ബാജിയോ അറുപത്തിയൊൻപതാമത്തെ മിനിറ്റിൽ ഗോൾ നേടി ഇറ്റലിയുടെ ആയുസ്സ് നീട്ടിക്കൊടുത്തു. ഈയൊരൊറ്റ ജയം മാത്രം സ്വന്തമായ ഇറ്റലി ഗ്രൂപ്പ് ഇയിൽ മൂന്നാം സ്ഥാനക്കാരായാണ് ഫിനിഷ് ചെയ്തത്.
ഒടുവിൽ നാലാം സ്ഥാനക്കാർ തമ്മിലുള്ള മത്സരത്തിൽ നാലാമന്മാരായാണ് നോക്കൗട്ടിന് യോഗ്യത നേടിയത്. ഒടുവിൽ ഫൈനൽ വരെയെത്തിയ ഇറ്റലിയുടെ സ്വപ്നങ്ങൾ തകർത്തത് റോബർട്ടോ ബാജിയോയാണ്. പെനാൽറ്റി ഷൂട്ടൗട്ടിൽ അവസാന കിക്ക് ബാറിന് മുകളിലൂടെ പറത്തുകയായിരുന്നു ബാജിയേ.
2010ൽ ഗോൾ ഉറപ്പിച്ച് ഡ്രിബിൾ ചെയ്തുവരുന്ന യുറഗ്വായുടെ ലൂയിസ് സുവാരസിനെ പോസ്റ്റിന്റെ തൊട്ടുമുൻപിൽ വച്ച് വീഴ്ത്തിയതിനാണ് ഇറ്റുമെലെങ് ഖുനെ നേരിട്ട് ചുവപ്പ് കാർഡ് ഏറ്റുവാങ്ങിയത്. റഫറി മാസ്സിമോ ബുസാക്കയ്ക്ക് ചുവപ്പ് കാർഡ് പുറത്തെടുക്കാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. തുടർന്ന് ലഭിച്ച പെനാൽറ്റി കിക്ക് ഡീഗോ ഫോർലാൻ പകരക്കാരൻ ഗോളി മൊയ്നീബ് ജോസെഫ്സിനെ കബളിപ്പിച്ച് വലയിലാക്കുകയും ചെയ്തു. എന്നാൽ, ഖുനെയുടെ കാൽ തട്ടിയാണോ സുവാരസ് വീണതെന്ന സംശയം അന്നുതന്നെ പലരും ഉയർത്തിയിരുന്നു.
എന്തായാലും ഫോർലാന്റെ ഇരട്ടഗോളിന്റെ മികവിൽ യുറഗ്വായ് മടക്കമില്ലാത്ത മൂന്ന് ഗോളിന് ആതിഥേയരായ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി. ഫ്രാൻസിനെതിരായ അടുത്ത മത്സരത്തിൽ ഖുനേയ്ക്ക് കളിക്കാനായില്ല. അവർ ഒന്നിനെതിരേ രണ്ട് ഗോളുകൾക്ക് തോറ്റ് ഒന്നാം റൗണ്ടിൽ തന്നെ പുറത്താവുകയും ചെയ്തു.
സ്പോർട്സ് ഡെസ്ക്